പ്രമുഖ കമ്പനിയുടെ ഓൺലൈൻ ഇന്റർവ്യൂവിൽ നേരിട്ട അപമാനകരമായ അനുഭവം വെളിപ്പെടുത്തി ഏഴ് വർഷം എക്സ്പീരിയന്‍സുള്ള ഒരു ചാർട്ടേഡ് അക്കൗണ്ടന്റ്. കൈകൾ ഉയർത്തിപ്പിടിക്കാനും കണ്ണടച്ച് മറുപടി നൽകാനും നിർബന്ധിച്ചുവെന്നും യുവാവ്.
ഒരു പ്രമുഖ ഇന്റർനാഷണൽ കമ്പനിയുടെ ഡിജിറ്റൽ സർവീസ് വിഭാഗത്തിൽ ഇന്റർവ്യൂവിനിടെ തന്നോട് വിചിത്രവും അപമാനകരവുമായ രീതിയിൽ പെരുമാറിയതിന്റെ അനുഭവം വെളിപ്പെടുത്തി ഉദ്യോഗാർത്ഥി. ഏഴ് വർഷത്തെ പ്രവൃത്തിപരിചയമുള്ള, ഭാഗികമായി യോഗ്യത നേടിയ ഒരു ചാർട്ടേഡ് അക്കൗണ്ടന്റാണ് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയത്. ഇന്റർവ്യൂവിനിടെ എഐ ടെക്നോളജി ഉപയോഗിച്ച് കോപ്പിയടിച്ചെന്ന് ആരോപിച്ച് കമ്പനി യുവാവിനെ പുറത്താക്കുകയായിരുന്നു. '7 വർഷത്തിന് ശേഷമുള്ള ഇന്റർവ്യൂ അനുഭവം; ക്യാമറയ്ക്ക് മുന്നിൽ കൈകൾ ഉയർത്തിപ്പിടിക്കാൻ അവർ ആവശ്യപ്പെട്ടു' എന്ന തലക്കെട്ടോടെ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

രണ്ട് പേരടങ്ങുന്ന പാനലായിരുന്നു ഓൺലൈൻ വഴി ഇന്റർവ്യൂ നടത്തിയിരുന്നത്. ഇന്റർവ്യൂ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ കൈകൾ ക്യാമറയ്ക്ക് മുന്നിൽ കാണത്തക്കവിധം ഉയർത്തിപ്പിടിക്കാൻ ഉദ്യോഗാർത്ഥിയോട് ആവശ്യപ്പെട്ടു. തുടർന്ന്, കൈകൾ എങ്ങാനും മാറ്റിയാൽ ഇന്റർവ്യൂ അവിടെവെച്ച് നിർത്തുമെന്നും അവസരം റദ്ദാക്കുമെന്നും മുന്നറിയിപ്പ് നൽകി. ഇതോടെ പ്രശ്നങ്ങൾ ഒഴിവാക്കാൻ യുവാവ് കൈകൾ കൂപ്പിപ്പിടിച്ച് 'നമസ്തേ' രൂപത്തിൽ ഇരിക്കുകയായിരുന്നു. എന്നാൽ ക്രൂരത അവിടെയും തീർന്നില്ല. ചോദ്യങ്ങൾ ചോദിച്ച രണ്ടാമത്തെ ഇന്റർവ്യൂവർ, മറുപടി പറയുന്ന സമയം മുഴുവൻ കണ്ണുകൾ അടച്ചുപിടിക്കണമെന്ന വിചിത്രമായ ഉത്തരവാണ് നൽകിയത്.
'അതോടെ എന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ടു. തുടർച്ചയായി 20 മിനിറ്റോളം ഞാൻ കൈകൾ കൂപ്പിപ്പിടിച്ചാണ് ഇരുന്നത്. ആരെങ്കിലും പെട്ടെന്ന് മുറിയിലേക്ക് വന്നാൽ, ഞാൻ ടാബ്‌ലെറ്റിന് മുന്നിലിരുന്ന് പ്രാർത്ഥിക്കുകയോ മന്ത്രം ചൊല്ലുകയോ ആണെന്നേ കരുതു' എന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. മനംമടുത്ത ഉദ്യോഗാർത്ഥി പിന്നീട് ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത് അവസാനിപ്പിച്ചു. എന്നാൽ ഇന്റർവ്യൂവിന്റെ ഒടുവിൽ, ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഉദ്യോഗാർത്ഥി 'ഏജന്റിക് എഐ' ഉപയോഗിച്ചതായി തങ്ങളുടെ പ്രോക്ടറിങ് സോഫ്റ്റ്‌വെയർ കണ്ടെത്തിയെന്ന് പാനൽ അറിയിക്കുകയായിരുന്നു.
തൊഴിൽപരമായ സത്യസന്ധതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന ആളാണ് താനെന്നും, കമ്പനിയുടെ തകരാറിലായ സോഫ്റ്റ്‌വെയർ കാരണമാണ് താൻ കുറ്റക്കാരനായതെന്നും യുവാവ് പറയുന്നു. പ്രമുഖ മൾട്ടി നാഷണൽ കമ്പനികളിലെ ഇത്തരം ബഹുമാനമില്ലാത്ത ഇന്റർവ്യൂ രീതികൾക്കെതിരെ കടുത്ത അമർഷമാണ് പോസ്റ്റിൽ രേഖപ്പെടുത്തിയത്.
പോസ്റ്റ് വൈറലായതോടെ കമ്പനിക്കെതിരെ കടുത്ത വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. ഇത്തരം ഒരു കമ്പനിയിൽ ജോലി ലഭിക്കാതിരുന്നതാണ് നല്ലതെന്നും, തുടക്കത്തിൽ തന്നെ ഇതൊരു 'റെഡ് ഫ്ലാഗ്' ആയി കണ്ട് രക്ഷപ്പെടാൻ സാധിച്ചതിൽ സന്തോഷിക്കണമെന്നും ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.
