താജ് ഹോട്ടലിൽ നടന്ന തീവ്രവാദ ആക്രമണത്തിൽ എൻഎസ്ജി കമാൻഡോകൾ പ്രതിരോധത്തിനിറങ്ങി എന്ന് കേട്ടപ്പോൾ മുതൽ ധനലക്ഷ്മി ഉണ്ണികൃഷ്ണൻ എന്ന അമ്മയുടെ നെഞ്ചിൽ തീയായിരുന്നു. അവരുടെ മകൻ, സന്ദീപ് ഉണ്ണികൃഷ്ണൻ എൻഎസ്ജിയിലെ മേജറാണ്.26-ന്  രാത്രിയും കൂടി അവർ മകനോട് സംസാരിച്ച് ഫോൺ വെച്ചതേ ഉണ്ടായിരുന്നുള്ളൂ. ദില്ലിയിലായിരുന്നു സന്ദീപ് അപ്പോൾ. മഹാരാഷ്ട്രാ എടിഎസ് ചീഫ് ഹേമന്ത് കർക്കരെ അടക്കമുള്ള പലരുടെയും മരണത്തെപ്പറ്റി സന്ദീപ് അച്ഛനോട് പറഞ്ഞു. എന്നാൽ ഒരു കാര്യം സന്ദീപ് പറയാൻ പോയില്ല. അടുത്ത ദിവസം രാവിലെ താനും തന്റെ ടീമും കൂടി മുംബൈയിലേക്ക് പറക്കുകയാണ് എന്നകാര്യം. പാവം അച്ഛനും അമ്മയും അതുകേട്ട് ടെൻഷനടിക്കും എന്ന് ആയ മകൻ കരുതിക്കാണും. അത് തങ്ങളുടെ മകനോടുള്ള അവസാന ഫോൺ സംഭാഷണമാകുമെന്ന് അപ്പോൾ ആ മാതാപിതാക്കൾ കരുതിയിരുന്നില്ല. എന്തായാലും ഫോൺ വെച്ച നിമിഷം മുതൽ വാർത്താചാനൽ തന്നെയാണ് ആ വീട്ടിലെ ടിവിയിൽ നിർത്താതെ വെച്ചിരുന്നത്.

ടെൻഷൻ അടക്കിപ്പിടിച്ചു കൊണ്ട് അവർ ബാംഗ്ലൂർ യെഹലങ്കയിലെ തന്റെ ഫ്ലാറ്റിൽ അസ്വസ്ഥയായി നേരം കഴിച്ചു. 28  നവംബർ 2008. അന്നൊരു വെള്ളിയാഴ്ചദിവസമായിരുന്നു. രാജ്യത്തെ വാർത്താചാനലുകൾ ഒന്നില്ലാതെ ആ സമയം മുംബൈ കൊളാബയിലെ താജ് പാലസ് ഹോട്ടലിലേക്ക് കാമറകളും തിരിച്ചുവെച്ചുകൊണ്ട് തത്സമയ സംപ്രേഷണത്തിലായിരുന്നു. അമ്മയുടെ മകൻ ആ കെട്ടിടത്തിനകത്തേക്ക് പ്രവേശിച്ചിട്ടുണ്ട് എന്നവർക്ക് അറിയില്ലായിരുന്നു. ഈ ബഹളമൊക്കെ കഴിഞ്ഞ് അടുത്തമാസം മകൻ അവധിക്കു വന്നിട്ടുവേണമായിരുന്നു ആ അമ്മയ്ക്ക് ആദ്യം സൈക്കിളും, പിന്നെ സ്‌കൂട്ടറും പഠിക്കാൻ. അതിനു വേണ്ടി ദിവസങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു അവർ.

