Asianet News MalayalamAsianet News Malayalam

ബംഗ്ലാദേശ് ലംഘിച്ചത് 'ഫ്ലാഗ് മീറ്റിങ്ങി'ന്റെ സാമാന്യമര്യാദ, ബിഎസ്എഫ് ഭടനെ കൊന്നത് കടുത്ത വിശ്വാസവഞ്ചന

ബോട്ടിൽ കയറി തിരിച്ച് ഇന്ത്യൻ മണ്ണിലേക്ക് പോരുന്നതിനിടെ പിന്നിൽ നിന്ന്  തികച്ചും അപ്രകോപിതമായി സയ്യദ് എന്ന BGB ഗാർഡ്, തന്റെ എകെ 47 തോക്കുകൊണ്ട്, BSF കോൺസ്റ്റബിൾ ആയ വിജയ് ഭാൻ സിങ്ങ് എന്ന അമ്പത്തൊന്നുകാരന്‍റെ തലയ്ക്ക് വെടിവെക്കുകയായിരുന്നു

Bangladesh breaches the code of flag meeting by shooting down BSF constable
Author
West Bengal, First Published Oct 18, 2019, 1:02 PM IST

ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിൽ ഒരു ബിഎസ്എഫ് ജവാന് ജീവൻ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള വിശദവിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. 

ഗംഗയുടെ ഒരു പ്രധാന കൈവഴിയായ പദ്മാ നദിയിൽ മീൻപിടിക്കാൻ വേണ്ടി പോയതായിരുന്നു ഇന്ത്യൻ പൗരന്മാരായ മൂന്നു ഗ്രാമവാസികൾ. അവരെ ബംഗ്ലാദേശി അതിർത്തി സംരക്ഷണ സേനയായ ബിജിബി - ബോർഡർ ഗാർഡ്‌സ് ബംഗ്ലാദേശ്, തടഞ്ഞുവെച്ച് ചോദ്യം ചെയ്യുന്നു. ശേഷം ഒരാളെ തടഞ്ഞുവെച്ച് രണ്ടുപേരെ തിരിച്ചയക്കുന്നു. ബാക്കിയുള്ള ഒരാളെ വിടണമെങ്കിൽ ബിഎസ്എഫ് സൈനികരോട് ഫ്ലാഗ് മീറ്റിങ്ങിന് വരാൻ വേണ്ടി ഈ രണ്ടുപേർ മുഖാന്തിരം സന്ദേശം കൊടുത്തയച്ചു അവർ. പദ്മാ നദിയിലെ ഹിൽസാ മത്സ്യങ്ങളെപ്പിടിക്കാൻ രണ്ടു രാജ്യങ്ങളിലെയും പാവപ്പെട്ട ഗ്രാമീണർ സ്ഥിരമായി ഇറങ്ങിപ്പുറപ്പെടുകയും ഇടയ്ക്കിടെ എതിർരാജ്യത്തിന്റെ പിടിയിൽ അകപ്പെടുകയും ചെയ്യാറുണ്ട്. അപ്പോഴൊക്കെ സ്ഥിരമായി നടത്താറുള്ള ഒന്നാണ് ഈ ഫ്ലാഗ് മീറ്റിംഗ് എന്ന അനുനയസംഭാഷണം.

