കനേഡിയന്‍ മിലിറ്ററി കോളേജില്‍ കഴിഞ്ഞ വര്‍ഷം നാലിലൊന്ന് സ്ത്രീകള്‍ ശാരീരികചൂഷണം നേരിടേണ്ടി വന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോര്‍ട്ട്. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് സര്‍വേയില്‍ പങ്കെടുത്ത 28 ശതമാനം വിദ്യാര്‍ത്ഥിനികളും ക്യാമ്പസില്‍ പഠിക്കുന്ന കാലത്ത് ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ്. അനുവാദമില്ലാത്ത, തെറ്റായ രീതിയിലുള്ള സ്പര്‍ശനമാണ് മിക്കവാറും നേരിടേണ്ടി വരുന്ന ശാരീരികാതിക്രമമെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.  

കനേഡിയന്‍ മിലിറ്ററി കോളേജിലെ ലിംഗവിവേചനങ്ങളിലേക്കും ചൂഷണങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നതാണ് പുറത്തുവന്നിരിക്കുന്ന ഈ റിപ്പോര്‍ട്ട്. ഈ മിലിറ്ററി കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവോട് കൂടി പോസ്റ്റ്സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനുള്ള സൌകര്യമുണ്ട്. അതുപോലെതന്നെ കനേഡിയന്‍ സായുധ സേനയിലേക്കുള്ള സേവനത്തിനായുള്ള പരിശീലനവും ഇവിടെ നല്‍കി വരുന്നു. കാനഡയില്‍ രണ്ട് മിലിറ്ററി കോളേജുകളാണുള്ളത്, കിങ്സ്റ്റണിലുള്ള റോയല്‍ മിലിറ്ററി കോളേജ്, സെന്‍റ് ജീന്‍ മിലിറ്ററി കോളേജ് എന്നിവയാണിവ. സാധാരണയായി രാജ്യത്തുള്ള പോസ്റ്റ് സെക്കന്‍ഡറി സ്ഥാപനങ്ങളേക്കാള്‍ പുരുഷാധിപത്യവും ചൂഷണവും കൂടിയ കോളേജുകളാണ് കനേഡിയന്‍ മിലിറ്ററി കോളേജുകള്‍ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പഠനപ്രകാരം, ഈ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ് എന്നാണ് പറയുന്നത്. 

2018 അവസാനത്തോടെ രണ്ട് മിലിട്ടറി കോളേജുകളിലേതിലെങ്കിലുമൊന്നില്‍ പഠിച്ച 512 വിദ്യാർത്ഥികളാണ് സർവേയിൽ പങ്കെടുത്തത്. 38 പേജുകളുള്ള പഠനറിപ്പോര്‍ട്ടാണ് തയ്യാറാക്കിയിരിക്കുന്നത്. എല്ലാ വിദ്യാർത്ഥികളിലും മൂന്നിൽ രണ്ട് ഭാഗവും (പുരുഷനും സ്ത്രീയും) - കഴിഞ്ഞ വർഷം ലൈംഗികാതിക്രമത്തിന് സാക്ഷ്യം വഹിക്കുകയോ അത് അനുഭവിക്കുകയോ ചെയ്തുവെന്ന് പറഞ്ഞു. പുരുഷന്മാരെ അപേക്ഷിച്ച് കോളേജുകളിൽ പഠിക്കുന്ന സ്ത്രീകളിൽ പകുതിയിലധികം പേരും അനാവശ്യ ലൈംഗിക പെരുമാറ്റം അനുഭവിക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. തങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്നത് തികച്ചും കുറ്റകരമായ കാര്യമാണ് എന്നും സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകള്‍ പറയുന്നു.

ലൈംഗികപരാമര്‍ശം നിറഞ്ഞ തമാശകള്‍, ലൈംഗികജീവിതത്തെ കുറിച്ചുള്ള സംഭാഷണങ്ങള്‍, കമന്‍റുകള്‍, ലൈംഗികചുവയുള്ള സംസാരം, വേഷത്തെയും ശരീരത്തെയും കുറിച്ചുള്ള മോശമായ അഭിപ്രായപ്രകടനങ്ങള്‍ എന്നിവയെല്ലാം ഇതില്‍ പെടുന്നു. 33 ശതമാനം സ്ത്രീകളും 13 ശതമാനം പുരുഷന്മാരും ഇതില്‍ ഏതെങ്കിലും നേരിടേണ്ടി വന്നവരാണ് എന്ന് റിപ്പോര്‍ട്ട് പറയുന്നു. കുറ്റവാളികളിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണെന്നും പുരുഷന്മാർ അനാവശ്യ പെരുമാറ്റങ്ങൾ നടത്തുന്നുവെന്നും റിപ്പോർട്ടിൽ കണ്ടെത്തി. മിക്ക അനാവശ്യ സംസാരങ്ങളും പ്രകടനങ്ങളും ലൈംഗിക ചൂഷണങ്ങളും വിവേചനപരമായ പെരുമാറ്റങ്ങളും നടക്കുന്നത് കാമ്പസിലോ അല്ലെങ്കിൽ ഓഫ്-കാമ്പസ് റെസ്റ്റോറന്റിലോ ബാറിലോ ആണ്. 