അപ്രതീക്ഷിതമായി ചാനലിൽ ഒരു ബ്രേക്കിംഗ് ന്യൂസ് പോയി. "ഹോട്ടൽ താജ് മഹൽ പാലസിൽ നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടലിൽ എൻഎസ്ജിയുടെ ഒരു മേജർക്ക് വീരമൃത്യു. ഈ ധീരസൈനികന്റെ പേര്, മേജർ സന്ദീപ് ഉണ്ണി.." ഉള്ളിൽ വല്ലാത്തൊരു ആന്തലോടെ ധനലക്ഷ്മി അടുക്കളയിൽ നിന്ന് സ്വീകരണമുറിയിലേക്ക് ഓടിവന്നു. നേരം ഉച്ചയോടടുത്തിരുന്നു. അവർ അടുക്കളയിൽ സാമ്പാറുണ്ടാക്കുകയായിരുന്നു. അതിനകം സ്ക്രോളറിൽ മകന്റെ പേരുകണ്ട ഉണ്ണികൃഷ്ണൻ എന്ന സന്ദീപിന്റെ അച്ഛൻ അപ്പോൾ ദില്ലിയിലെ എൻഎസ്ജി കമാൻഡ് ഓഫീസിലേക്ക് വിളിച്ച് വിവരം കൺഫേം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. അവിടെ നിന്ന് ആ വിവരം ഉറപ്പിച്ചു. റിസീവർ ക്രാഡിലിൽ വെച്ച്, ഉണ്ണികൃഷ്ണൻ തൊട്ടരികിൽ നിന്ന ധനലക്ഷ്മിയുടെ ചുമലിൽ പിടിച്ചു. അവർക്ക് കാര്യം മനസ്സിലായി. ആ അമ്മയുടെ കണ്ണിൽ ഇരുട്ടുകയറി. അവർക്ക് പിന്നെ പിടിച്ചുനിൽക്കാനായില്ല. അവർ ബോധരഹിതയായി നിലംപതിച്ചു.

ബോധം വന്നപ്പോൾ ഉണ്ണികൃഷ്ണൻ തന്നാലാവുന്നത്ര മയത്തിൽ ആ അമ്മയെ തന്റെ മകന്റെ വിയോഗവർത്തമാനം അറിയിക്കാൻ ശ്രമിച്ചു. അതവർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. സ്വന്തം ഭർത്താവിന്റെ നെഞ്ചിൽ ആഞ്ഞിടിച്ചുകൊണ്ട് അവർ അലറിക്കരഞ്ഞു. " എന്റെ മോന് എങ്ങനെ.. ഇല്ല.. സത്യമാവില്ല.." അവർ മനസ്സിൽ പറഞ്ഞു. അടുപ്പത്ത് സാമ്പാർ തിളച്ചുമറിയുന്നുണ്ടായിരുന്നു. അതേപ്പറ്റി ധനലക്ഷ്മി പാടെ മറന്നുപോയിരുന്നു. മകൻ മരിച്ചുപോയിരുന്നു എന്ന സത്യം അവർക്ക് വീണ്ടും ഓർമവന്നു. പിന്നെ ഇരുന്നിട്ട് ഇരിപ്പുറച്ചില്ല. ആ അമ്മ സങ്കടം സഹിയാതെ വീടിന്റെ വാതിൽ വലിച്ചുതുറന്ന് പുറത്തേക്കിറങ്ങിയോടി. ചെരുപ്പിടാതെ.. തെരുവിന്റെ അങ്ങേയറ്റത്തോളം, ഏകദേശം പത്തുനൂറുമീറ്റർ ഓടിച്ചെന്നെത്തിയപ്പോഴേക്കും അവർ വീണ്ടും മോഹാലസ്യപ്പെട്ടുവീണു. 

