2018 -ലെ ഏറ്റവും മോശം ലൈംഗിക വര്‍ണനകളുള്ള പുസ്തകത്തിനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു. അവാര്‍ഡിനര്‍ഹനായത് ജെയിംസ് ഫ്രേ എന്ന എഴുത്തുകാരനാണ്. കാതറീന (Katerina) എന്ന പുസ്തകത്തിനാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. 

അമേരിക്കന്‍ എഴുത്തുകാരന്‍ ജെയിംസ് ഫ്രേ, എ മില്ല്യണ്‍ ലിറ്റില്‍ പീസസ്  (A Million Little Pieces) എന്ന അദ്ദേഹത്തിന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍ കൊണ്ടു തന്നെ പ്രശസ്തനാണ്.  2003 -ലാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. ചര്‍ച്ചയാകുന്നതോടൊപ്പം തന്നെ ഈ പുസ്തകം വിവാദങ്ങളും വിളിച്ചുവരുത്തി. ഇതില്‍ പറഞ്ഞിരിക്കുന്ന പലതും സംഭവിക്കാത്തതാണെന്നും തെറ്റാണെന്നും പറഞ്ഞായിരുന്നു വിവാദം. മദ്യത്തിനോടും മയക്കുമരുന്നിനോടുമുണ്ടായിരുന്ന എഴുത്തുകാരന്‍റെ ആസക്തിയും അന്നത്തെ അനുഭവവും അടങ്ങിയതായിരുന്നു പുസ്തകം. എന്നാല്‍, ഇതില്‍ പലതും ഫ്രേയുടെ അനുഭവങ്ങളല്ലെന്നും വെറും സങ്കല്‍പം മാത്രമാണെന്നുമായിരുന്നു വിമര്‍ശനം. 

എന്താണ് ഈ അവാര്‍ഡ്
1993 മുതല്‍ എല്ലാ വര്‍ഷവും ഈ അവാര്‍ഡ് നല്‍കി വരുന്നുണ്ട്. ഫിക്ഷന്‍ എഴുത്തുകള്‍ക്കാണ് അവാര്‍ഡ്. അതായത് ഏറ്റവും മോശം ലൈംഗിക വര്‍ണനകളടങ്ങിയ കഥകള്‍ക്കോ നോവലുകള്‍ക്കോ അവാര്‍ഡ് ലഭിക്കും. ബെന്‍ ഓക്രി, ടോം വോള്‍ഫ് എന്നിവരൊക്കെ ഇതിന് മുമ്പ് ഈ അവാര്‍ഡ് വാങ്ങിയവരാണ്. 

ഈ വര്‍ഷം അവസാന പട്ടികയിലെത്തിയവരെല്ലാം പുരുഷന്മാര്‍ തന്നെയാണ്. അതില്‍ തന്നെ ഹാരുകി മുറകാമിയുടെ നോവല്‍ കില്ലിങ് കമാന്‍ഡേറ്റര്‍ (Killing Commendatore), ഗെരാര്‍ഡ് വുഡ്വാര്‍ഡിന്‍റെ ദ പേപ്പര്‍ ലവേഴ്സ് (The Paper Lovers ), ഐറിഷ് നോവലിസ്റ്റ് ജൂലിയന്‍ ഗഫിന്‍റെ നോവല്‍ കണക്ട് (Connect) എന്നിവയെല്ലാം അവസാന പട്ടികയിലുണ്ടായിരുന്നു. 

കാതറീന
മുറകാമിയുടെ അടക്കം നോവലുകള്‍ പുരസ്കാരത്തിനായി ആഴത്തില്‍ പരിശോധിക്കപ്പെട്ടിരുന്നു. അതിനെല്ലാം ഒടുവിലായാണ് ഫ്രേയുടെ കാതറീന അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. പാരീസില്‍ വെച്ച് ഒരു അമേരിക്കന്‍ എഴുത്തുകാരനും നോര്‍വീജിയന്‍ മോഡലും തമ്മിലുടലെടുക്കുന്ന പ്രണയവും അവരുടെ ബന്ധവുമാണ് നോവലില്‍. പുരുഷന്മാർമാത്രം നിറഞ്ഞു നിന്ന ആ ചുരുക്കപ്പട്ടികയിൽ, എഴുത്തിലെ വിവാദാസ്പദമായ ലൈംഗിക വർണ്ണനകളടങ്ങുന്ന ഭാഗങ്ങളുടെ എണ്ണം കൊണ്ടും, ദൈർഘ്യം കൊണ്ടും ഏറെ മുന്നിൽത്തന്നെയാണ് നിന്നത്. 

എന്നാല്‍, പുസ്തകം ഇറങ്ങിക്കഴിഞ്ഞയുടനെ തന്നെ നിരവധി വിമര്‍ശനങ്ങള്‍ പുസ്തകത്തെ സംബന്ധിച്ചും ഉയര്‍ന്നുവന്നിരുന്നു. ആണിന്‍റെ പ്രിവിലേജുകള്‍ നിറഞ്ഞ പുസ്തകമാണിതെന്നും വളരെ വൃത്തികെട്ട രീതിയിലാണ് എഴുത്തുകാരന്‍റെയും മോഡലിന്‍റെയും ബന്ധത്തെ വിശദീകരിച്ചിരിക്കുന്നത് എന്നുമായിരുന്നു പ്രധാന വിമര്‍ശനം. 

ഏതായാലും, ഈ അവാര്‍ഡ് ലഭിച്ചതില്‍ ഏറെ കടപ്പാടും സന്തോഷവുമുണ്ടെന്ന് ഫ്രേ പ്രതികരിച്ചു. 'തന്‍റെ കൂടെ അവസാന പട്ടികയിലെത്തിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍, കഴിഞ്ഞ വര്‍ഷം തനിക്ക് മണിക്കൂറുകളോളം മനോഹരമായ വായന സമ്മാനിച്ചവരാണ് നിങ്ങള്‍...' എന്നും ഫ്രേ പറഞ്ഞു.