അവര്‍ നാലു പേരായിരുന്നു. അച്ഛന്‍ മുഹമ്മദ് നൂര്‍ ഹുസൈന് 34 വയസ്സ്. അമ്മ സെഹ്‌റാ ബീഗം 26 കാരി. പിന്നെ അഞ്ചും ഏഴും വയസ്സുള്ള രണ്ടു മക്കളും. അസമില്‍ ജനിച്ചുവളര്‍ന്ന അവരെല്ലാവരും ഇന്നലെ വരെ ഡിറ്റന്‍ഷന്‍ സെന്ററിലായിരുന്നു. വലിയ മതില്‍ക്കെട്ടിനകത്തെ ഇടുങ്ങിയ സെല്ലായിരുന്നു ഒന്നര വര്‍ഷമായി അവരുടെ ലോകം. പൗരത്വ രജിസ്റ്ററിനെ തുടര്‍ന്നാണ്, ബംഗ്ലാദേശികള്‍ എന്നു മുദ്രകുത്തി സര്‍ക്കാര്‍ അവരെ ഡിറ്റന്‍ഷന്‍ സെന്ററിലടച്ചത്. 

എന്നാല്‍, ഇന്നലെ അവരെ മോചിപ്പിച്ചു. അവര്‍ ബംഗ്ലാദേശികളല്ല, ശരിക്കും ഇന്ത്യക്കാരാണ് എന്ന് ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ പുനര്‍വിചാരണയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മോചനം. ഇതിനിടയില്‍ അവര്‍ ജയിലില്‍ കഴിഞ്ഞത് ഒന്നര വര്‍ഷമാണ്. വെറുതെ ഒരു ജയില്‍വാസമായിരുന്നില്ല അത്. അതൊരു വെറും ജയില്‍മോചനവുമായിരുന്നില്ല. മോചനത്തിനൊപ്പം, ഇന്ത്യന്‍ പൗരത്വം കൂടിയാണ് അവര്‍ക്ക് ഉറപ്പായത്. 

'ഞങ്ങള്‍ ഇന്ത്യക്കാരാണ്. അസംകാരാണ്. അവര്‍ ഞങ്ങളെ ബംഗ്ലാദേശികളെന്ന് തെറ്റായി മുദ്രകുത്തി. നിയമവിരുദ്ധമായി അതിര്‍ത്തി മുറിച്ചു കടന്ന് എന്നാണ് കുറ്റം ചുമത്തിയത്. അതെങ്ങനെ നടക്കും? ഞാനിവിടെ പിറന്നവനാണ്'- ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഗുവാഹത്തിയില്‍ റിക്ഷാവലിക്കാരനായി ജോലി നോക്കിയിരുന്ന മുഹമ്മദ് നൂര്‍ ഹുസൈന്‍ പറഞ്ഞു. അസമിലെ ഉദല്‍ഗുരി ജില്ലയിലെ ലോദാംഗ് ഗ്രാമവാസിയാണ് നൂര്‍. 

ഇന്ത്യ മുഴുവന്‍ ഇളകിമറിഞ്ഞ പൗരത്വ നിയമ ബഹളത്തിനിടയിലായിരുന്നു അവര്‍ ജയിലിലായത്. പൗരത്വം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയില്ല എന്നു പറഞ്ഞാണ് പൊലീസ് അവരെ അറസ്റ്റ് ചെയ്ത് ഡിറ്റന്‍ഷന്‍ സെന്ററില്‍ അടച്ചത്. രേഖകളില്ലാതെ ജയിലിലായ മറ്റനേകം പേര്‍ക്കൊപ്പം അവരുടെ കേസും ട്രിബ്യൂണല്‍ പരിഗണിക്കുകയായിരുന്നു. 

 

 

ആവശ്യമുള്ള രേഖകളൊക്കെ ഉണ്ടായിരുന്നു അവര്‍ക്ക്. നൂറിന്റെ മുത്തച്ഛനും മുത്തശ്ശിയും 1951-ലെ ദേശീയ പൗരത്വ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. പിതാവിന്റെയും  മുത്തച്ഛന്റെയും മുത്തശ്ശിയുടെയും പേരുകള്‍ 1965-ലെ വോട്ടര്‍ പട്ടികയിലും ഉള്‍പ്പെട്ടു. നൂറിന്റെ ഭാര്യ സെഹറാ ബീഗത്തിന്റെ പിതാവും 1951-ലെ ദേശീയ പൗരത്വ പട്ടികയിലും  1965-ലെ വോട്ടര്‍ പട്ടികയിലും ഉള്‍പ്പെട്ടു. 1958-59 കാലത്തെ ഭൂമി രേഖകളും 
ഇവര്‍ക്കുണ്ടായിരുന്നു. 1971 മാര്‍ച്ച് 24 ആയിരുന്നു അസമിലെ പൗരത്വ നിര്‍ണയത്തിലെ കട്ട് ഓഫ് ഡേറ്റ്. 

എന്നാല്‍, 2017-ല്‍ ഇവരുടെ പൗരത്വക്കാര്യം അന്വേഷിച്ച പൊലീസുകാര്‍ ഇവയൊന്നുപോലും പരിഗണിച്ചേയില്ല. ആഗസ്ത് മാസം സെഹറാ ബീഗം ഇന്ത്യന്‍ പൗരയല്ലെന്ന് കാണിച്ച് പൊലീസ് റിപ്പോര്‍ട്ട് നല്‍കി. പിറ്റേവര്‍ഷം ജനുവരിയില്‍ നൂര്‍ നിയമവിരുദ്ധ വിദേശിയാണെന്ന് കാണിച്ചും റിപ്പോര്‍ട്ട് നല്‍കി.

