സഭയില്‍നിന്നും പുറത്താക്കാനുള്ള നടപടികള്‍ക്കിടെ, ആരോപണ വിധേയനായ പുരോഹിതന്‍ ബിഷപ്പുമാര്‍ക്കെതിരെ ആസിഡ് ആക്രമണം നടത്തി

ഏതന്‍സ്: സഭയില്‍നിന്നും പുറത്താക്കാനുള്ള നടപടികള്‍ക്കിടെ, ആരോപണ വിധേയനായ പുരോഹിതന്‍ ബിഷപ്പുമാര്‍ക്കെതിരെ ആസിഡ് ആക്രമണം നടത്തി. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയിലാണ്, ഏഴ് ബിഷപ്പുമാര്‍ക്കെതിരെ ആസിഡ് ആക്രമണം നടന്നത്. മൂന്ന് ബിഷപ്പുമാര്‍ മുഖത്ത് സാരമായ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇവരെ സഹായിക്കാനെത്തിയ ഒരു ഗാര്‍ഡിനും സാരമായി പൊള്ളലേറ്റു. ഇേദ്ദഹവും ആശുപത്രിയിലാണ്. ആക്രമണം നടത്തിയ പുരോഹിതനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 

സഭയിലെ ഒരു പുരോഹിതന് എതിരെ മയക്കുമരുന്ന് കടത്ത് ആരോപണം ഉയര്‍ന്നിരുന്നു. 2018-ല്‍ ഇദ്ദേഹത്തിന്റെ കൈയില്‍നിന്നും കൊക്കെയിന്‍ പിടിച്ചെടുത്തിരുന്നു. 36-കാരനായ ഈ പുരോഹിതന്‍ മയക്കുമരുന്ന് കടത്തുകാരുമായി ബന്ധപ്പെട്ടുവെന്നും ആരോപണം ഉയര്‍ന്നു. തുടര്‍ന്ന്, ഇദ്ദേഹത്തെ സഭയില്‍നിന്നും പുറത്താക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ബിഷപ്പുമാരുടെ മുന്‍കൈയില്‍ ഇന്നലെ ഉച്ചയ്ക്കു ശേഷം തെളിവെടുപ്പ് വെച്ചിരുന്നു. അവിടെ വെച്ചാണ്, ആരോപണവിധേയനായ പുരോഹിതന്‍ ബിഷപ്പുമാരുടെ ദേഹത്തേക്ക് ആസിഡ് ഒഴിച്ചത്.

മധ്യ ഏതന്‍സിലെ പെട്രാകി മൊണാസ്ട്രിയിലാണ് പുരോഹിതനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട ഹിയറിംഗ് നടന്നത്. ഏഴ് ബിഷപ്പുമാരാണ് ഇവിടെ തെളിവെടുപ്പിന് എത്തിയത്. ഇവിടേക്കാണ്, ആസിഡ് നിറച്ച കുപ്പികളുമായി പുരോഹിതന്‍ എത്തിയത്. ഇവിടെ വെച്ച്, ബിഷപ്പുമാരുടെ ദേഹത്തേക്ക് ഇദ്ദേഹം ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പുരോഹിതനെ തടയാന്‍ ശ്രമിച്ച മൊണാസ്ട്രിയിലെ ഗാര്‍ഡിനു നേര്‍ക്കും ആക്രമണമുണ്ടായി. ദേഹത്ത് ആസിഡ് വീണ് പൊള്ളലേറ്റ ഗാര്‍ഡിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഗ്രീക്ക് ആരോഗ്യ മന്ത്രി വാസിലിസ് കികിലിയാസ് പരിക്കേറ്റ ബിഷപ്പുമാരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. സംഭവത്തില്‍ ഗ്രീക്ക് പ്രസിഡന്റ് കാതറിന സാകലറോപൗലോ നടുക്കം രേഖപ്പെടുത്തി. പരിക്കേറ്റ ബിഷപ്പുമാര്‍ക്ക് ഏറ്റവും മികച്ച വൈദ്യ സഹായം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി കിരിയാകോസ് മിത്‌സോതാകിസ് സഭാ അധ്യക്ഷനെ അറിയിച്ചു.