ബാൽക്കണിയുടെ ചുമരിടിഞ്ഞ് വീണു, ബൈക്ക് യാത്രികന് ദാരുണാന്ത്യം, പ്രചരിച്ച് ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ
യുവതി ഭർത്താവിനെ എങ്ങനെയെങ്കിലും അതിന്റെ അടിയിൽ നിന്നും വലിച്ചെടുക്കാനും രക്ഷിക്കാനും ശ്രമിക്കുന്നുണ്ട്. അധികം വൈകാതെ ചുറ്റുമുള്ളവരും യുവതിയുടെ സഹായത്തിനെത്തി. എന്നാൽ, യുവാവിന് സംഭവസ്ഥലത്ത് വച്ചു തന്നെ തന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു.

ബാൽക്കണിയുടെ ചുമരിടിഞ്ഞ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന ഭാര്യ പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവം നടന്നത് ഹരിയാനയിലെ പാനിപ്പത്തിലാണ്. അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. പച്രംഗ ബസാറിൽ കൂടി ബൈക്കിൽ പോവുകയായിരുന്നു യുവാവും ഭാര്യയും. പെട്ടെന്നാണ് പൊളിച്ചുകൊണ്ടിരുന്ന ഒരു കെട്ടിടത്തിന്റെ ബാൽക്കണിയുടെ ചുമരിടിഞ്ഞ് താഴേക്ക് പതിച്ചത്. ഞെട്ടിക്കുന്ന ഈ അപകടത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു.
റോഡിന് സമീപത്തുണ്ടായിരുന്ന കെട്ടിടം പൊളിച്ചു മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് ആ റോഡിലൂടെ യുവാവും ഭാര്യയും ബൈക്കിൽ വന്നത്. പെട്ടെന്ന് വീടിന്റെ ബാൽക്കണി ഇടിഞ്ഞ് താഴോട്ട് വീഴുകയായിരുന്നു. എന്നാൽ, ചുമരിടിഞ്ഞ് താഴെ വീഴുന്നതിന് മുമ്പായി ഭാര്യ ബൈക്കിൽ നിന്നും ചാടി. എന്നാൽ, യുവാവിന് ഒന്നും ചെയ്യാൻ സാധിച്ചില്ല. യുവാവിനും ബൈക്കിനും മുകളിലായി കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞു വീഴുകയാണ്.
ഭാര്യ പെട്ടെന്ന് തന്നെ ഓടിവന്ന് സഹായത്തിനായി അഭ്യർത്ഥിച്ചു. പക്ഷേ, അപ്പോഴേക്കും യുവാവും ബൈക്കും എല്ലാം
കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്ക് അടിയിൽ പെട്ടിരുന്നു. യുവതി ഭർത്താവിനെ എങ്ങനെയെങ്കിലും അതിന്റെ അടിയിൽ നിന്നും വലിച്ചെടുക്കാനും രക്ഷിക്കാനും ശ്രമിക്കുന്നുണ്ട്. അധികം വൈകാതെ ചുറ്റുമുള്ളവരും യുവതിയുടെ സഹായത്തിനെത്തി. എന്നാൽ, യുവാവിന് സംഭവസ്ഥലത്ത് വച്ചു തന്നെ തന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
സുശിൽ എന്ന യുവാവിനാണ് ദാരുണമായ സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ ഭാര്യയെ കൂടാതെ അതുവഴി പോവുകയായിരുന്ന മറ്റൊരാൾക്ക് കൂടി അപകടത്തിൽ പരിക്കേറ്റു. വലിയ തരത്തിലുള്ള പ്രതിഷേധമാണ് അപകടത്തെ തുടർന്ന് ഉയർന്നത്. ജോലിക്കാർ തീരെ ശ്രദ്ധയില്ലാതെയാണ് കെട്ടിടം പൊളിച്ചത് എന്നും അതാണ് അപകടത്തിന് കാരണമായത് എന്നും നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായിക്കാം: വായിക്കാം: മൂർഖനെയും പേടിയില്ല, പാമ്പിന്റെ വാലെടുത്ത് വായിൽ വച്ച് കുരങ്ങൻ, സംഭവിച്ചത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: