ബീച്ച് സന്ദർശിക്കാൻ എത്തുന്നവരോടും നടക്കാൻ പോകുന്നവരോടും അവയെ കണ്ടാൽ അപ്പോൾ തന്നെ തലയിൽ കത്തി കയറ്റി കൊല്ലാൻ അധികൃതർ ആവശ്യപ്പെട്ടിരിക്കയാണ്.
അധികൃതർ മനുഷ്യരോട് ഏതെങ്കിലും ജീവികളെ കൊന്നൊടുക്കാൻ പറയുന്നത് വളരെ വിരളമാണ്. ഏതെങ്കിലും വിഷമുള്ള ജീവികളാണ് എങ്കിൽ പോലും ഒന്നുകിൽ ആളുകളോട് അതിന്റെ അടുത്തു നിന്നും മാറി നിൽക്കാൻ പറയും. അല്ലെങ്കിൽ അധികാരികളെ അറിയിക്കാൻ പറയും അങ്ങനെയൊക്കെയാണ് ചെയ്യുക അല്ലേ?
എന്നാൽ, യുകെ -യിൽ ബീച്ചിൽ പോകുന്നവരോട് ഒരു പ്രത്യേക ജീവിവർഗത്തെ കണ്ടാൽ അപ്പോൾ തന്നെ കൊന്നേക്കൂ എന്ന് പറഞ്ഞിരിക്കയാണ് അധികൃതർ. കാരണം വേറൊന്നുമല്ല, അവ അവിടെയുള്ള തദ്ദേശീയ ജീവിവർഗങ്ങൾക്ക് മാരകമായ ഭീഷണി ഉയർത്തുന്നതിനാലാണ് അത്.
അമേരിക്കൻ സിഗ്നൽ ക്രേഫിഷ് എന്നാണ് ഇതിന്റെ പേര്. ഇത് യുകെ -യിൽ വിദേശിയും അക്രമകാരിയുമായിട്ടാണ് കണക്കാക്കുന്നത്. ഇവിടെ കടലിലും മറ്റും കാണുന്ന വളരെ സാധാരണമായ, അധികം വലിപ്പമില്ലാത്ത ഒരു കൊഞ്ചാണ് ഇത്. അവയുടെ വലിപ്പം, ഭീഷണിയെന്ന് തോന്നിപ്പിക്കുന്ന നഖങ്ങൾ, വിശപ്പ് എന്നിവയൊക്കെ കാരണം, ചെറിയ ചെറിയ വൈറ്റ് ക്ലോ ക്രേ ഫിഷുകൾക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, 90 ശതമാനം തദ്ദേശീയ ഇനങ്ങളും ഇപ്പോൾ ഈ വിദേശി ക്രേ ഫിഷുകളുടെ ആക്രമണം മൂലം ഇല്ലാതെയായി.
അതിനാൽ തന്നെ ബീച്ച് സന്ദർശിക്കാൻ എത്തുന്നവരോടും നടക്കാൻ പോകുന്നവരോടും അവയെ കണ്ടാൽ അപ്പോൾ തന്നെ തലയിൽ കത്തി കയറ്റി കൊല്ലാൻ അധികൃതർ ആവശ്യപ്പെട്ടിരിക്കയാണ്.
സിഗ്നൽ ക്രേ ഫിഷ് വടക്കേ അമേരിക്കൻ ഇനത്തിൽ പെട്ട ഒരു കൊഞ്ചാണ്. 1960 -കളിലാണ് യൂറോപ്പിലേക്ക് ഇവയെ എത്തിക്കുന്നത്. എന്നാൽ, അവ പിന്നീട് രോഗവാഹകരായും അപകടകാരിയായും കണക്കാക്കപ്പെട്ടു. ഇപ്പോൾ യൂറോപ്പ്, ജപ്പാൻ, കാലിഫോർണിയ എന്നിവിടങ്ങളിലുടനീളം ഒരു അധിനിവേശ ഇനമായിട്ടാണ് സിഗ്നൽ ക്രേഫിഷിനെ കണക്കാക്കുന്നത്. അവിടങ്ങളിലുള്ള തദ്ദേശീയ ഇനങ്ങളെ വലിയ തോതിൽ ഇല്ലാതെയാക്കുന്നത് കൊണ്ടാണ് ഇത്.
അതുകൊണ്ട് തന്നെയാണ് യുകെ -യിലും അവയെ കണ്ടാൽ അപ്പോൾ തന്നെ കൊന്നു കളഞ്ഞേക്കൂ എന്ന് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്.
