Asianet News MalayalamAsianet News Malayalam

'വെള്ളംകുടി അമിതമാവുന്നു', ഓസ്‌ട്രേലിയ കൊന്നുതള്ളാൻ പോവുന്നത് 10,000 ഒട്ടകങ്ങളെ

കാട്ടുതീ കെടുത്താൻ വേണ്ടിവന്നേക്കാവുന്ന വെള്ളം മുഴുവനും ഈ ഒട്ടകങ്ങൾ കുടിച്ചു വറ്റിച്ചു കളയുന്നു എന്നാണ് ഗോത്രവർഗ നേതാക്കൾ ആരോപിക്കുന്നത്.

Australia to cull tens of thousands of feral camels as shortage of water looms while fighting bush fires
Author
Australia, First Published Jan 8, 2020, 5:10 PM IST

ഓസ്‌ട്രേലിയ എന്ന ഭൂഖണ്ഡം മുഴുവനും തന്നെ ഇന്ന് കാട്ടുതീയുടെ ധൃതരാഷ്ട്രാലിംഗനത്തിലാണ്. പതിനായിരക്കണക്കിന് അഗ്നിശമന സേനാംഗങ്ങൾ 12 മണിക്കൂർ വീതമുള്ള ഷിഫ്റ്റുകളിൽ, വെള്ളം ചീറ്റിച്ചുകൊണ്ട് കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഈ പെരുംതീ ഒന്നണയ്ക്കാൻ. തീയണക്കാൻ ഇനിയും ദിവസങ്ങൾ ഏറെ എടുത്തേക്കാം എന്നും അത്രയും നാൾ ഉപയോഗിക്കാൻ വേണ്ടത്ര വെള്ളം ലഭ്യമല്ല എന്നുമാണ് പ്രദേശത്തെ ഗോത്രവർഗ നേതാക്കൾ പറയുന്നത്. അതിന് അവർ കണ്ടെത്തിയിരിക്കുന്ന പരിഹാരമെന്തെന്നോ? ഉത്തരപൂർവ ഓസ്‌ട്രേലിയയിൽ യഥേഷ്ടം വിഹരിച്ചുകൊണ്ടിരിക്കുന്ന പതിനായിരത്തോളം വരുന്ന കാട്ട് ഒട്ടകങ്ങളെ, ഹെലികോപ്റ്ററിൽ വേട്ടക്കാരെ തോക്കും കൊടുത്ത് പറഞ്ഞയച്ച്, വെടിവെച്ചു കൊന്നൊടുക്കുക. കാട്ടുതീ കെടുത്താൻ വേണ്ടിവന്നേക്കാവുന്ന വെള്ളം മുഴുവനും ഈ ഒട്ടകങ്ങൾ കുടിച്ചു വറ്റിച്ചു കളയുന്നു എന്നാണ് ഗോത്രവർഗ നേതാക്കൾ ആരോപിക്കുന്നത്.

Australia to cull tens of thousands of feral camels as shortage of water looms while fighting bush fires

ഓസ്‌ട്രേലിയയിലെ കാട്ട് ഒട്ടകങ്ങളുടെ ആകെ എണ്ണമെടുത്താൽ അത് ഏകദേശം പന്ത്രണ്ടു ലക്ഷത്തോളം വരും. 33 ലക്ഷം സ്‌ക്വയർഫീറ്റ് വരുന്ന സമതലഭൂവിൽ കടിഞ്ഞാണില്ലാത്ത സ്വഛന്ദം വിഹരിച്ചുകൊണ്ടിരിക്കുകയാണ് ഈ പാവം ജന്തുക്കളിപ്പോൾ. ഇപ്പോൾ ഓസ്‌ട്രേലിയയിൽ വരൾച്ച മുറ്റി നിൽക്കുന്ന കാലമാണ്. വെള്ളം കിട്ടാതെ അലഞ്ഞു തിരിഞ്ഞു നടന്ന് ഈ ഒട്ടകങ്ങൾ എല്ലാം തന്നെ ഒടുവിൽ ഏതെങ്കിലും ജലാശയങ്ങളുടെ പരിസരത്ത് വന്നു കൂട്ടും കൂടി നിൽക്കും ഈ ഒരു സീസണാവുമ്പോൾ. അങ്ങനെ ഒന്നിച്ചു കൂടി നിൽക്കുന്ന ഈ ഒട്ടകങ്ങളെ തലയ്ക്കു മുകളിൽ ഹെലികോപ്റ്ററിൽ പറന്നു വന്നു പോലും നിഷ്പ്രയാസം വെടിവെച്ചുകൊല്ലാനാകും. അവ വെടികൊണ്ടു വീഴുന്നിടത്തു തന്നെ ചത്തുകിടക്കും. മൃതദേഹങ്ങൾ ഉണങ്ങുന്ന മുറയ്ക്ക് അവിടെ തന്നെ ഇട്ടു കത്തിക്കാനാണ് അവരുടെ പ്ലാൻ. 

