പിന്നീട് രാത്രിയിൽ, കെജ്‌രിവാളും അദ്ദേഹത്തിന്റെ പാർട്ടി സഹപ്രവർത്തകരും ഓട്ടോ ഡ്രൈവറുടെ വീട്ടിൽ അത്താഴം കഴിക്കാനെത്തി. 

അടുത്ത വർഷം പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാർട്ടി അവരുടെ രാഷ്ട്രീയ പ്രചാരണം ശക്തമാക്കുകയാണ്. തിങ്കളാഴ്ച പഞ്ചാബിൽ എത്തിയ ആം ആദ്മി പാർട്ടി(Aam Aadmi Party) നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ(Arvind Kejriwal) ലുധിയാനയിലെ ഓട്ടോ ഡ്രൈവർമാരുടെ(Ludhiana Auto Drivers) യോഗത്തിൽ പങ്കെടുത്തിരുന്നു. "ഞാൻ നിങ്ങളുടെ സഹോദരനെ പോലെയാണ്. എന്ത് പ്രശ്‌നമുണ്ടായാലും നിങ്ങൾക്ക് എന്റെ അടുത്തേയ്ക്ക് വരാം. നിങ്ങളുടെ ഓട്ടോ കേടായാൽ പോലും" സമ്മേളനത്തിൽ അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു. തന്റെ പ്രസംഗത്തിലൂടെ അദ്ദേഹം സദസ്സിനെ കൈയിലെടുത്തു. തുടർന്ന് ഓട്ടോ ഡ്രൈവർമാരിൽ ഒരാൾ അദ്ദേഹത്തെ വീട്ടിലേയ്ക്ക് ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് അദ്ദേഹം ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു.

ഓട്ടോ ഡ്രൈവറായ ദിലീപ് തിവാരിയാണ് അദ്ദേഹത്തെ ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് ക്ഷണിച്ചത്. "ഞാൻ നിങ്ങളുടെ ഒരു വലിയ ആരാധകനാണ്. ഞാനൊരു ഓട്ടോക്കാരനാണ്. താങ്കൾ ഓട്ടോ ഡ്രൈവർമാരെ സഹായിക്കുന്നു. ഈ പാവപ്പെട്ട ഓട്ടോക്കാരന്റെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ താങ്കൾ വരുമോ? ഞാൻ ഹൃദയത്തിൽ നിന്നാണ് അങ്ങയെ ക്ഷണിക്കുന്നത്" ചോദ്യോത്തര വേളയിൽ മൈക്ക് എടുത്ത് തിവാരി പറഞ്ഞു. ഇത് കേട്ട് സദസ്സ് കൈയ്യടിച്ചു. തുടർന്ന് കെജ്‌രിവാളിന്റെ മറുപടിക്കായി എല്ലാവരും കാതോർത്തു. "തീർച്ചയായും, ഇന്ന് രാത്രി?" കെജ്‌രിവാളിന്റെ പ്രതികരണം കേട്ടതോടെ സദസ്സ് ഇളകി മറിഞ്ഞു. കെജ്രിവാൾ സിന്ദാബാദ് എന്ന മുദ്രാവാക്യം ഹാളിൽ ഉയർന്നു.

Scroll to load tweet…

പിന്നീട് രാത്രിയിൽ, കെജ്‌രിവാളും അദ്ദേഹത്തിന്റെ പാർട്ടി സഹപ്രവർത്തകരും ഓട്ടോ ഡ്രൈവറുടെ വീട്ടിൽ അത്താഴം കഴിക്കാനെത്തി. "ദിലീപ് തിവാരി ഇന്ന് അത്താഴത്തിന് ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചു. അദ്ദേഹത്തിന്റെ കുടുംബം ഞങ്ങളോട് വളരെയധികം സ്നേഹത്തോടെയാണ് പെരുമാറിയത്. ഭക്ഷണം വളരെ രുചികരമായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ കുടുംബത്തെ ദില്ലിയിലെ എന്റെ വീട്ടിലേയ്ക്ക് ഭക്ഷണം കഴിക്കാൻ ക്ഷണിച്ചിട്ടുണ്ട്" അത്താഴത്തിന് ശേഷം കെജ്‌രിവാൾ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ആ ട്വീറ്റ് ഇതിനകം തന്നെ വൈറലാണ്.