ഫ്ലാഗ് മീറ്റിങ് എന്നത് രാജ്യാന്തര അതിർത്തികളിൽ സ്ഥിരമായി നടക്കുന്ന ഒരു അഭ്യാസക്രമമാണ്. ഇരുരാജ്യങ്ങളുടെയും അതിർത്തി സൈനികർക്കിടയിൽ ഉടലെടുക്കുന്ന ക്രമസമാധാന തർക്കങ്ങൾ രമ്യമായി പരിഹരിക്കുക എന്നതാണ് ഒരു ഫ്ലാഗ് മീറ്റിങ്ങിന്റെ ഉദ്ദേശ്യം. ഇരു പക്ഷത്തേയും ഒരു സംഘം ആളുകൾ അതിർത്തിക്കടുത്തുള്ള ഏതെങ്കിലും ഒരിടത്തുവെച്ച്  യോഗം ചേരും. ഇരുപക്ഷത്തുനിന്നും ഓരോ സൈനികർ സമാധാന സൂചകമായി ഒരു കൊടിയും പിടിച്ചുകൊണ്ട് നടന്നുചെല്ലുന്നതുകൊണ്ടാണ് പ്രസ്തുത സമ്മേളനത്തിന് ഫ്ലാഗ് മീറ്റിങ് എന്ന് പേർ വിളിക്കുന്നത്. യാതൊരു തരത്തിലുള്ള  പരസ്പര പ്രകോപനങ്ങളോ അക്രമണങ്ങളോ ഒന്നും തന്നെ ഈ ഫ്ലാഗ് മീറ്റിംഗുകളിൽ പാടില്ല എന്നതാണ് പണ്ടുമുതലേയുള്ള പരസ്പര ധാരണ. ഏതെങ്കിലും ഒരു രാജ്യത്തിൻറെ മണ്ണിലോ, അല്ലെങ്കിൽ അതിർത്തിയിൽ ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള 'നോ മാൻസ് ലാൻഡി'ലോ ഒക്കെ വെച്ച് ഇത്തരത്തിലുള്ള ഫ്ലാഗ് മീറ്റിംഗുകൾ സംഘടിപ്പിക്കപ്പെടാറുണ്ട്. 

Bangladesh breaches the code of flag meeting by shooting down BSF constable

ബംഗാളിലെ ബംഗ്ലാദേശ് അതിർത്തിയിലാണ് സംഭവമുണ്ടായത്. കാക്മാരിചാറിൽ ഉള്ള ബിഎസ്എഫ് പോസ്റ്റിൽ ചെന്നാണ് ആ മീൻപിടിത്തക്കാർ ബിഎസ്എഫുകാരെ സഹായത്തിനായി വിളിച്ചുകൊണ്ടുപോകുന്നത്. രാവിലെ പത്തരയോടെ ഒരു ബോട്ടിൽ പദ്മാ നദിയിലൂടെ സഞ്ചരിച്ചുകൊണ്ട് 117 ബറ്റാലിയന്റെ പോസ്റ്റ് കമാണ്ടർ, ഒരു സബ് ഇൻസ്‌പെക്ടർ, നാല് കോൺസ്റ്റബിൾമാർ എന്നിവരടങ്ങുന്ന ആറംഗപാർട്ടിയാണ് സന്ധിസംഭാഷണത്തിനായി ബിജിബി വിളിച്ചിടത്തേക്ക് ചെന്നത്. എന്നാൽ, അവിടെ ചെന്നപ്പോൾ സംസാരം അധികം വൈകാതെ പരസ്പരമുള്ള തർക്കങ്ങളിലേക്ക് കടന്നു എന്നും, എണ്ണത്തിൽ കൂടുതലുണ്ടായിരുന്ന ബിജിബി ഭടന്മാർ വളഞ്ഞു നിന്ന് ഭീഷണിപ്പെടുത്തുകയും, ബിഎസ്എഫുകാരെ തടഞ്ഞുവെക്കാൻ നോക്കുകയും ചെയ്യുകയായിരുന്നു.

സാഹചര്യം വഷളാകുന്നത് കണ്ടപ്പോൾ ബിഎസ്‍എഫ് പാര്‍ട്ടി അവിടെ നിന്ന് തിരികെ നടന്നു. ബോട്ടിൽ കയറി തിരിച്ച് ഇന്ത്യൻ മണ്ണിലേക്ക് പോരുന്നതിനിടെ പിന്നിൽ നിന്ന് അപ്രതീക്ഷിതവും  തികച്ചും അപ്രകോപിതവുമായി ബിജിബിയിലെ സയ്യദ് എന്ന ഒരു ഗാർഡ്, തന്റെ എകെ 47 തോക്കുകൊണ്ട്, ബിഎസ്എഫ് കോൺസ്റ്റബിൾ ആയ വിജയ് ഭാൻ സിങ്ങ് എന്ന അമ്പത്തൊന്നുകാരനെ വെടിവെക്കുകയായിരുന്നുവത്രേ. രണ്ടാമത്തെ വെടി ചെന്നുകൊണ്ടത് മറ്റൊരു കോൺസ്റ്റബിൾ ആയ രാജ്‌വീർ യാദവിന്റെ കയ്യിലായിരുന്നു. മനസ്സാന്നിധ്യം വീണ്ടെടുത്ത് ബോട്ട് സ്റ്റാർട്ട് ചെയ്ത അവിടെ നിന്ന് തിരികെ പോന്ന യാദവാണ് ബാക്കിയുള്ളവരുടെ ജീവൻ രക്ഷിച്ചത്. 

