വളരെ സാധാരണയായി കാണുന്നതും വൈവിധ്യമാര്‍ന്ന സവിശേഷതകള്‍ ഉള്ളതുമായ സസ്യമാണ് മുള. ഭക്ഷണമായും മരുന്ന് നിര്‍മിക്കാനും പാചകത്തിനുപയോഗിക്കുന്ന പാത്രങ്ങള്‍, സംഗീതോപകരണങ്ങള്‍, തുണികള്‍, വീട്ടുപകരണങ്ങള്‍ എന്നിവയെല്ലാം നിര്‍മിക്കാനും മുള ഉപയോഗിക്കുന്നുണ്ട്. കൂടാതെ വീടുകളില്‍ നിലത്ത് സംരക്ഷണ കവചമായും സൈക്കിളിന്റെ ഫ്രെയിം ഉണ്ടാക്കാനും കന്നുകാലികളില്‍ പ്രത്യുല്‍പാദനശേഷി വര്‍ധിപ്പിക്കാനും ബീര്‍ നിര്‍മിക്കാനും മുള പ്രയോജനപ്പെടുത്തുന്നു.

മുളകള്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ പണിയുന്നതിലൂടെ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കെതിരെ ഫലപ്രദമായി പ്രതികരിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. വിയന്നയിലെ  നാച്ചുറല്‍ റിസോഴ്‌സസ് ആന്റ് ലൈഫ് സയന്‍സസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ സയന്റിഫിക് റിപ്പോര്‍ട്ട് എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ മുളകളുടെ ഘടനയെക്കുറിച്ചും താപചാലകത വഴി എങ്ങനെയാണ് ചൂട് പ്രവഹിക്കുന്നതെന്നും വിശദമായി പരിശോധിക്കുന്നുണ്ട്.

യുനൈറ്റഡ് നാഷന്‍സിലെ കെട്ടിടനിര്‍മാണ മേഖലയില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന കാര്‍ബണിന്റെ അളവ് 30 ശതമാനത്തിനും 40 ശതമാനത്തിനും ഇടയിലാണെന്ന് കണക്കാക്കപ്പെടുന്നു. സ്റ്റീലും സിമന്റും ധാരാളം ഊര്‍ജ്ജം പ്രയോജനപ്പെടുത്തുന്ന വസ്തുക്കളാണ്. കെട്ടിടങ്ങള്‍ക്ക് ചൂടും തണുപ്പും നല്‍കാനായി ഊര്‍ജം അടങ്ങിയ വസ്തുക്കള്‍ നിര്‍മാണപ്രവൃത്തിയില്‍ ഉപയോഗപ്പെടുത്തുന്നു. വീണ്ടും ഉണ്ടാക്കാന്‍ കഴിയുന്നതും സസ്യങ്ങളെ അടിസ്ഥാനമാക്കി നിര്‍മിക്കുന്നതുമായ വസ്തുക്കള്‍ക്ക് കെട്ടിടനിര്‍മാണത്തില്‍ ഫലപ്രദമായി ഊര്‍ജവിനിയോഗം സാധ്യമാക്കാന്‍ കഴിയുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഊര്‍ജത്തിന്റെ ഉപഭോഗം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്നു. സിമന്റും കമ്പിയും ഉപയോഗിച്ച് കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ മനുഷ്യന്റെ ഇടപെടല്‍ കാലാവസ്ഥയില്‍ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെ ചെറുത്തുനിര്‍ത്താന്‍ ഇത്തരം പുനര്‍നിര്‍മിക്കാന്‍ കഴിയുന്ന ഊര്‍ജവിഭവങ്ങള്‍ വഴി കഴിയുന്നതാണ്.

ഗവേഷകര്‍ നൂതനമായ സ്‌കാനിങ്ങ് തെര്‍മല്‍ മൈക്രോസ്‌കോപ്പിയാണ് പഠനം നടത്താന്‍ ഉപയോഗിച്ചത്. ഇത്തരം മൈക്രോസ്‌കോപ്പ് വഴി മുളകളുടെ കോശഭിത്തിയിലൂടെ പ്രവഹിക്കുന്ന ചൂടിന്റെ അളവും ചെടികളുടെ വാസ്‌കുലാര്‍ ടിഷ്യുവിന്റെ ഘടനയും ഇവര്‍ പരിശോധിച്ചു. വാസ്‌കുലാര്‍ ടിഷ്യു വഴിയാണ് പോഷകങ്ങളും ദ്രാവകങ്ങളും വഹിച്ചുകൊണ്ടുപോകുന്നത്.

ഒന്നിടവിട്ട കനംകുറഞ്ഞതും കനം കൂടിയതുമായ കോശഭിത്തികളോടുകൂടിയ ഫൈബറിന്റെ ഘടനയാണ് ഇവര്‍ കണ്ടെത്തിയത്. കനംകൂടിയ കോശഭിത്തിയാണ് ഏറ്റവും കൂടുതല്‍ താപചാലകത കാണിക്കുന്നതെന്നും, ഈ സവിശേഷതയാണ് മുളയുടെ കരുത്തിന് കാരണമാകുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു.

വളരെ വേഗത്തില്‍ വളരുന്ന സസ്യം

'മുള എന്ന സസ്യത്തെ വളരെ സമര്‍ഥമായ രീതിയിലാണ് പ്രകൃതി നിര്‍മിച്ചിരിക്കുന്നത്. ഓരോ 90 സെക്കന്റിലും ഈ സസ്യം ഒരു മില്ലിമീറ്റര്‍ വളരുമെന്നതുകൊണ്ടുതന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന സസ്യവുമാണ് മുള.' കേംബ്രിഡ്ജിലെ ആര്‍ക്കിടെക്ചര്‍ വകുപ്പിലെ ഉദ്യോഗസ്ഥനായ ദര്‍ശില്‍ ഷാ പറയുന്നു.