'ഞങ്ങളാകെ അന്തംവിട്ടുപോയി. കൈയിലെ രേഖകളൊന്നും അവര്‍ക്ക് വേണ്ടെങ്കില്‍ പിന്നെന്ത് ചെയ്യും? എന്ത് രേഖ കൊടുക്കും''-നൂര്‍ ആ ദിവസങ്ങളെക്കുറിച്ച് പറയുന്നു.

നിരാശനായെങ്കിലും, നൂര്‍ ഒരു അഭിഭാഷകനെ സംഘടിപ്പിച്ചു. ആദ്യ ഗഡുവായി നാലായിരം രൂപ കൊടുത്തു. എന്നാല്‍, അഭിഭാഷക സഹായമൊന്നുമില്ലാതെയാണ് സെഹ്‌റാ ബീഗം ട്രിബ്യൂണലില്‍ എത്തിയത്. അതിനിടെ, ട്രിബ്യൂണല്‍ ഹിയറിംഗുകള്‍ക്ക് തുടര്‍ച്ചയായി ഹാജരാവാത്തതിനാല്‍, നൂര്‍ അഭിഭാഷകനെ പിന്നെ ഒഴിവാക്കി.

വക്കീല്‍ ഫീസൊന്നും നല്‍കാന്‍ നൂറിന് കഴിയില്ല എന്നായിരുന്നു അഭിഭാഷകന്റെ പറച്ചില്‍. ''ഗുവാഹത്തി വിട്ട് എങ്ങോട്ടെങ്കിലും ഓടിപ്പോയ്‌ക്കോ എന്നായിരുന്നു അയാളുടെ അഭിപ്രായം. അങ്ങനെ ചെയ്താല്‍ പൊലീസ് പിടിക്കാതെ നോക്കാമെന്ന്. ഞാനെവിടെ പോവാനാണ്? എന്തിന് ഒളിച്ചോടണം? ഞാനെന്ത് തെറ്റാണ് ചെയ്തത്?''-നൂര്‍ പറയുന്നു.

2018 മെയ് 29-ന് സെഹ്‌റാ ബീഗം ഇന്ത്യക്കാരിയല്ല എന്ന് ട്രിബ്യൂണല്‍ വിധിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് 30 -ന് നൂറിന്റെ കാര്യത്തിലും സമാന വിധി വന്നു. ഫോറിനേഴ്‌സ് ആക്ട് പ്രകാരം, ഒരാളുടെ പൗരത്വം തെളിയിക്കേണ്ട ബാധ്യത അയാള്‍ക്ക് മാത്രമാണ്. അങ്ങനെ, 2019 ജൂണ്‍ മാസം ഇരുവരും അറസ്റ്റിലായി. അവരെ ഗോല്‍പറ ഡിറ്റന്‍ഷന്‍ സെന്ററില്‍ അടച്ചു. അതോടെ ലോകം അവര്‍ക്കു മുന്നില്‍ വലിയ മതില്‍ക്കെട്ടായി. 

ബന്ധുക്കളൊക്കെ നാട്ടിലായിരുന്നു. അതിനാല്‍, കുട്ടികളെ നോക്കാന്‍ ആരുമുണ്ടായില്ല. അതിനാല്‍, അഞ്ചും ഏഴും വയസ്സുള്ള കുട്ടികളെ അവര്‍ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് കൂട്ടി. മൂത്ത മകന്‍ ഷാജഹാന്‍ അതിനകം സ്‌കൂളില്‍നിന്നും പുറത്തായിരുന്നു. ''ജയിലില്‍ വെച്ച് കുട്ടികള്‍ എപ്പോഴും വീട്ടിലേക്ക് തിരിച്ചുപോവണമെന്ന് പറഞ്ഞുകൊണ്ടേയിരുന്നു.''-സെഹ്‌റാ ബീഗം പറയുന്നു. 

ഇതിനിടെ, ബന്ധുക്കളില്‍ ചിലര്‍ ഗുവാഹത്തിയിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ അമന്‍ വദൂദ് എന്ന അഭിഭാഷകനെ സമീപിച്ചു. അഭിഭാഷകരായ സയ്യിദ് ബുര്‍ഹാനുര്‍ റഹ്മാന്‍, സാക്കിര്‍ ഹുസൈന്‍ എന്നിവര്‍ക്കൊപ്പം അദ്ദേഹം ഗുവാഹത്തി ഹൈക്കോടതിയെയും പിന്നീട് ട്രിബ്യൂണലിനെയും സമീപിച്ചു. അങ്ങനെയാണ് മോചനത്തിന് വഴിയൊരുങ്ങിയത്. 

''ഇന്ത്യക്കാരല്ല എന്നു പറഞ്ഞ് ജയിലിലാവുന്നവരില്‍ മിക്കവര്‍ക്കും അഭിഭാഷകരെ കിട്ടാറില്ല. അഭിഭാഷകരെ വെക്കാനുള്ള വകയില്ലാത്തതിനാലാണ് പല ഇന്ത്യക്കാരും എവിടെയുമല്ലാത്ത അവസ്ഥയിലാവുന്നത്''-ഇവരുടെ മോചനത്തിന് വഴിയൊരുക്കിയ അഭിഭാഷകനായ അമന്‍ വദൂദ് പറയന്നു.