 

 

അവർ തീർത്തും ബോധരഹിതയായിരുന്നില്ല. മകൻ മരിച്ചുപോയി എന്ന ബോധ്യം ഇടക്കിടക്ക് അവരുടെ നെഞ്ചിൽ ഒരു വെള്ളിടിപോലെ വന്നു പതിച്ചുകൊണ്ടിരുന്നു. ചെറുപ്പത്തിൽ തന്നെ മരിച്ചുപോകുമെന്ന് സന്ദീപ് ഇടയ്ക്കിടെ കളിയായി പറഞ്ഞിരുന്നു തന്നോട് എന്നും അവർ അപ്പോൾ ഓർത്തു. ഒരുവട്ടമല്ല, പലവട്ടം. " ഞാനെങ്ങാനും ഓപ്പറേഷനിടെ മരിച്ചുപോയാൽ പിന്നെ അമ്മയേം അച്ഛനേം നോക്കാൻ ഇഷ്ടം പോലെ പിള്ളേർ ഉണ്ടാവുമമ്മേ.." എന്നായിരുന്നു സന്ദീപ് പറഞ്ഞത്. മകന്റെ ആ കളിവാക്കുകൾ അറം പറ്റിയ പോലെ..! ചെറുപ്പം മുതലേ സന്ദീപ് മറ്റുള്ളവരിൽ നിന്നൊക്കെ വ്യത്യസ്തനായിരുന്നു. ജീവിച്ചിരുന്ന കാലമത്രയും ആർക്കും എന്തുസഹായവും ചെയ്യാൻ യാതൊരുമടിയുമില്ലാത്തവൻ, മറ്റുള്ളവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരിച്ചുപോവുന്നത് സ്വാഭാവികതയല്ലെങ്കിൽ മറ്റെന്താണ്..?

ആ അമ്മയുടെ മകൻ. മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ എന്ന നാഷണൽ സെക്യൂരിറ്റി ഗാർഡ്‌സ് ബ്ലാക്ക് കാറ്റ് കമാൻഡോ, തന്റെ ജീവൻ നഷ്ടപ്പെടുത്തിയത്, 2008  നവംബർ 26-ന്  തുടങ്ങിയ മുംബൈ ഭീകരാക്രമണത്തിനിടെ ഹോട്ടൽ താജ് മഹൽ പാലസ് എന്ന പഞ്ചനക്ഷത്രഹോട്ടലിൽ ആക്രമിച്ച നാല് ചാവേർ തീവ്രവാദികളെ അവിടെ നിന്ന് തുരത്താനും, അതിഥികളുടെ ജീവൻ രക്ഷിച്ചെടുക്കാനുമുള്ള ശ്രമത്തിനിടെയാണ്. മരിക്കും മുമ്പ് പതിനാലു ബന്ദികളെ തീവ്രവാദികളിൽ നിന്ന് മോചിപ്പിക്കാൻ സന്ദീപിന് കഴിഞ്ഞു. " Don't come up, I'll handle them" എന്നായിരുന്നു റേഡിയോയിൽ മുഴങ്ങിയ സന്ദീപിന്റെ അവസാന സന്ദേശം.

തീവ്രവാദികളുമായുള്ള പോരാട്ടത്തിനിടെ സന്ദീപിന്റെ ഒരു സംഘാംഗത്തിന് ഗുരുതരമായ പരിക്കേൽക്കുന്നു. ആ കമാൻഡോയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സന്ദീപിന് വലതുകൈക്ക് വെടിയേൽക്കുന്നത്. കൈക്കേറ്റ പരിക്ക് വകവെക്കാതെ പോരാട്ടം തുടർന്ന സന്ദീപ് അവസാന ശ്വാസം വരേയ്ക്കും തീവ്രവാദികളോട് എതിരിട്ടു. ഒടുവിൽ ആ ധീരനായ കമാൻഡോ മരണത്തിന് കീഴടങ്ങി.

