വിവാഹസമയത്ത് അവർക്ക് ഏകദേശം 15 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. വിവാഹജീവിതത്തിൽ അവർ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നതായും പറയുന്നു. 

വിസ്കോൺസിനിൽ നിന്നും 60 വർഷങ്ങൾക്ക് മുമ്പ് കണാതായ സ്ത്രീയെ ഒടുവിൽ ജീവനോടെ കണ്ടെത്തി. 1962 ജൂലൈയിൽ 20 വയസ്സുള്ളപ്പോഴാണ് ഓഡ്രി ബാക്ക്ബർഗിനെ കാണാതായത്. ഇപ്പോൾ അവർക്ക് 82 വയസ് ആയെങ്കിലും അവർ ആരോ​ഗ്യത്തോടെയാണ് ഇരിക്കുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു. 

അടുത്തിടെ നടത്തിയ അന്വേഷണത്തിലാണ് സ്റ്റേറ്റിന് പുറത്ത് താമസിക്കുന്ന ഓഡ്രിയെ ആറ് പതിറ്റാണ്ടുകൾക്ക് ശേഷം കണ്ടെത്തിയത്. സൗക്ക് കൗണ്ടി ഷെരീഫ് ഓഫീസ് ഒരു പത്രക്കുറിപ്പിലാണ് ഇവരെ കണ്ടെത്തിയ കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ, അവരെ എവിടെ വച്ചാണ് കണ്ടെത്തിയതെന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഓഡ്രി എന്തെങ്കിലും അപകടത്തിൽ പെട്ടതോ, ആരെങ്കിലും അവരെ തട്ടിക്കൊണ്ടുപോയതോ ഒന്നുമല്ല. മറിച്ച് അവർ സ്വന്തം തീരുമാനപ്രകാരമാണ് ഇറങ്ങിപ്പോയത് എന്നാണ് പൊലീസ് പറയുന്നത്. 

അന്ന് രണ്ട് കുട്ടികളുടെ അമ്മയായിരുന്ന ഓഡ്രി 1962 ജൂലൈ 7 -ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ദി ഗാർഡിയനിലെ ഒരു റിപ്പോർട്ട് പ്രകാരം, അവരുടെ ബേബി സിറ്റർ പറഞ്ഞത് ഓഡ്രി ആദ്യം വിസ്കോൺസിനിലെ മാഡിസണിലേക്ക് പോയി എന്നും അവിടെ നിന്നും ഇന്ത്യാനയിലെ ഇന്ത്യാനാപോളിസിലേക്കുള്ള ബസ് കയറി എന്നുമാണ്. ബസ് സ്റ്റോപ്പിൽ നിന്നും നടന്നകലുന്നതായിട്ടാണ് അവസാനമായി ഓഡ്രിയെ കണ്ടത് എന്നും ബേബി സിറ്റർ പറഞ്ഞു. 

കാണാതായവരെ കണ്ടെത്തുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ചാർലി പ്രോജക്റ്റ്, നേരത്തെ തന്നെ ഓഡ്രിയെ കുറിച്ചുള്ള ചില വിവരങ്ങളെല്ലാം പങ്കുവച്ചിരുന്നു. അവരുടെ കണ്ടെത്തലുകളായിരുന്നു അതിലുണ്ടായിരുന്നത്. റൊണാൾഡ് ബാക്ക്ബർഗിനെ 
അവർ വിവാഹം കഴിക്കുന്നത് തീരെ ചെറിയ പ്രായത്തിലാണ്. വിവാഹസമയത്ത് അവർക്ക് ഏകദേശം 15 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. വിവാഹജീവിതത്തിൽ അവർ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നതായും പറയുന്നു. 

കാണാതായ സമയത്ത് അവർ ഭർത്താവിനെതിരെ ഒരു പരാതിയും നൽകിയിട്ടുണ്ടായിരുന്നു. തന്നെ ഉപദ്രവിക്കുന്നു എന്ന് കാണിച്ചായിരുന്നു അത്. അന്ന് ഒരു കമ്പിളി മില്ലിൽ ജോലി ചെയ്തിരുന്ന ഓഡ്രിയെ ശമ്പളം വാങ്ങാൻ പോകുന്ന വഴിയാണ് കാണാതായത്. 

എന്തായാലും, അടുത്തിടെ പരിഹരിക്കപ്പെടാതെ കിടക്കുന്ന കേസുകളിൽ പലതും തുടരന്വേഷണം തുടങ്ങിയപ്പോൾ അക്കൂട്ടത്തിൽ ഓഡ്രിയുടെ കേസും പരി​ഗണിച്ചിരുന്നു. പൊലീസ് പറയുന്നത് ഓഡ്രിയെ കണ്ടെത്തിയപ്പോൾ അവർ സന്തോഷത്തോടെയാണ് പ്രതികരിച്ചത് എന്നാണ്. അന്ന് ഇറങ്ങിപ്പോന്നതിൽ അവർക്ക് ഒട്ടും കുറ്റബോധമില്ലെന്ന് അറിയിച്ചതായും പൊലീസ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം