Asianet News MalayalamAsianet News Malayalam

എല്ലാ ചോദ്യത്തിനും ബിജെപിക്ക് ആർട്ടിക്കിൾ 370 എന്ന ഒരുത്തരം മാത്രമാണെന്ന് കനയ്യാ കുമാർ

എന്ത് ചോദിച്ചാലും ഇപ്പോൾ ഒരേയൊരു ഉത്തരമാണ് കൊടുക്കുന്നത്. ആർട്ടിക്കിൾ 370. കർഷകർ എന്തുകൊണ്ടാണ് ആത്മഹത്യ ചെയ്യുന്നത് എന്നുചോദിച്ചാലും, രണ്ടുകോടി തൊഴിൽ എന്തേ ഉണ്ടാക്കിയില്ല എന്ന് ചോദിച്ചാലും അതുതന്നെ ഉത്തരം.

Article 370 can not be the answer for every issue says Kanhaiyya kumar
Author
Mumbai, First Published Oct 19, 2019, 7:20 PM IST

മുംബൈ: തെരഞ്ഞെടുപ്പടുത്തതോടെ മഹാരാഷ്ട്രയിൽ  കനയ്യകുമാറും പ്രചാരണത്തിന് എത്തിയിട്ടുണ്ട്. സയൺ-കോളിവാഡാ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന സിപിഐ സ്ഥാനാർഥി വിജയ് ദൽവിക്കുവേണ്ടി വോട്ടുചോദിക്കാനാണ് അദ്ദേഹം മുംബൈയിൽ എത്തിയത്.  ജനങ്ങളോട് വോട്ടുചെയ്യണം എന്ന് ആഹ്വാനം ചെയ്യാനാണ് താൻ വന്നതെന്ന് കനയ്യ പറഞ്ഞു.  ബിജെപി വര്ഷങ്ങളായി ജനങ്ങളുടെ മനസ്സിനെ മരവിപ്പിച്ചു വെച്ചിരിക്കുകയാണ്. ആർക്കു വേണമെങ്കിലും വോട്ടുചെയ്യാനുള്ള സ്വാതന്ത്ര്യം സംസ്ഥാനത്തെ ജനങ്ങൾക്കുണ്ട്. അത് ബുദ്ധിപൂർവം വിനിയോഗിക്കണം എന്നുമാത്രമാണ് തനിക്ക് പറയാനുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. 

തെരഞ്ഞെടുപ്പ് ഓരോ സംസ്ഥാനത്തും നിലവിലുള്ള അടിയന്തരശ്രദ്ധ ആവശ്യമുള്ള വിഷയങ്ങൾ ചർച്ചചെയ്യാനുള്ള അവസരമാണ്. എന്നാൽ, ആ വിഷയങ്ങൾ തെരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ ഉയർത്തിക്കൊണ്ടുവരണം. ബിജെപിയോട് ഇപ്പോൾ  എന്ത് ചോദിച്ചാലും ഇപ്പോൾ ഒരേയൊരു ഉത്തരമാണ് കൊടുക്കുന്നത്. ആർട്ടിക്കിൾ 370. കർഷകർ എന്തുകൊണ്ടാണ് ആത്മഹത്യ ചെയ്യുന്നത് എന്നുചോദിച്ചാൽ ബിജെപിയുടെ ഉത്തരം 370 എന്നാണ്. രണ്ടുകോടി തൊഴിൽ എന്തേ ഉണ്ടാക്കിയില്ല എന്ന് ചോദിച്ചാലും അതുതന്നെ ഉത്തരം. പതിനഞ്ചുലക്ഷം എന്തേ ഞങ്ങളുടെ അക്കൗണ്ടിൽ വന്നില്ല എന്ന് ചോദിച്ചാലും ബിജെപിക്ക് 370  എന്ന ഒരുത്തരം മാത്രമേ വോട്ടർമാരോട് പറയാനുള്ളൂ എന്ന് കനയ്യ പരിഹാസരൂപേണ പറഞ്ഞു. 

യഥാർത്ഥ പ്രശ്നങ്ങളെ ജനങ്ങൾക്ക് മുന്നിൽ ചർച്ചയ്ക്ക് വെക്കാൻ ബിജെപി മടിക്കുന്നതായി അദ്ദേഹം ആരോപിച്ചു. ഈ തെരഞ്ഞെടുപ്പിൽ പുതിയ ഒരു തന്ത്രമാണ് ബിജെപി പുറത്തെടുത്തിരിക്കുന്നത്. ജയിച്ചു വന്നാൽ സവർക്കർക്ക് ഭാരത് രത്ന കൊടുക്കാം എന്നാണ് വാഗ്ദാനം. കഴിഞ്ഞ അഞ്ചാറു വർഷമായി ബിജെപി തന്നെയല്ലായിരുന്നോ കേന്ദ്രത്തിൽ ഭരിച്ചിരുന്നത്. ഇഷ്ടമുള്ളവർക്കൊക്കെ ഭാരത രത്നം കൊടുക്കുക തന്നെയാണല്ലോ ചെയ്തുകൊണ്ടിരിക്കുന്നതും. ഇപ്പോൾ ഈ മഹാരാഷ്ട്രാ തെരഞ്ഞെടുപ്പിൽ വന്നു പ്രചാരണം നടത്തുമ്പോൾ സവർക്കർ ഭാരത രത്ന എന്നൊക്കെ പറയുന്നത് എന്തിനാണ്..? കനയ്യ കുമാർ ചോദിച്ചു. മറ്റുള്ള വിഷയങ്ങളെ ഒക്കെ വിഴുങ്ങാനുള്ള ഒരു വിഷയമായാണ് ഈ ഭാരതരത്നം എടുത്തിട്ടിരിക്കുന്നത്, അദ്ദേഹം പറഞ്ഞു. 

ഭഗത് സിങ്ങ്, ഗാന്ധിജി, അംബേദ്‌കർ എന്നൊക്കെ നാഴികയ്ക്ക് നാല്പതുവട്ടം ഉരുക്കഴിക്കുകയല്ല വേണ്ടത്, അവരുടെ ജീവിതം കൊണ്ട് അവർ കാണിച്ചുതന്ന തത്വശാസ്ത്രങ്ങളെ ഏകരൂപത്തിലാക്കി സ്വന്തം ജീവിതത്തിലേക്കും പകർത്തുകയാണ് വേണ്ടത് എന്നും കനയ്യ ബിബിസിയോട് പറഞ്ഞു. ബിജെപിക്കെതിരെ ഒരു ഐക്യമുന്നണി രൂപപ്പെടേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നും കനയ്യ കുമാർ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios