Asianet News MalayalamAsianet News Malayalam

അരുത്, കുഞ്ഞുങ്ങളോട് ഇത്തരം ക്രൂരതകള്‍; അവര്‍ക്കുമുണ്ട് അവകാശങ്ങള്‍

 ആവശ്യമുള്ള സമയത്ത്, അധികം ശബ്ദം ഉയർത്താതെ തന്നെ ശാസനകൾ കൊടുക്കാം. കാര്യങ്ങൾ വ്യക്തമായും, കൃത്യമായും കുട്ടികളോട് പറയണം. കുട്ടികളോട് അലറി വിളിച്ചു കാര്യങ്ങൾ പറയരുത്. 

attack on children and childrens rights
Author
Thiruvananthapuram, First Published Mar 31, 2019, 1:39 PM IST

തൊടുപുഴയിലെ കുട്ടിയോട് കാണിച്ച ക്രൂരത കേട്ട് രോഷം തോന്നാത്തവർ ആരും തന്നെ ഉണ്ടാവില്ല. ഏറ്റവും കൂടുതൽ ബാല പീഡനങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.‘കുട്ടികളെ അടിക്കാമോ', എന്ന ചോദ്യം ചോദിച്ചാൽ പലരും,  'കുറ്റം കാണിച്ചാൽ പിന്നെ അടിക്കാതെ പറ്റുമോ?' എന്ന ഉത്തരമാവും വരിക. എന്റെയൊക്ക ചെറുപ്പത്തിൽ സുഹൃത്തുക്കൾ പലരും ക്രൂരമായ ശിക്ഷാ വിധികൾക്ക് വിധേയമാക്കപ്പെട്ടവർ ആണ്. അന്നൊക്കെ എണ്ണ തൂത്തു വച്ചിരിക്കുന്ന ചൂരൽ വടികൾ മിക്കവാറും എല്ലാ വീടുകളുടെയും ഉത്തരത്തിൽ ഉണ്ടായിരുന്നു. കുട്ടികൾക്കും ഉണ്ട് അവകാശങ്ങൾ, അവർക്കുമുണ്ട് ആത്മാഭിമാനം. അച്ചടക്ക ലംഘനം കാണിച്ചാൽ ശിക്ഷിക്കാതെ പറ്റില്ലല്ലോ?

attack on children and childrens rights

അപ്പോൾ, കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാതെ എങ്ങിനെ ശിക്ഷിക്കാം എന്ന് നോക്കാം.

1. അച്ചടക്കത്തെ ക്കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകൾ കുട്ടികളോട് മുൻകൂറായി പറയാം. വീട്ടിൽ ഒരു 'കുടുംബം അച്ചടക്ക നിയമാവലി' കുട്ടികൾക്കായി ഉണ്ടാക്കാം.

2. തെറ്റുകൾ കാണിച്ചാലുള്ള പരിണിതഫലത്തെപ്പറ്റി ഇടയ്ക്ക് ഓർമ്മിപ്പിക്കാം. ഉദാഹരണത്തിന്, ഹോം വർക്ക് ഇത്ര സമയത്തിനു മുൻപേ പൂർത്തിയാക്കിയില്ലെങ്കിൽ, ആ ദിവസം ടീവി അല്ലെങ്കിൽ entertainment -നായുള്ള ഒരു ഉപാധികളും ഉപയോഗിക്കാൻ അനുവദിക്കില്ല എന്ന് പറയാം. ഇത് കൃത്യമായി പാലിക്കുകയും വേണം.

ഈ വർഷത്തെ സ്കൂൾ ടൂർ പോകാൻ നിനക്ക് അനുവാദം ഇല്ല

3. നല്ല പെരുമാറ്റങ്ങൾക്ക് പാരിതോഷികങ്ങൾ കൊടുക്കാം. എന്റെ ഒരു സുഹൃത്ത്, ഡയാന, മകൾക്ക് ഓരോ നല്ല കാര്യങ്ങൾ ചെയുമ്പോളും ഓരോ പോയിന്റുകൾ കൊടുക്കും. നൂറു പോയിന്റ് ആകുമ്പോൾ ഒരു ചെറിയ ടോയ് അല്ലെങ്കിൽ ഇഷ്ടമുള്ള സ്വീറ്റ് ഇവ കൊടുക്കും. എന്തെങ്കിലും അച്ചടക്ക ലംഘനം കാണിച്ചാൽ പത്തു പോയിന്റ് ഒറ്റയടിക്കു പോകും. ഇങ്ങനെയാകുമ്പോൾ കുട്ടികൾ തനിയെ ഉത്തരവാദിത്വ ബോധം ഉള്ളവരും, അച്ചടക്കം ലംഘിക്കാൻ ഇഷ്ടപ്പെടാത്തവരും ആകും.

4. കുട്ടികൾ ചെയ്യുന്ന നല്ല കാര്യങ്ങളെ പുകഴ്ത്തി പറയാം. "ഇന്ന്, ഇളയമ്മ വീട്ടിൽ വന്നപ്പോൾ, നിന്റെ പെരുമാറ്റം തീർത്തും ഊഷ്മളം ആയിരുന്നു." അല്ലെങ്കിൽ ഒരു കളിയിൽ ജയിച്ചാൽ "നീ മകൾ/മകൻ ആയതിൽ അഭിമാനിക്കുന്നു" എന്ന് പറയാം.