ഈ കാട്ട് ഒട്ടകങ്ങൾ ഓസ്‌ട്രേലിയക്കാരിൽ സാമ്പത്തികവും, പാരിസ്ഥിതികവും, സാമൂഹികവുമായ ഏറെ ആഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു ജീവിവർഗ്ഗമാണ്. കൃഷി നശിപ്പിക്കുന്ന കാര്യത്തിലും, സ്വാഭാവികമായ ജലാശയങ്ങളുടെ പരിസരങ്ങൾ തകർക്കുന്ന കാര്യത്തിലും, വീടുകൾ വരെ ഇടിച്ചു തകർത്തു കളയുന്ന കാര്യത്തിലും ഇവയ്ക്ക് കുപ്രസിദ്ധിയുണ്ട്. വർഷാവർഷം പത്തു മില്യൺ ഡോളറിന്റെ സാമ്പത്തികനഷ്ടമാണ് ഈ ഒട്ടകങ്ങൾ ഓസ്‌ട്രേലിയൻ സർക്കാരിനും ജനങ്ങൾക്കുമായി ഉണ്ടാക്കുന്നത്. 

Australia to cull tens of thousands of feral camels as shortage of water looms while fighting bush fires

ഇപ്പോൾ ഈ കാട്ടുതീ ഒരു കാരണമാക്കിക്കൊണ്ട്, സ്ഥിരം ശല്യക്കാരായ ഈ ഒട്ടകങ്ങളിൽ ചിലതിനെ വളരെ എളുപ്പത്തിൽ ഇല്ലാതാക്കാനാണ് ഓസ്‌ട്രേലിയൻ ഗോത്രജനത ശ്രമിക്കുന്നത്. പ്രൊഫഷണൽ ഷൂട്ടർമാരെ ഇറക്കി പരമാവധി ഒട്ടകങ്ങളെ വെടിവെച്ചു കൊല്ലാനാണ് പദ്ധതി. ഒമ്പതു വർഷത്തിലൊരിക്കൽ ഓസ്‌ട്രേലിയയിലെ ഈ കാട്ട് ഒട്ടകങ്ങളുടെ സംഖ്യ ഇരട്ടിക്കും എന്നാണ് നാഷണൽ ക്യാമൽ മാനേജ്‌മെന്റ് പ്ലാൻ പറയുന്നത്. പന്ത്രണ്ടു ലക്ഷത്തോളം വരുന്ന ഈ ഒട്ടകങ്ങൾ ഉച്ഛസിക്കുന്ന കാർബൺ ഡയോക്സൈഡ് നാല്പതിനായിരം കാറുകൾ പുറപ്പെടുവിക്കുന്ന അന്തരീക്ഷ മലിനീകരണത്തിന് തുല്യമാണ് എന്നാണ് പരിസ്ഥിതി സൗഹൃദ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനമായ റീജൻകോയുടെ ടിം മൂർ പറയുന്നത്. 

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കുമ്പോഴും, പതിനായിരക്കണക്കിന് ഒട്ടകങ്ങളെ ഇങ്ങനെ നിർദയം വെടിവെച്ചു കൊല്ലാനുള്ള തീരുമാനത്തിനെതിരെ ഒട്ടകപ്രേമികൾ രംഗത്തെത്തിയിട്ടുണ്ട്. ഈ ചെയ്യാൻ പോകുന്നത് ഒട്ടകങ്ങളോട് കാണിക്കുന്ന കൊടും ക്രൂരതയാണ് എന്നാണ് അവർ പറയുന്നത്. 

Follow Us:
Download App:
  • android
  • ios