ഓട്ടോ ഡ്രൈവറായ യുവാവ് ഐഐഎം ബാംഗ്ലൂർ ഹോസ്റ്റൽ മെസ്സിൽ പാർട് ടൈം ജോലിക്കാരനായി പോകുന്നുണ്ട്. അവിടെ നിന്നുള്ള കുട്ടികൾ അദ്ദേഹത്തിന് സ്നേഹത്തോടെ സമ്മാനിച്ചതാണത്രെ ഈ ജാക്കറ്റ്.
ബെംഗളൂരുവിൽ നിന്നുള്ള ഒരുപാട് ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു ചിത്രമാണ് ഇപ്പോൾ ആളുകളുടെ ശ്രദ്ധ നേടുന്നത്. ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് ചിത്രത്തിൽ ഉള്ളത്. അദ്ദേഹത്തിന്റെ ജാക്കറ്റാണ് ആളുകളെ ആകർഷിച്ചത്. ഐഐഎം ബാംഗ്ലൂർ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബാംഗ്ലൂർ) എന്നാണ് ജാക്കറ്റിന്റെ പിന്നിൽ എഴുതിയിരിക്കുന്നത്. ഇതാണ് ചിത്രം ശ്രദ്ധിക്കപ്പെടാൻ കാരണമായി തീർന്നിരിക്കുന്നത്. എക്സിലാണ് (ട്വിറ്റർ) ബെംഗളൂരുവിൽ നിന്നുള്ള യുവതി ഈ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.
ഓട്ടോയിൽ കയറിയ യുവതിക്ക് ഐഐഎം ബാംഗ്ലൂർ എന്നെഴുതിയിരിക്കുന്ന ജാക്കറ്റ് ധരിച്ച ഓട്ടോ ഡ്രൈവറെ കണ്ടപ്പോൾ സ്വാഭാവികമായും കൗതുകം തോന്നി. പിന്നാലെയാണ് അവർ അദ്ദേഹത്തോട് ഈ ജാക്കറ്റിനെ കുറിച്ച് ചോദിച്ചതും. വളരെ മനോഹരമായ ഒരു സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും അനുഭവമാണ് ചോദ്യത്തിനുള്ള മറുപടിയായി ഓട്ടോ ഡ്രൈവർ യുവതിയോട് പങ്കുവച്ചത്.
ഓട്ടോ ഡ്രൈവറായ യുവാവ് ഐഐഎം ബാംഗ്ലൂർ ഹോസ്റ്റൽ മെസ്സിൽ പാർട് ടൈം ജോലിക്കാരനായി പോകുന്നുണ്ട്. അവിടെ നിന്നുള്ള കുട്ടികൾ അദ്ദേഹത്തിന് സ്നേഹത്തോടെ സമ്മാനിച്ചതാണത്രെ ഈ ജാക്കറ്റ്.
'എന്റെ ഓട്ടോ ഡ്രൈവർ ഐഐഎംബി ജാക്കറ്റാണ് ധരിച്ചിരുന്നത്. കൗതുകം തോന്നിയപ്പോൾ ഞാൻ അദ്ദേഹത്തോട് കുറച്ചു സംസാരിച്ചു.. അദ്ദേഹം ഐഐഎംബി ഹോസ്റ്റൽ മെസ്സിൽ ജോലി ചെയ്യുകയാണ്, അവിടത്തെ വിദ്യാർത്ഥികൾ ഈ ജാക്കറ്റ് അദ്ദേഹത്തിന് സമ്മാനമായി നൽകിയതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഓട്ടോ ഓടിക്കുന്നത് അദ്ദേഹത്തിന്റെ പാർട്ട് ടൈം ജോലിയാണെന്നും പറഞ്ഞു' എന്നാണ് യുവതി ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.
നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകൾ നൽകിയത്. 'ദയ നമ്മൾ കരുതുന്നതിലും അപ്പുറത്തേക്ക് സഞ്ചരിക്കുന്നു' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ഐഐഎം ബാംഗ്ലൂരിലെ കുട്ടികൾ വളരെ കരുതലുള്ളവരാണ്' എന്നായിരുന്നു മറ്റ് ചിലർ കമന്റ് നൽകിയത്.