5. ആവശ്യമുള്ള സമയത്ത്, അധികം ശബ്ദം ഉയർത്താതെ തന്നെ ശാസനകൾ കൊടുക്കാം. കാര്യങ്ങൾ വ്യക്തമായും, കൃത്യമായും കുട്ടികളോട് പറയണം. കുട്ടികളോട് അലറി വിളിച്ചു കാര്യങ്ങൾ പറയരുത്. 

6. കുറ്റങ്ങളുടെ തീവ്രത അനുസരിച്ചു ശിക്ഷകളും വിധിക്കാം, വലിയ ഒരു തെറ്റു ചെയ്തെങ്കിൽ, "ഈ വർഷത്തെ സ്കൂൾ ടൂർ പോകാൻ നിനക്ക് അനുവാദം ഇല്ല. ഇനിയും ഇതേപോലെ ആവർത്തിക്കാതെ ഇരുന്നാൽ അടുത്തവർഷം നിനക്കു പോകാം" എന്ന് പറയാം.

7. തെറ്റുകൾ ആവർത്തിച്ചാൽ ശിക്ഷയുടെ കാഠിന്യം കൂട്ടാം.

8. വളരെ ചെറുപ്പത്തിൽ തന്നെ, അച്ചടക്കത്തിന്റെ പാഠങ്ങൾ പറഞ്ഞു കൊടുക്കുക. തെറ്റിച്ചാലുള്ള പരിണിത ഫലങ്ങളും പറയുക.

9. വളരെ ഫലപ്രദമായി തോന്നിയിട്ടുള്ള ഒരു കാര്യമാണ് "ടൈം ഔട്ട്." അതായത് ഒരു തെറ്റു ചെയ്താൽ, ഉദാഹരണത്തിന്, ഡൈനിങ്ങ് റൂമിൽക്കൂടി നടന്നുപോയ അനിയത്തിയെ കാൽ ഇടയിൽ ഇട്ടു വീഴിച്ച ചേട്ടന്, അര മണിക്കൂർ "ടൈം ഔട്ട്" കൊടുക്കാം. "ടൈം ഔട്ട്" എന്നാൽ ഒന്നും ചെയ്യാതെ, അനങ്ങാതെ ഒരു മൂലയിൽ ഇരിക്കുന്നതാണ്. നിസാരമായി തോന്നാമെങ്കിലും, കുട്ടികൾക്ക് അര മണിക്കൂർ ഒന്നും ചെയ്യാതെ ഇരിക്കുക എന്നാൽ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. തെറ്റിന്റെ ഗൗരവം അനുസരിച്ചു, "ടൈം ഔട്ട്" -ന്റെ സമയം അഞ്ചു മിനുട്ടു മുതൽ ഒരു മണിക്കൂർ വരെ ആക്കാം. പാശ്ചാത്യ രാജ്യങ്ങളിൽ ഒക്കെ വളരെ ഫലപ്രദമായി കുട്ടികളെ ശിക്ഷിക്കാൻ "ടൈം ഔട്ട്" ഉപയോഗിക്കാറുണ്ട്. മുതിർന്ന കുട്ടികൾ (ടീൻ ഏജ്) ആണെങ്കിൽ, ഇത്ര സമയം 'ഫോൺ' 'ഇന്‍റര്‍നെറ്റ്' ഉപയോഗിക്കാൻ പറ്റില്ല എന്ന് നിർദ്ദേശിക്കാം.

എല്ലാത്തരം ശാരീരിക പീഡനങ്ങളും വീടുകളിലും, സ്കൂളുകളിലും നിരോധിക്കണം

10. ഏറ്റവും പ്രധാനമായത്, പഠന വൈകല്യങ്ങളോ, മറ്റു മാനസിക ആരോഗ്യ പ്രശ്നങ്ങളോ ഉള്ള കുട്ടികൾക്ക് ഇവയൊന്നും പ്രായോഗികം ആകില്ല അങ്ങനെയുള്ളപ്പോൾ വിദഗ്ധ സഹായം തേടണം.

യുനെസ്കോ -യുടെ റിപ്പോര്‍ട്ടിൽ പറയുന്നത്, കുട്ടികളിൽ അച്ചടക്കത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കുന്ന എല്ലാത്തരം ശാരീരിക പീഡനങ്ങളും വീടുകളിലും, സ്കൂളുകളിലും നിരോധിക്കണം എന്നാണ്. ഇവ മനുഷ്യാവകാശ ലംഘനമാണ്, കൂടാതെ ഇവ വിപരീതഫലം ഉളവാക്കുന്നവയും, നിരര്‍ത്ഥകം ആയതും, കുട്ടികളിൽ ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കുന്നവയും ആണ് എന്നാണ്. അപ്പോൾ ആ ചൂരൽ വടി കളയാം. കുട്ടികളുടെ ബാല്യം മധുരതരമാകണം. അച്ചടക്കം ഉണ്ടാവാൻ വടി കൊണ്ട് അടിക്കേണ്ട കാര്യമില്ല.

Follow Us:
Download App:
  • android
  • ios