Bangladesh breaches the code of flag meeting by shooting down BSF constable

കൊല്ലപ്പെട്ട വിജയ് ഭാൻ സിങ്ങ്, പരിക്കേറ്റ രാജ്‌വീർ യാദവ്  

യാതൊരു പ്രകോപനവും കൂടാതെയാണ് ബിജിബിക്കാർ വെടിവെച്ചത് എന്ന് ബിഎസ്എഫ് പറഞ്ഞു. എന്നാൽ, തങ്ങളുടെ സൈനികർ ആത്മരക്ഷാർത്ഥമാണ് വെടിവെച്ചത് എന്ന് ബിജിബി വക്താക്കളും പറയുന്നുണ്ട്. വെടിയേറ്റ വിജയ് ഭാൻ സിങ്ങ് ബോട്ടിൽ വെച്ചുതന്നെ മരിച്ചു. രണ്ടാമത്തെ കോൺസ്റ്റബിളിന്റെ പരിക്കുകൾ സാരമുള്ളതല്ല. ബിജിബി കസ്റ്റഡിയിലുള്ള ആ മീൻപിടുത്തക്കാരനും ഇപ്പോഴും കസ്റ്റഡിയിൽ തന്നെ തുടരുകയാണ്. 

ഇന്ത്യക്കും ബംഗ്ലാദേശിനുമിടയിൽ ഏകദേശം 4500 കിലോമീറ്ററോളം ദൂരത്തിൽ പരന്നുകിടക്കുന്ന അതിവിശാലമായ ഒരു അതിർത്തിയാണ് ഉള്ളത്. കഴിഞ്ഞ കുറേക്കാലമായി അതിർത്തി പ്രദേശങ്ങളിൽ ഒറ്റപ്പെട്ട അക്രമങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ഒരു ഫ്ലാഗ് മീറ്റിങ്ങിലും അക്രമം റിപ്പോർട്ടുചെയ്യപ്പെട്ടിട്ടില്ല. അവസാനമായി 2005 -ൽ ഫ്ലാഗ് മീറ്റിങിനിടെ  ബംഗ്ലാദേശി റൈഫിൾസ് ഭടന്മാർ ബിഎസ്എഫിന്റെ ഒരു അസിസ്റ്റന്റ് കമാൻഡന്റിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊന്ന സംഭവം മാത്രമാണ് ഇതിന് അപവാദമായി ഉള്ളത്. 

ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ പ്രകോപനപരമായ ആക്രമണത്തെ വളരെ ഗൗരവമായിട്ടാണ് ഇന്ത്യൻ സൈന്യം കാണുന്നത്.  ബിഎസ്എഫ് ദക്ഷിണ ബംഗാൾ ഐജി ഐ ബി ഖുറാനിയ, ബിജിബിയുടെ ഉത്തരപശ്ചിമ മേഖലാ കമാൻഡറായ ബെൻസീർ അഹമ്മദിനെ തന്റെ അതൃപ്തി നേരിട്ട് അറിയിച്ചിട്ടുണ്ട്. കടുത്ത വിശ്വാസവഞ്ചനയാണ് ബിജിബിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത് എന്ന് അദ്ദേഹം അറിയിച്ചു. ഈ സംഭവത്തിന്റെ സത്യാവസ്ഥ കണ്ടെത്താൻ വേണ്ടി വിശദമായ അന്വേഷണങ്ങൾക്ക് ബംഗ്ലാദേശ് സൈന്യം ഉത്തരവിട്ടിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios