Asianet News MalayalamAsianet News Malayalam

തമിഴ്നാട്ടിൽ ഗർഭിണിയായ പശുവിന് ബേബി ഷവർ നടത്തി ഗ്രാമവാസികൾ

ചടങ്ങിൽ പങ്കെടുക്കാൻ തിങ്കളാഴ്ച 500 -ലധികം ആളുകൾ കല്ല്കുറിശ്ശി ജില്ലയിലെ ശങ്കരപുരത്തിന് സമീപം ഒത്തുകൂടി. ചടങ്ങിൽ പങ്കെടുക്കുന്നതിനായി പരമ്പരാഗത വസ്ത്രം ധരിച്ച് സ്ത്രീകൾ പശുവിന് 24 തരം വിഭവങ്ങൾ സമ്മാനിച്ചു, കൂടാതെ 48  ഇനം വ്യത്യസ്ത സമ്മാനങ്ങളും നൽകി.  

baby shower for cow rlp
Author
First Published Feb 9, 2023, 12:45 PM IST

ബേബി ഷവർ നടത്തുന്നത് ഇന്ന് നമ്മുടെ നാട്ടിൽ പുതിയൊരു കാര്യമല്ല. ജാതിമതഭേദമന്യേ എല്ലാ വിഭാഗം ആൾക്കാരും ഗർഭിണികളായ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി ബേബി ഷവർ ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്. അമ്മയിലേക്കുള്ള ഒരു സ്ത്രീയുടെ പരിവർത്തനത്തെ സമ്മാനങ്ങൾ കൊണ്ടും അനുഗ്രഹങ്ങൾ കൊണ്ടും പ്രിയപ്പെട്ടവർ ആഘോഷമാക്കുന്ന ചടങ്ങാണ് ബേബി ഷവർ.

ഒരുപക്ഷേ ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിൽ ഒന്ന്. കഴിഞ്ഞദിവസം തമിഴ്നാട്ടിലെ കല്ലുറുച്ചി ജില്ലയിലും ഗ്രാമവാസികൾ എല്ലാം ചേർന്ന് ഒരു ബേബി ഷവർ ആഘോഷമായി നടത്തി. പക്ഷേ ആ ബേബി ഷവർ ആഘോഷങ്ങൾ നടത്തിയത് ഗർഭിണിയായ സ്ത്രീക്ക് വേണ്ടി ആയിരുന്നില്ല മറിച്ച് ഗർഭിണിയായ ഒരു പശുവിന് വേണ്ടിയായിരുന്നു. 

ഗർഭിണിയായ പശുക്കൾക്ക് ബേബി ഷവർ നടത്തുന്ന ചടങ്ങ് ദൈവഭാരായി എന്നാണ് അറിയപ്പെടുന്നത്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് അംശവേണി എന്ന പശുവിൻറെ ദൈവഭാരായി ചടങ്ങാണ് ഗ്രാമവാസികൾ ചേർന്ന് ആഘോഷമായി നടത്തിയത്. ചടങ്ങിൽ പങ്കെടുക്കാൻ തിങ്കളാഴ്ച 500 -ലധികം ആളുകൾ കല്ല്കുറിശ്ശി ജില്ലയിലെ ശങ്കരപുരത്തിന് സമീപം ഒത്തുകൂടി. ചടങ്ങിൽ പങ്കെടുക്കുന്നതിനായി പരമ്പരാഗത വസ്ത്രം ധരിച്ച് സ്ത്രീകൾ പശുവിന് 24 തരം വിഭവങ്ങൾ സമ്മാനിച്ചു, കൂടാതെ 48  ഇനം വ്യത്യസ്ത സമ്മാനങ്ങളും നൽകി.  

പശുവിന്റെ കൊമ്പിൽ പല വർണ്ണത്തിലുള്ള വളകൾ ചാർത്തിക്കൊണ്ടുള്ള വളക്കാപ്പ് ചടങ്ങും ആഘോഷമായി നടത്തി. ശങ്കരപുരത്തിനടുത്തുള്ള മേലപ്പാട്ട് ഗ്രാമത്തിലെ അരുൾതാരം തിരുപൂരസുന്ദരിയമ്മൈ ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് അംശവേണി എന്ന പശു. ചടങ്ങിൽ പങ്കെടുത്തവർ പാട്ടും നൃത്തവുമായി ചടങ്ങ് ഗംഭീരമാക്കിയപ്പോൾ ക്ഷേത്ര ഭാരവാഹികളുടെ മേൽനോട്ടത്തിൽ പശുവിനായി പ്രത്യേക പൂജകളും ക്ഷേത്രത്തിൽ സംഘടിപ്പിച്ചിരുന്നു.

(ചിത്രം പ്രതീകാത്മകം)

Follow Us:
Download App:
  • android
  • ios