ചക്കപ്പുഴുക്ക് ഇഷ്ടമില്ലാത്ത മലയാളികള്‍ ഉണ്ടോ? പഴുത്ത ചക്കയെങ്കിലും ഇഷ്ടപ്പെടാത്ത ആരും കാണില്ല. ചക്ക നമ്മുടെ ഭക്ഷണത്തിലെ മിന്നുംതാരം തന്നെയാണ്. ഇവിടെ പരീക്ഷണം നടത്തി സ്വന്തമായി പുതിയ പ്ലാവിനം തന്നെ വികസിപ്പിച്ചെടുത്തിരിക്കുകയാണ് വര്‍ഗീസ് തരകന്‍. ഈ പ്ലാവില്‍ നിന്ന് നിറയെ ചക്കകളും കൊയ്‌തെടുത്ത സന്തോഷത്തിലാണ് ഇദ്ദേഹം.

വര്‍ഗീസ് തരകന്റെ ആയുര്‍ജാക്ക് ഫാമിന് ചില പ്രത്യേകതകളൊക്കെയുണ്ട്. ഒരുവര്‍ഷം മുഴുവനും ചക്ക തരുന്ന പ്ലാവുകളാണ് ഇത്. സാധാരണ നമ്മുടെ പറമ്പുകളില്‍ വളരുന്ന പ്ലാവുകളില്‍ നിന്നും വര്‍ഷത്തില്‍ ഒരു പ്രത്യേക സീസണില്‍ മാത്രമല്ലേ ചക്ക കിട്ടുന്നത്. തരകന്‍ സ്വന്തമായി വികസിപ്പിച്ച പ്ലാവില്‍ നിന്നും രണ്ടു തവണ ചക്ക പറിച്ചെടുക്കാം.

തൃശൂര്‍ ജില്ലയിലെ കുറുമാല്‍കുന്ന് എന്ന പ്രദേശത്താണ് ഇദ്ദേഹത്തിന്റെ ഫാം സ്ഥിതിചെയ്യുന്നത്. ആസ്‌ട്രേലിയയിലെയും വിദേശരാജ്യങ്ങളിലെയും കാര്‍ഷിക രംഗത്ത് ഗവേഷണം നടത്തുന്നവര്‍ ഈ പ്ലാവുകളെ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു.

2005 -ലാണ് കാര്‍ഷിക വൃത്തിയിലേക്ക് തരകന്‍ കാലെടുത്ത് വെക്കുന്നത്. റോഡ് വികസനത്തിനായി തന്റെ ബന്ധുവിന്റെ പറമ്പിലുള്ള പ്ലാവ് മുറിച്ചുമാറ്റിയപ്പോഴാണ് പ്ലാവുകളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തണമെന്ന തോന്നലുണ്ടായത്. ചക്കയുടെ വ്യത്യസ്തമായ ഇനമാണ് ഇദ്ദേഹം വികസിപ്പിച്ചെടുക്കാന്‍ ശ്രമിച്ചത്.

'ഞാന്‍ ഇതിനെ ആയുര്‍ജാക്ക് എന്ന് പേരിട്ട് വിളിച്ചു. എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് രണ്ടു പ്ലാവുകളിലും ചക്കകള്‍ വിരിഞ്ഞു. മാതൃവൃക്ഷത്തെപ്പോലെ തന്നെ വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം ചക്കകള്‍ കിട്ടി.'  തരകന്‍ തന്റെ പരീക്ഷണത്തെക്കുറിച്ച് വ്യക്തമാക്കുന്നു.

ഈ പരീക്ഷണ വിജയം തരകനെ മാറ്റി ചിന്തിപ്പിച്ചു.തന്റെ അഞ്ചേക്കര്‍ റബ്ബര്‍തോട്ടം വെട്ടിമാറ്റി സ്വന്തം ആയുര്‍ജാക്കിന് ഇടംനല്‍കി. അതിനുശേഷം ഇന്നുവരെ തരകന്‍ വിളവിന്റെ കാര്യത്തില്‍ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അതുപോലെ സ്വന്തമായി വികസിപ്പിച്ച സാങ്കേതിക വിദ്യ കാരണം പല പല അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി.  ഈ അടുത്ത കാലത്തായി ക്ഷോണിമിത്ര അവാര്‍ഡിനര്‍ഹനായി. മണ്ണും വെള്ളവും സംരക്ഷിച്ച് സുസ്ഥിരമായി കൃഷി ചെയ്യുന്നവര്‍ക്ക് നല്‍കുന്ന അവാര്‍ഡാണിത്.

കാര്‍ഷിക ശാസ്ത്രജ്ഞനായ ഡോ.അരുള്‍ അരശനാണ് ഇദ്ദേഹത്തിന് അംഗീകാരം നല്‍കിയത്. 'തരകന്റെ മണ്ണിനെയും പ്രകൃതിയെയും സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ എടുത്തുപറയേണ്ടതാണ്. പ്ലാവുകള്‍ മണ്ണും വെള്ളവും പരിരക്ഷിക്കാന്‍ ഏറെ സഹായിക്കുന്ന വൃക്ഷമാണ്. ഈ മേഖലയില്‍ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെടേണ്ടതാണ്, ഡോ.അരുള്‍ പറയുന്നു.

തരകന്‍ തന്റെ പുതിയ പ്ലാവിലുണ്ടായ ചക്കകള്‍ വില്‍പ്പന നടത്തുന്നില്ല. പ്ലാവിന്‍ തൈകള്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നുണ്ട്. ഇദ്ദേഹത്തിന്റെ കൈയില്‍ നിന്ന് തൈകള്‍ വാങ്ങിയ പലരും മറ്റു വിളകള്‍ കൃഷി ചെയ്ത് പരാജയപ്പെട്ടവരാണ്. എന്നാല്‍, കാര്‍ഷിക മേഖലയില്‍ത്തന്നെ തുടരുന്നത് ഇഷ്ടമുള്ളവരാണ് വീണ്ടും വീണ്ടും തൈകള്‍ക്കായി സമീപിക്കുന്നത്.

ചക്കയില്‍ നാരുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷയെപ്പറ്റി വേവലാതിപ്പെടുന്നവര്‍ക്ക് ഇദ്ദേഹത്തിന്റെ പ്ലാവുകളും അതില്‍ നിന്നുണ്ടാകുന്ന ചക്കകളും പരിഹാരമാര്‍ഗം കാണിച്ചുതരും.

ചക്കയിലെ പോഷകങ്ങള്‍

നാം സാധാരണ വീട്ടുവളപ്പില്‍ വളര്‍ത്തുന്ന ചക്കയില്‍ തന്നെ ആവശ്യത്തിന് പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഏകദേശം 100 ഗ്രാം ചക്കയില്‍ നിന്ന് 82 മുതല്‍ 94 കിലോ കലോറി ഊര്‍ജം ലഭിക്കും.

വിറ്റാമിന്‍-ബി1, ബി2, ബി3 എന്നിവയെല്ലാം ചക്കയില്‍ അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദം കുറയ്ക്കാന്‍ നല്ലതാണ്. ചക്കയില്‍ ധാരാളം ഫൈറ്റോ ന്യൂട്രിയന്റ്‌സ് അടങ്ങിയിട്ടുണ്ട്.

100 ഗ്രാം ചക്ക നിങ്ങള്‍ കഴിച്ചാല്‍ 4 മി.ഗ്രാം നിയാസിന്‍ നിങ്ങള്‍ക്ക് ലഭിക്കും. പല തരത്തിലുള്ള ചക്കകള്‍ നമുക്ക് ലഭ്യമാണ് . ഇവയിലുള്ള ധാതുലവണങ്ങളുടെ അളവും വ്യത്യസ്തമാണ്. കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍, അയേണ്‍ എന്നിവ കൊണ്ട് സമ്പന്നമാണ് ചക്ക.

മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാം

ചക്കയില്‍ നിന്ന് ഉണ്ടാക്കാന്‍ കഴിയാത്ത വിഭവങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. ചക്ക ഹല്‍വ, പപ്പടം, കൊണ്ടാട്ടം, മടലു കൊണ്ട് അച്ചാര്‍ എന്നിവ ഉണ്ടാക്കാം.

ഗ്രീന്‍ഫ്രൂട്ട് ചക്കക്കറി, വൈറ്റ് ജാക്ക്ഫ്രൂട്ട് കറി എന്നിവ പാക്കറ്റുകളില്‍ ലഭ്യമാണ്. ചക്കക്കുരു കോഫി, ചക്ക ജാം, ചക്ക സിറപ്പ് എന്നിവയും വിപണിയിലുണ്ട്. ചക്ക കൊണ്ടുള്ള ഐസ്‌ക്രീമും കേക്കും രുചികരമാണ്.

(കടപ്പാട്: കൃഷിജാഗരണ്‍)