ഭിന്നശേഷിക്കാരോ,  LGBTQ  വിദ്യാര്‍ത്ഥികളോ കൂടുതലായി ചൂഷണം ചെയ്യപ്പെടുന്നുണ്ട്. മറ്റു വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച് പകുതിയോളം ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളും 60 ശതമാനത്തിലധികം  LGBTQ  വിദ്യാര്‍ത്ഥികളും 12 മാസത്തിനുള്ളില്‍ ഇത്തരം ചൂഷണങ്ങള്‍ക്ക് വിധേയരാക്കപ്പെട്ടിട്ടുണ്ട്. പഠനത്തിലെ കണ്ടെത്തലുകള്‍ക്ക് പുറമെ ക്യാമ്പസ് സുരക്ഷിതമാണെന്ന തോന്നലുണ്ട് എന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. എവിടെനിന്ന് സഹായം കിട്ടുമെന്ന് അറിയാമെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കുന്നു. എങ്കിലും എവിടെയെങ്കിലും അനാവശ്യമായ പെരുമാറ്റങ്ങള്‍ നടന്നാല്‍ അങ്ങോട്ട് കടന്നു ചെല്ലാതിരിക്കുക എന്നതാണ് മിക്കവരും ചെയ്യുന്നത്. 'പോസ്റ്റ്സെക്കണ്ടറി വിദ്യാര്‍ത്ഥികളില്‍ ചൂഷണത്തിനോ തെറ്റായ പെരുമാറ്റങ്ങൾക്കോ സാക്ഷ്യം വഹിച്ച പല വിദ്യാർത്ഥികളും അത് അനുഭവിച്ചവരെ സഹായിക്കാൻ ഇടപെട്ടില്ല, കാരണം അവർക്ക് ഈ സാഹചര്യത്തിന്‍റെ ഗൗരവം മനസിലാവാത്തതുകൊണ്ടാണ്' എന്നും റിപ്പോർട്ട് ഉപസംഹരിക്കുന്നു.

നേരത്തെ തന്നെ കനേഡിയന്‍ മിലിറ്ററി കോളേജുകളില്‍ വിദ്യാര്‍ത്ഥിനികള്‍ ചൂഷണത്തിനിരയാവുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. എങ്കിലും അതിന് വേണ്ടത്ര പ്രാധാന്യം ലഭിക്കുകയോ അത് പരിഹരിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ പലരും പ്രതികരിക്കുന്നത്. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട് വ്യാഴാഴ്ച പുറത്തുവിട്ടതിന് ശേഷം, പ്രതിരോധ മന്ത്രി ഹർജിത് സഞ്ജൻ, സ്ഥിതിയെക്കുറിച്ച് വളരെയധികം ആശങ്കാകുലനാണെന്ന് പ്രതികരിച്ചു. “ലൈംഗിക ദുരുപയോഗത്തിന്റെയോ വിവേചനത്തിന്റെയോ ഒരു ഉദാഹരണം പോലും വളരെയധികം വലുതായിട്ടാണ് കാണുന്നത്. അത് പൂർണ്ണമായും അസ്വീകാര്യമാണ്, ഞങ്ങളുടെ സ്ഥാപനങ്ങളിലോ രാജ്യത്തിലോ ചൂഷണത്തിന് സ്ഥാനമില്ല. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാവർക്കുമായി സുരക്ഷിതവും സമഗ്രവുമാണെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും ഞങ്ങൾ സ്വീകരിക്കും. ” എന്ന് മന്ത്രി പ്രതികരിച്ചതായി huffingtonpost.ca എഴുതുന്നു. സൈന്യത്തിൽ ലൈംഗിക ദുരുപയോഗം അനുവദിക്കില്ലെന്ന് കനേഡിയൻ സായുധസേനയും പ്രസ്താവനയില്‍ പറഞ്ഞു. കോളേജുകളില്‍ അത്തരം പ്രശ്‌നങ്ങളുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്നും അത് പരിഹരിക്കാനുള്ള വഴികൾ സേന അന്വേഷിക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

(ചിത്രം ഫയല്‍ ചിത്രം, കനേഡിയന്‍ പ്രസ്)