ഒരു കെട്ടിടത്തിന് താങ്ങാനാകുന്ന ചൂടിന്റെയും തണുപ്പിന്റെയും അളവ് ആശ്രയിച്ചിരിക്കുന്നത് കെട്ടിടം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളെയാണ്. മുളകളുടെ താപചാലകതയെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ ഉണ്ടാക്കിയാല്‍ കെട്ടിടനിര്‍മാണത്തിന് ഇത് വ്യാപകമായി ഉപയോഗപ്പെടുത്താവുന്നതാണ്.

ജനങ്ങള്‍ മുളയ്ക്ക് തീപ്പിടിച്ചാലുള്ള അപകടത്തെക്കുറിച്ചാകാം ചിന്തിക്കുന്നത്. 'യഥാര്‍ഥത്തില്‍ മുളയുടെ കട്ടികൂടിയ കോശഭിത്തിയിലൂടെയാണ് ചൂട് പ്രവഹിക്കുന്നത്. മുളയിലുള്ള ഈ ഫൈബറിന്റെ പ്രത്യേകത തീപിടിക്കുന്ന അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തെ എങ്ങനെ ശക്തിപ്പെടുത്താമെന്ന് കണ്ടെത്താന്‍ ഞങ്ങളെ സഹായിച്ചിട്ടുണ്ട്.' ഷാ തങ്ങളുടെ കണ്ടുപിടിത്തത്തെക്കുറിച്ച് പറയുന്നു.

മുളയിലെ വ്യത്യസ്ത ഇനങ്ങള്‍

മുളകളിലെ 1200 -ല്‍ ക്കൂടുതല്‍ ഇനങ്ങള്‍ ഇന്ന് കണ്ടെത്തിയിട്ടുണ്ട്. ഓരോ മുളയിനവും അദ്ഭുതപ്പെടുത്തുന്ന ഗുണങ്ങളുള്ളവയാണ്. ഇതില്‍ വളരെ കുറച്ച് മാത്രമേ കെട്ടിടനിര്‍മാണത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയൂ. ഡെന്‍ഡ്രോകാലമസ്, ബാംബൂസ്, ഫൈല്ലോസ്റ്റാക്കിസ്, ഗോഡുവാ എന്നീ ഇനങ്ങളാണ് നിര്‍മാണപ്രക്രിയയ്ക്ക് നല്ലത്.

മുളകളെ അറിയാം

മുളകളില്‍ ഭക്ഷണമാക്കാവുന്ന ഇനമുണ്ട്. പൂന്തോട്ടങ്ങളില്‍ അലങ്കാരമായും ബോണ്‍സായ് രൂപത്തിലും മുളകള്‍ നട്ടുവളര്‍ത്താം. ചില ഇനങ്ങള്‍ അലങ്കാരത്തിന് മാത്രം വളര്‍ത്താവുന്നതാണ്. മുളകള്‍ വളര്‍ത്താന്‍ തയ്യാറെടുക്കുന്നവര്‍ മണ്ണും കാലാവസ്ഥയും അനുയോജ്യമാണോയെന്ന് പരിശോധിക്കണം.

വലിയ കെട്ടിടങ്ങള്‍  നിര്‍മിക്കാന്‍ ഏറ്റവും അനുയോജ്യമായത് ഡെന്‍ഡ്രോകാലമസ് ആസ്പര്‍ എന്നയിനമാണ്. ഇന്തോനേഷ്യയിലും സൗത്ത് ഈസ്റ്റ് ഏഷ്യയിലും ഫിലിപ്പീന്‍സിലുമാണ് ഈയിനത്തില്‍പ്പെട്ട മുള കാണപ്പെടുന്നത്.  ഇന്തോനോഷ്യയിലെ ബാലി എന്ന ദ്വീപില്‍ മനോഹരമായ സ്മാരകങ്ങള്‍ ഡെന്‍ഡ്രോകാലമസ് ആസ്പര്‍ എന്ന ഇനത്താല്‍ നിര്‍മിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന മുളവീടുകള്‍ ഇവിടെ നമുക്ക് കാണാവുന്നതാണ്.

മുള കൃഷി ചെയ്യാം

ഏതു കാലാവസ്ഥയിലും മുള നന്നായി വളരും. കൃഷിഭൂമിക്ക് ചരിവുണ്ടാകരുത്. വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലത്ത് തൈകള്‍ നടരുത്. നീര്‍വാര്‍ച്ച വേണം. നഴ്‌സറികളില്‍ നിന്നും സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും തൈകള്‍ ലഭ്യമാണ്.

രണ്ടു ചെടികള്‍ തമ്മിലും രണ്ടുനിരകള്‍ തമ്മിലും കുറഞ്ഞത് അഞ്ച് മീറ്റര്‍ അകലം വേണം. ഒരേക്കറില്‍ കുറഞ്ഞത് 160 ചുവട് കൃഷി ചെയ്യാം. കുറ്റിച്ചെടിയുടെ രൂപത്തിലാണ് ഇത് വളരുക. മൂന്നാം വര്‍ഷത്തെ മഴയ്ക്കു ശേഷമേ വേഗത്തില്‍ വളരുകയുള്ളു. പിന്നീട് മൂന്നോ നാലോ മാസങ്ങള്‍ കൊണ്ട് പരമാവധി ഉയരത്തിലെത്തും. അതിനുശേഷം ഒരു വര്‍ഷത്തിനുള്ളില്‍ മൂപ്പെത്തി വിളവെടുക്കാം.