മകൻ കൊല്ലപ്പെട്ട് അധികനാൾ കഴിയാതെ തന്നെ ആ അച്ഛനുമമ്മയും ഒരു തീർത്ഥയാത്രക്ക് പോയി. അമ്പലങ്ങളിലേക്കൊന്നുമല്ല. തങ്ങളുടെ കണ്മുന്നിലൂടെ പ്രിയപ്പെട്ട മകൻ നടന്നുപോയ വഴികളിലൂടെ. സന്ദീപ് പതിനാലുകൊല്ലം കളിച്ചുനടന്ന, പഠിച്ചുവളർന്ന ബാംഗ്ലൂരിലെ ഫ്രാങ്ക് ആന്റണി പബ്ലിക് സ്‌കൂളിലേക്ക്. അവിടെ അവന്റെ ക്‌ളാസിൽ അവനിരുന്ന ബെഞ്ചിൽ അവർ പോയിരുന്നു. ആ ബെഞ്ചുകളിൽ അവൻ അവശേഷിപ്പിച്ചിട്ടുപോയ  വിരൽപ്പാടുകൾ തിരഞ്ഞു. അവനെ പഠിപ്പിച്ച അധ്യാപകരെക്കണ്ടു. മോനെപ്പറ്റിയുള്ള അവരുടെ ഓർമകൾക്ക് കാതോർത്തു. മനേസറിലെ എൻഎസ്ജി ആസ്ഥാനത്ത് മകൻ, തന്റെ മരണദൗത്യമായിപ്പോയ 'ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ'യ്ക്ക് പുറപ്പെടും മുമ്പ് വെടിപ്പാക്കി വെച്ച്, പൂട്ടിപ്പോന്ന അവന്റെ മുറിയിൽ അവർ ചെന്നിരുന്നു. ആ മുറിയിൽ അപ്പോഴും തങ്ങിനിന്ന മകന്റെ ഗന്ധമവർ നാസാരന്ധ്രങ്ങളിലേക്ക് വലിച്ചെടുത്തു.

പിന്നെയവർ പോയത് മുംബൈ കൊളാബയിലെ താജ് പാലസ് ഹോട്ടലിലേക്കാണ്. തങ്ങളുടെ മകൻ ഏത് സാഹചര്യത്തിൽ കൃത്യമായി എവിടെ വെച്ചാണ് മരിച്ചത് എന്നവർക്ക് അറിയണമായിരുന്നു. അവിടം കാണണമായിരുന്നു. നവംബർ 28-ലെ പകലിൽ സന്ദീപ് ഉണ്ണികൃഷ്ണൻ മരിച്ചു മരവിച്ചുകിടന്ന താജ് പാലസിലെ പാം ലോഞ്ചിൽ അവരെത്തി. അവിടെയിരുന്നുകൊണ്ട്, അവരിരുവരും അവരിരുവരും കണ്ണുകൾ ഇറക്കിപ്പൂട്ടിക്കൊണ്ട് തങ്ങളുടെ മകന്റെ യാത്രയിലെ ഓരോ നിമിഷവും ഓർത്തെടുക്കാൻ ശ്രമിച്ചു. അച്ഛന്റെ കയ്യിലേക്ക് പെറ്റിട്ടുകൊടുത്ത നിമിഷം മുതൽ, മലർന്നുകിടന്ന് കൈകാലിട്ടടിച്ച മകൻ, കമിഴ്ന്നുവീണ്, മുട്ടിലിഴഞ്ഞ്, എഴുന്നേറ്റു പിച്ചവെച്ച്, വീണ്ടും വീണ്, ഒടുവിൽ വളർന്നു വലിയ കുട്ടിയായി, കൗമാരയൗവ്വനങ്ങൾ പിന്നിട്ട്, ആശിച്ചുമോഹിച്ച എൻഎസ്ജി ജോലിയും നേടി തങ്ങളെ വിട്ടു ദൂരേക്ക് പോയത്. ഒടുവിൽ, അത്രയും കാലം തങ്ങൾ പകർന്നുകൊടുത്ത സ്നേഹവും, അറിവും, വിദ്യാഭ്യാസവും എല്ലാം കയ്യിലേന്തി ആ ഹോട്ടലിന്റെ ലോബിയിലേക്ക് മരണത്തെപ്പുൽകാൻ വേണ്ടി നടന്നുകേറിയത്. ഒക്കെ ആ ദമ്പതികൾ പരസ്പരം കൈകോർത്തുപിടിച്ചിരുന്നുകൊണ്ട് തങ്ങളുടെ ഉൾക്കണ്ണിൽ കണ്ടു, കണ്ണീർവാർത്തു.

