വിദ്യയുടെ ദേവതയായ സരസ്വതി, സമൃദ്ധിയുടെ ദേവതയായ ലക്ഷ്മി, ശക്തിയുടെ ദേവതയായ പാർവതി എന്നിവരെയെല്ലാം ഈ ദിവസങ്ങളിൽ ആരാധിക്കുന്നു.
നവരാത്രിയോടനുബന്ധിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട പൂജകളിൽ ഒന്നാണ് ആയുധപൂജ. സാധാരണയായി നവരാത്രിയുടെ എട്ടാം നാളാണ് ആയുധപൂജയുടെ ദിവസം. സാധാരണയായി ജോലി ചെയ്യുന്നവർ പണിയായുധങ്ങളും വിദ്യാർത്ഥികൾ പുസ്തകങ്ങളും പേനയും ഒക്കെയാണ് പൂജയ്ക്ക് വയ്ക്കുന്നത്. പൂജയ്ക്ക് വച്ചിരിക്കുന്ന വസ്തുക്കൾ എടുക്കുന്നതുവരെ പണി ചെയ്യുകയോ, പഠിക്കുകയോ ഒന്നും ചെയ്യരുതെന്ന് സാരം. മഹാനവമി നാളിൽ പൂജയ്ക്ക് വച്ചിരിക്കുന്ന ആയുധങ്ങൾ വിജയദശമി നാളിലാണ് തിരികെ എടുക്കുന്നത്. പുതിയ കാര്യങ്ങൾ പഠിക്കാനും മറ്റും യോജിച്ച ദിവസമായും വിജയദശമി ദിവസത്തെ കാണുന്നു.
വിദ്യയുടെ ദേവതയായ സരസ്വതി, സമൃദ്ധിയുടെ ദേവതയായ ലക്ഷ്മി, ശക്തിയുടെ ദേവതയായ പാർവതി എന്നിവരെയെല്ലാം ഈ ദിവസങ്ങളിൽ ആരാധിക്കുന്നു.
ആയുധ പൂജയെ കുറിച്ച് അറിയാൻ
വീടുകളിലും ജോലിസ്ഥലങ്ങളിലും പ്രത്യേക ആചാരങ്ങൾ അനുഷ്ഠിച്ചുകൊണ്ടാണ് ആയുധപൂജ നടക്കുന്നത്. വീടുകളും, വാഹനങ്ങളും, പണിയായുധങ്ങളുമെല്ലാം നന്നായി വൃത്തിയാക്കി ശുചിയാക്കി വയ്ക്കുന്നു.
പൂജിക്കേണ്ടുന്ന വസ്തുക്കൾ ചന്ദനം, മഞ്ഞൾ, കുങ്കുമം, പൂക്കൾ, മാലകൾ എന്നിവയാൽ അലങ്കരിച്ചു വയ്ക്കുന്നവരും ഉണ്ട്.
ക്ഷേത്രങ്ങളിലും വീടുകളിലും പണിയായുധങ്ങൾ, കലാകാരന്മാർ തങ്ങളുടെ വാദ്യോപകരണങ്ങൾ, ചിലങ്ക തുടങ്ങിയവ, കുട്ടികൾ പുസ്തകങ്ങൾ എന്നിവയെല്ലാം പൂജയ്ക്ക് വയ്ക്കാറുണ്ട്.
കാറുകൾ, സ്കൂട്ടറുകൾ, മോട്ടോർ ബൈക്കുകൾ തുടങ്ങിയ വാഹനങ്ങളും അലങ്കരിക്കുകയും പൂജയ്ക്ക് വയ്ക്കുകയും ചെയ്യാറുണ്ട്.
ദക്ഷിണേന്ത്യയിൽ സരസ്വതി പൂജയും ഈ സമയങ്ങളിൽ തന്നെയാണ് ആചരിക്കുന്നത്.
അറിവിനും ജ്ഞാനത്തിനും വേണ്ടിയാണ് ഈ പൂജവയ്പ്പും പ്രാർത്ഥനകളും എല്ലാം.
പുതുകാലത്ത് ടെക്നോളജിയും ഇതിന്റെ ഭാഗമാകുന്നു. കംപ്യൂട്ടറും മൊബൈലുകളും അടക്കം ഉപയോഗിക്കാതെ പൂജയ്ക്ക് വയ്ക്കുന്നവരും ഉണ്ട്.
ജോലിക്കും പഠനത്തിനും എല്ലാം അവധി നൽകി, ദേവിയുടെ അനുഗ്രഹത്തോടെയുള്ള പുതിയൊരു തുടക്കമാണ് പൂജയ്ക്കു വച്ചിരിക്കുന്ന വസ്തുക്കൾ എടുക്കുന്നതോടെയുണ്ടാവുന്നത്. പുതിയ കാര്യങ്ങൾ പഠിക്കാനും, മറന്നുവച്ച പഴയ ഇഷ്ടങ്ങളും മറ്റും പുതുക്കിയെടുത്ത് വീണ്ടുമൊരു തുടക്കം കുറിക്കാനുമെല്ലാം ആളുകൾ വിജയദശമി ദിവസം തെരഞ്ഞെടുക്കാറുണ്ട്.
അതേസമയം, നവരാത്രി ആഘോഷത്തോടനുബന്ധിച്ച് 30 മുതൽ സംസ്ഥാനത്ത് പൊതു അവധിയാണ്. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് നിയമപ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, പ്രഫഷണൽ കോളജുകൾ എന്നിവയുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് 30 ന് അവധി. ഇന്നും നാളെയും സംസ്ഥാനത്ത് പൊതുഅവധി തന്നെയാണ്.


