വേട്ടക്കാര്‍ ഒരുക്കിയ കെണിയില്‍ പെട്ട് തുമ്പിക്കെയുടെ പകുതി മുറിഞ്ഞുപോയ കുട്ടിയാന സഹിക്കാനാവാത്ത വേദനക്കിടെ മരണത്തിന് കീഴടങ്ങി. ഇന്തോനേഷ്യയിലാണ് ഒരു വയസ്സു മാത്രം പ്രായമുള്ള ആനക്കുട്ടി ദയനീയമായി ചെരിഞ്ഞത്. 

വേട്ടക്കാര്‍ ഒരുക്കിയ കെണിയില്‍ പെട്ട് തുമ്പിക്കെയുടെ പകുതി മുറിഞ്ഞുപോയ കുട്ടിയാന സഹിക്കാനാവാത്ത വേദനക്കിടെ മരണത്തിന് കീഴടങ്ങി. ഇന്തോനേഷ്യയിലാണ് ഒരു വയസ്സു മാത്രം പ്രായമുള്ള ആനക്കുട്ടി ദയനീയമായി ചെരിഞ്ഞത്. 

ആചേ ജായാ ഗ്രാമത്തിലാണ് ഈ കുട്ടിയാനയെ മുറിവേറ്റു പിടയുന്ന അവസ്ഥയില്‍ ഗ്രാമവാസികള്‍ കണ്ടത്തിയത്. കാടിനോടു ചേര്‍ന്ന ഈ ഗ്രാമത്തിലൊരിടത്ത് കിടക്കുകയായിരുന്നു ആനക്കുട്ടി. ഈ കാട്ടില്‍ വേട്ടസംഘങ്ങള്‍ വ്യാപകമാണ്. അവര്‍ ഒരുക്കിയ കെണിയില്‍ പെട്ട് തുമ്പിക്കെ പാതി മുറിഞ്ഞ അവസ്ഥയിലായിരുന്നു ഇത്. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് ഇതിനെ സമീപത്തുള്ള വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. 

ഇവിടെ എത്തിച്ചതിനെ തുടര്‍ന്ന് ഈ കുട്ടിയാനയ്ക്ക് വിദഗ്ധ ചികില്‍സകള്‍ നല്‍കാന്‍ ആരംഭിച്ചു. പഴുപ്പ് വന്നതിനെ തുടര്‍ന്ന് തുമ്പിക്കെയുടെ വലിയൊരു ഭാഗം ഡോക്ടര്‍മാര്‍ മുറിച്ചു മാറ്റി. എന്നാല്‍, പഴുപ്പ് വര്‍ദ്ധിക്കുകയും വൈകാതെ കൊടും വേദനയില്‍ പുളഞ്ഞ് ആനക്കുട്ടി ജീവന്‍ വെടിയുകയുമായിരുന്നു. 

കഴിയാവുന്ന എല്ലാ ചികില്‍സയും നല്‍കിയെങ്കിലും മുറിവിന്റെ ഗുരുതരാവസ്ഥ കാരണം ആനക്കുട്ടി ചെരിയുകയായിരുന്നുവെന്ന് ആചേ ജായാ നാഷനല്‍ റിസോഴ്‌സസ് കണ്‍വേഷന്‍ ഏജന്‍സി തലവന്‍ ആഗസ് അരിയാന്‍േറാ പറഞ്ഞു. 

ഇന്തോനേഷ്യയില്‍ കാട്ടാനകളെ വേട്ടയാടി കൊമ്പ് എടുക്കുന്ന സംഘങ്ങള്‍ വളരെ സജീവമാണ്. അതോടൊപ്പം വാരിക്കുഴികളില്‍ വീഴ്ത്തി പിടികൂടി നാട്ടാനയായി വില്‍ക്കുന്ന സംഘങ്ങളുമുണ്ട്. വംശനാശം സംഭവിക്കുന്ന സുമാത്രന്‍ ആന വിഭാഗത്തില്‍ പെട്ട ആനകളാണ് ഇവിടെയുള്ളത്. സുമാത്രയിലും ബോര്‍നിയോയിലുമാണ് ഈ വിഭാഗത്തില്‍ പെട്ട ഗജവീരന്‍മാര്‍ ഏറെയുമുള്ളത്. വനനശീകരണവും കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്നുള്ള പരിസ്ഥിജതി നശീകരണവും കാരണം ഈ ആനകളില്‍ ഏറെയും കാടുവിട്ട് പുറത്തേക്കു വരേണ്ട അവസ്ഥയാണ്. ഇത്തരം ആനകളെയാണ് വേട്ട സംഘങ്ങള്‍ നോട്ടമിടുന്നത്. അത്തരം ഒരു സംഘം ഒരുക്കിയ കെണിയാണ് ഈ കുട്ടിയാനയുടെ ജീവന്‍ എടുത്തത്.