പിന്നെപ്പിന്നെ ഈ സന്ദേശങ്ങളുടെ സ്വഭാവം ഭീഷണിയുടേതായി. അതുപോലുള്ള 8000 ഭീഷണി സന്ദേശങ്ങളാണ് യോഷിദയ്ക്ക് വന്നത്. എല്ലാം ഒരേ മെയിൽ ഐഡിയിൽ നിന്നാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു.
പൊതു ടോയ്‌ലറ്റുകളിൽ സൗജന്യ സാനിറ്ററി പാഡുകൾ വയ്ക്കണമെന്ന് അഭിപ്രായപ്പെട്ടതിന് പിന്നാലെ ജപ്പാനിലെ വനിതാ രാഷ്ട്രീയക്കാരിക്ക് വധഭീഷണി. ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഏകദേശം 8,000 ഇമെയിലുകളാണ് ഇവർക്ക് ലഭിച്ചിരിക്കുന്നത്. അഭിപ്രായങ്ങൾ തുറന്ന് പ്രകടിപ്പിക്കുന്ന സ്ത്രീകളെ നിശബ്ദരാക്കുന്ന രീതിയാണ് ഇത് എന്നാണ് വിദഗ്ദ്ധർ ഇതിനോട് പ്രതികരിച്ചത്.
ജാപ്പനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയംഗവും മീ പ്രിഫെക്ചറൽ അസംബ്ലിയംഗവുമായ 27 കാരിയായ അയക യോഷിദയ്ക്കാണ് ഭീഷണി ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചിരിക്കുന്നത്. മാർച്ച് 25 -നാണ് സോഷ്യൽ മീഡിയയിൽ യോഷിദ സാനിറ്ററി നാപ്കിനുമായി ബന്ധപ്പെട്ട പോസ്റ്റ് ഇട്ടത്. പിന്നീലെ ഇവർക്കുനേരെ പ്രതിഷേധമുയരുകയായിരുന്നു. ടോയ്‌ലറ്റ് പേപ്പർ പോലെ, എല്ലായിടത്തും സാനിറ്ററി പാഡുകളും കൂടി നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു യോഷിദയുടെ പോസ്റ്റ്.
മി അസംബ്ലിയുടെ സെക്രട്ടേറിയറ്റിലേക്ക് വരെ പിന്നാലെ പ്രതിഷേധിച്ചും ഭീഷണിപ്പെടുത്തിക്കൊണ്ടുമുള്ള സന്ദേശങ്ങൾ വരികയായിരുന്നു. അതിൽ, ഒരു സന്ദേശത്തിൽ പറയുന്നത് ഇങ്ങനെയാണ്, 'അവളുടെ പ്രായത്തിൽ അടിയന്തിരഘട്ടത്തിൽ വേണ്ടുന്ന സാനിറ്ററി നാപ്കിനുകൾ കൂടെ കൊണ്ടുപോകാൻ അവൾ അറിഞ്ഞിരിക്കണം'.
എന്നാൽ, പിന്നെപ്പിന്നെ ഈ സന്ദേശങ്ങളുടെ സ്വഭാവം ഭീഷണിയുടേതായി. അതുപോലുള്ള 8000 ഭീഷണി സന്ദേശങ്ങളാണ് യോഷിദയ്ക്ക് വന്നത്. എല്ലാം ഒരേ മെയിൽ ഐഡിയിൽ നിന്നാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. 'നന്നായി അറിയാൻ പ്രായമായിട്ടും അടിയന്തരഘട്ടങ്ങളിൽ വേണ്ടുന്ന നാപ്കിനുകൾ കൊണ്ടുവരാത്ത നിയമസഭാ അംഗമായ അയക യോഷിദയെ ഞാൻ കൊല്ലും എന്നായിരുന്നു' ആ സന്ദേശം.
തിങ്കളാഴ്ച പത്രസമ്മേളനത്തിൽ സംസാരിക്കവെ യോഷിദ പറഞ്ഞത്, 'ഈ ഭീഷണികൾ ഒരു പ്രിഫെക്ചറൽ അസംബ്ലി അംഗം എന്ന നിലയിലുള്ള തന്റെ പ്രവർത്തനങ്ങളെ അടിച്ചമർത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്' എന്നാണ്. ലോക്കൽ പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അവർ പറഞ്ഞു.
