Asianet News MalayalamAsianet News Malayalam

റോഡ് നന്നാക്കണം, ഉദ്യോ​ഗസ്ഥരെ തോക്കിൻമുനയിൽ നിർത്തി ​ഗ്രാമവാസികൾ, 30 പേർക്കെതിരെ കേസ്

ഇങ്ങനെ പ്രശ്നമുണ്ടാക്കിയവരിൽ പ്രധാനി ഹോഷിയർ സിങ് ആണ് എന്ന് പൊലീസ് പറയുന്നു. ഇയാളുടെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പിന്റെ മുന്നിലുള്ള റോഡ് നന്നാക്കാനാണ് അയാൾ നിർബന്ധിച്ചത്.

bad condition of road villagers held officials at gunpoint
Author
First Published Sep 25, 2022, 9:33 AM IST

കേരളത്തിൽ മാത്രമല്ല, ഇന്ത്യയിൽ പലയിടങ്ങളിലും റോഡിന്റെ അവസ്ഥ വളരെ ശോകമാണ്. ആളുകൾ പലതരത്തിലും ഇതിനെതിരെ പ്രതിഷേധിക്കാറുമുണ്ട്. എന്നാൽ, ​ഗുരു​ഗ്രാമിലെ ഒരു ​ഗ്രാമത്തിലെ ആളുകൾ ഇതിനോട് പ്രതികരിച്ചത് കുറച്ച് അധികമായിപ്പോയി എന്ന് പറയേണ്ടി വരും. ​ഗ്രാമത്തിലെ 30 പേർ ചേർന്ന് അധികൃതരെ തോക്കിൻമുനയിൽ നിർത്തി ഒറ്റ രാത്രി കൊണ്ട് റോഡ് ശരിയാക്കിത്തരണം എന്ന് ആവശ്യപ്പെടുകയായിരുന്നു. 30 പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

കേസെടുത്തവരിൽ ഏറ്റവും പ്രധാനി മുൻ ബ്ലോക്ക് സമിതി ചെയർമാൻ കൂടിയായ ഹോഷിയർ സിങ് ആണ്. സെക്ടർ 78/79 -ലെ മാസ്റ്റർ ഡിവിഡിംഗ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നാട്ടുകാർ തടസ്സപ്പെടുത്തുകയായിരുന്നു. പിന്നീട്, അവിടെ എത്തിയിരുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും റോഡിന്റെ പാച്ച് നിർമ്മിക്കാൻ നിർബന്ധിക്കുകയും ചെയ്തു.

ഇങ്ങനെ പ്രശ്നമുണ്ടാക്കിയവരിൽ പ്രധാനി ഹോഷിയർ സിങ് ആണ് എന്ന് പൊലീസ് പറയുന്നു. ഇയാളുടെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പിന്റെ മുന്നിലുള്ള റോഡ് നന്നാക്കാനാണ് അയാൾ നിർബന്ധിച്ചത്. എന്നാൽ, ഹോഷിയർ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. അയാൾ പറയുന്നത് ​ഗ്രാമത്തിലുള്ള ആളുകൾ ആ റോഡ് നന്നാക്കാൻ ആ​ഗ്രഹിച്ചിരുന്നു. അവിടെ കഴിഞ്ഞ ഒരു മാസത്തിൽ തന്നെ 20 അപകടങ്ങൾ നടന്നിരുന്നതായും ഹോഷിയർ സിങ് പറയുന്നു. അധികൃതർക്കെതിരെ ​ഗുരുതരമായ ആരോപണങ്ങളാണ് ഹോഷിയർ ഉന്നയിക്കുന്നത്. റോഡ് നന്നാക്കാനുള്ള ഒരു അഭ്യർത്ഥനയും അധികൃതർ കേൾക്കാൻ തയ്യാറായില്ല എന്നും ഇയാൾ ആരോപിച്ചു. 

പിന്നീട് ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ ​ഗ്രാമവാസികൾക്കെതിരെ ജിഎംഡിഎയിലെ ഒരു സബ് ഡിവിഷണൽ ഓഫീസർ പരാതി നൽകുകയായിരുന്നു. “ഒരു സ്വകാര്യ കരാറുകാരനും ജിഎംഡിഎയുടെ ഒരു സംഘവും തൊഴിലാളികളുമാണ് സ്ഥലത്തുണ്ടായിരുന്നത്. കുറഞ്ഞത് 30 ഗ്രാമവാസികളെങ്കിലും അവിടെയെത്തി ജീവനക്കാരെ അധിക്ഷേപിക്കാൻ തുടങ്ങി. അവർ തൊഴിലാളികളെ ആക്രമിക്കുകയും സംഘത്തെ തോക്കിൻ മുനയിൽ നിർത്തുകയും ചെയ്തു” എന്ന് ഒരു പരാതിക്കാരൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

അവിടെ നിന്നും പണി ചെയ്യാനെത്തിയ മെഷീനടക്കം അവർ നിർമ്മാണ സാമ​ഗ്രികൾ പിടിച്ചെടുക്കുകയും റോഡ് നന്നാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഏതായാലും വിവിധ വകുപ്പുകൾ പ്രകാരം 30 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios