ബാലകോട്ട് ആക്രമണത്തിന്റെയും ഇന്ത്യയുടെ രണ്ടാം സർജിക്കൽ സ്ട്രൈക്കിന്റെയും അഭിനന്ദന്റെ തിരിച്ചുവരവിന്റെയും ഒക്കെ പശ്ചാത്തലത്തിൽ അധികമാരും ചർച്ചചെയ്യാതെ വിട്ട ഒരു സംഭവമാണ് ഫെബ്രുവരി 27- ന് ബഡ്‌ഗാമിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് ആറ് സൈനികർക്ക് ജീവാപായമുണ്ടായത്.  ആ അപകടം സംഭവിക്കുന്നതിന് തൊട്ടുമുമ്പായി ഒരു ഇന്ത്യൻ എയർ ഡിഫൻസ് മിസൈൽ വിക്ഷേപിക്കപ്പെട്ടിരുന്നതായി പ്രാഥമിക അന്വേഷണങ്ങളിൽ വെളിപ്പെട്ടിരിക്കുന്നു എന്ന്  ഇന്നലെ എക്കണോമിക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. ഹെലികോപ്റ്റർ താഴെ വീണു കത്തുന്നതിനു മുമ്പ് വലിയൊരു പൊട്ടിത്തെറി ശബ്ദം കേട്ടിരുന്നു എന്ന് ദൃക്‌സാക്ഷികളുടെ മൊഴികളുമുണ്ട്. മിസൈൽ വിക്ഷേപണത്തിന്റെയും, ഹെലികോപ്റ്റർ ടേക്ക് ഓഫിന്റെയും അപകടത്തിന്റെയും ഒക്കെ സമയക്രമം വിശദമായ പരിശോധനകൾക്ക് വിധേയമാക്കുകയാണത്രെ സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം ഇപ്പോൾ. 

കോർട്ട് മാർഷ്യൽ നടപടികൾക്കുവരെ പട്ടാളം മടിക്കില്ല

ഹെലികോപ്ടറിന്റെ അവസാന നിമിഷങ്ങൾ വിശദമായ അന്വേഷണത്തിന് വിധേയമാകും. പ്രത്യേകിച്ചും, അത്യാധുനിക സംവിധാനമായാ IFF  - ഐഡന്റിഫൈ ഫ്രണ്ട് ഓർ ഫോ ആ നിമിഷങ്ങളിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നോ അതോ സ്വിച്ചോഫ് ചെയ്തിരിക്കുകയായിരുന്നോ എന്നും പരിശോധിക്കും. ഒരു മിലിട്ടറി കൺട്രോൾ സെന്ററിനെ സമീപിക്കുന്ന വിമാനം ശത്രുവിമാനമാണോ സ്വന്തം വിമാനമാണോ എന്നും അത് എത്ര ദൂരെയാണ്, ഏത് ദിശയിലേക്ക് എത്ര വേഗത്തിലാണ് വരുന്നത് എന്നൊക്കെ കണ്ടുപിടിക്കാനുള്ള അത്യാധുനിക സംവിധാനമാണ് IFF. ഈ അപകടത്തിന് കാരണമാവും വിധം ആരുടെയെങ്കിലും ഭാഗത്തുനിന്നും ഗുരുതരമായ കൃത്യവിലോപമുണ്ടായിട്ടുണ്ടെങ്കിൽ കോർട്ട് മാർഷ്യൽ നടപടികൾക്കുവരെ പട്ടാളം മടിക്കില്ല എന്ന് പട്ടാളത്തിലെ ഉന്നത കേന്ദ്രങ്ങൾ പറഞ്ഞതായി ET റിപ്പോർട്ട് ചെയ്യുന്നു. 

പാക്കിസ്ഥാൻ അന്നേദിവസം രണ്ട് ഇന്ത്യൻ പോർവിമാനങ്ങൾ വെടിവെച്ചിട്ടെന്ന് ആദ്യം അവകാശപ്പെടുകയും പിന്നീടത് ഒന്നെന്നു തിരുത്തുകയും ഒക്കെ ഉണ്ടായപ്പോൾ മാധ്യമങ്ങൾ ഈ ഹെലികോപ്റ്റർ അപകടത്തിനു പിന്നിലും പാക് കാര്യങ്ങൾ തന്നെയെന്ന് അന്ന് വാദിച്ചിരുന്നു. എന്നാൽ പാക് സൈനിക വൃത്തങ്ങൾ ഈ കോപ്ടർ അപകടവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് അന്നേ സ്ഥിരീകരിച്ചിരുന്നു. 

ആ അപകടത്തിന് തൊട്ടുമുമ്പേ ഒരു മിസൈൽ വിക്ഷേപിക്കപ്പെട്ടിരുന്നു

ബഡ്‌ഗാമിൽ തകർന്നുവീണത് ഒരു പാസഞ്ചർ ഹെലികോപ്റ്റർ ആയിരുന്നു. LoC യിൽ പാക് വിമാനങ്ങൾ അതിർത്തി ലംഘിച്ചു പറക്കുന്ന, അവയെ തുരത്താൻ വേണ്ടി ഇന്ത്യൻ പോർവിമാനങ്ങൾ ടേക്ക് ഓഫ് ചെയ്തു കൊണ്ടിരിക്കുന്ന, അങ്ങോട്ടും ഇങ്ങോട്ടും വെടിയുതിർക്കപ്പെട്ടുകൊണ്ടിരുന്ന ഒരു സമയത്താണ് ഈ ഹെലികോപ്റ്റർ തകർന്നുവീഴുന്നത്. ആ അപകടത്തിന് തൊട്ടുമുമ്പേ ഒരു മിസൈൽ വിക്ഷേപിക്കപ്പെട്ടിരുന്നു എന്ന കണ്ടെത്തൽ വരുന്ന സമയത്ത് സ്വാഭാവികമായും ഉയരുന്ന ഒരു സംശയം  ആ മിസൈലാണോ ഈ അപകടത്തിന് കാരണം എന്നതാവും. അതൊരു വലിയ സംശയം മാത്രമാണ് തൽക്കാലം. ആ ഒരു സമയ കാലയളവിൽ അവിടെ നടന്ന എല്ലാ സംഭവങ്ങളുടെയും സമയക്രമം കൃത്യമായ പഠനങ്ങൾക്ക് വിധേയമാക്കി അന്വേഷിച്ചെങ്കിലും മാത്രമേ ഇക്കാര്യം സംശയരഹിതമായി ഉറപ്പിച്ചു പറയാനാവുകയുള്ളൂ. 

എന്തായാലും ആ അപകടം നടന്നത് എന്തെങ്കിലും സാങ്കേതികതകരാറുകൾ മൂലമോ, അല്ലെങ്കിൽ താഴെ, കാശ്മീരിൽ നിന്ന് തന്നെ ഏതെങ്കിലും തീവ്രവാദികളുടെ കോപ്ടർ വേധ മിസൈലുകൾ ഏറ്റോ ഒക്കെ ആകാനുള്ള സാധ്യതകളും നിലവിലുണ്ട്. എന്തായാലും അക്കാര്യത്തിൽ ഒരു സ്ഥിരീകരണമുണ്ടാവാൻ സൈനിക അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോർട്ടിനായി കാത്തിരുന്നേ പറ്റൂ.