അങ്ങനെ ഒരു തീരുമാനമെടുത്തത് സന്ദീപ് മരിച്ച മൂന്നാം നാളായിരുന്നു. ഇനിയെന്ത് എന്ന് പകച്ചുനിന്നു ദിനാനന്തങ്ങളിൽ ഒന്നിൽ, ധനലക്ഷ്മിയാണ് പറഞ്ഞത്, നമുക്ക് സന്ദീപിനെ കാണാൻ പോകണമെന്ന്. മകന്റെ ചിതാഭസ്മവും  കയ്യിലേന്തിയാണ് അവർ മകന്റെ കാല്പാടുകൾ തിരഞ്ഞുള്ള യാത്രക്ക് പുറപ്പെട്ടത്. അവൻ പരിചയിച്ച ലോകങ്ങളിലേക്ക് വീണ്ടുമൊരു തീർത്ഥയാത്രക്കിറങ്ങിയത്.

ഡിസംബർ ആറിനാണ് അവരുടെ യാത്ര തുടങ്ങിയത്. ബാംഗ്ലൂരിലെ സ്‌കൂളിൽ സന്ദീപിന്റെ ഓർമയിൽ അസംബ്ലിയിലെ കുട്ടികൾ മുഴുവൻ നമ്രശിരസ്കരായി ഒരു നിമിഷം മൗനമായി നിന്നു. അവിടെ നിന്ന് നേരെ മനേസറിലെ എൻഎസ്ജി ആസ്ഥാനത്തേക്ക്. അവിടെ ഓസ്കർ സ്ക്വാഡ്രൻറെ ആറാം നമ്പർ മുറിയിലേക്ക്. അവിടെയാണ് സന്ദീപ് 94 ആം ബാച്ചിൽ ഒളിമ്പ്യൻ കേഡറ്റായി ഉണ്ടായിരുന്നത്. അതും കഴിഞ്ഞാണ് അവർ താജിലേക്ക് പോകുന്നത്.

എൻഎസ്ജിയുടെ 51 സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പിലെ, ബ്ലാക്ക് കാറ്റ്സിലെ, അംഗമായിരുന്നു മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. കാശ്മീരിൽ മൂന്ന് ദൗത്യങ്ങൾ പൂർത്തിയാക്കിയ ആ ധീരസൈനികൻ സിയാച്ചിനിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. സന്ദീപ് അതിനകം തന്നെ ഒരു ഇൻസ്ട്രക്ടർ റോളിൽ എത്തിയിട്ടുണ്ടായിരുന്നു. എന്നിട്ടും അവസാന ദൗത്യത്തിന് ആരൊക്കെ പോരുന്നുണ്ട് എന്ന് ചോദിച്ചപ്പോൾ ആദ്യം കൈപൊക്കി സംഘത്തിന്റെ ഭാഗമായത് മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ തന്നെയായിരുന്നു.താജ് പാലസിൽ നടത്തിയ പോരാട്ടത്തിൽ ജീവത്യാഗം ചെയ്തും പ്രവർത്തിച്ച ധീരതയുടെ പേരിൽ രാഷ്ട്രം മേജർ ഉണ്ണികൃഷ്ണനെ മരണാനന്തരം അശോകചക്ര നൽകി ആദരിച്ചു. അന്ന് താജ് പാലസിലെ സ്യൂട്ടുകളിൽ നിന്ന് സന്ദീപ് രക്ഷിച്ച പലരും, തങ്ങൾക്കുവേണ്ടി ജീവൻ രക്ഷിച്ച ആ ധീരസൈനികന്റെ അച്ഛനമ്മമാരെ ഉറ്റബന്ധുക്കളെപ്പോലെയാണ് ഇന്ന് പരിഗണിക്കുന്നത്. അവരോടൊക്കെ ഇടപഴകുന്നത്, തങ്ങളുടെ മകന്റെ അവസാന നിമിഷങ്ങളെക്കുറിച്ചറിയുന്നത് ഒക്കെ അവരുടെ ജീവിതത്തിൽ ഇന്നും വെളിച്ചം കെടാതെ കാക്കുന്നു.