റഷ്യയിലെ ലെനിൻഗ്രാഡ് മേഖലയിലെ ഒരു കോഴി ഫാമിൽ ബംഗ്ലാദേശി, ഉസ്ബെക്കിസ്ഥാൻ തൊഴിലാളികൾ തമ്മിൽ വലിയ സംഘർഷമുണ്ടായി. ഒരു ചുംബനത്തെ ചൊല്ലിയുണ്ടായ തർക്കം രൂക്ഷമായ ഏറ്റുമുട്ടലിൽ കലാശിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് 12 പേരെ അറസ്റ്റ് ചെയ്തു.

റഷ്യയിലെ ഒരു കോഴി ഫാമിലെ തൊഴിലാളികൾ തമ്മിലുണ്ടായ രക്ഷരൂക്ഷിതമായ സംഘർഷത്തിൽ 20 ഓളം പേർക്ക് പരിക്ക്. ഇതിൽ ഏഴു പേരുടെ വില ഗുരുതരമാണെന്നും പ്രാദേശിക റഷ്യൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയിലെ ലെനിൻഗ്രാഡ് മേഖലയിലെ പ്രിലഡോഷ്സ്കി ഗ്രാമത്തിലെ സിനിയാവ്സ്കയ കോഴി ഫാമിലാണ് സംഘർഷം റിപ്പോര്‍ട്ട് ചെയ്തത്. സംഘർഷത്തെ തുടർന്ന് ഫാമിലെ ജോലിക്കാരായ 12 ഓളം പേരെ റഷ്യൻ പോലീസ് അറസ്റ്റ് ചെയ്തെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
ചുംബനത്തിൽ നിന്നും സംഘർഷത്തിലേക്ക്
വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന കോഴി ഫാമിലാണ് സംഘർഷം ഉടലെടുത്ത്. 47 ന്യൂസിന്‍റെ റിപ്പോര്‍ട്ടുകൾ പ്രകാരം ഒരു ബംഗ്ലാദേശി തൊഴിലാളി തന്‍റെ ജോലിക്കിടെ ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള മറ്റൊരു തൊഴിലാളിയെ ചുംബിച്ചു. ഇത് ഉസ്ബെക്ക് തൊഴിലാളിയുടെ അച്ഛൻ കാണുകയും അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ കോഴി ഫാമിലെ ഉസ്ബെക്ക് തൊഴിലാളികളും ബംഗ്ലാദേശി തൊഴിലാളികളും തമ്മിൽ സംഘർഷം ഉടലെടുത്തു. ഇതോടെ കോഴി ഫാമിലെ സെക്യുരിറ്റി ഉദ്യോഗസ്ഥർ രംഗത്തെത്തുകയും ഇരു സംഘങ്ങളെയും പിരിച്ച് വിടുകയും ചെയ്തു. എന്നാൽ, തൊഴിലാളികളുടെ ഷിഫ്റ്റ് തീർന്നതിന് പിന്നാലെ താമസ സ്ഥലത്ത് വച്ച് വീണ്ടും സംഘർഷം ഉടലെടുക്കുകയായിരുന്നു.
20 പേർക്ക് പരിക്ക്, ഏഴ് പേരുടെ നില ഗുരുതരം
ഇരുവിഭാഗത്തിലുമായി ഏതാണ്ട് 60 കുടിയേറ്റ തൊഴിലാളികളാണ് സംഘർഷത്തിൽ ഉൾപ്പെട്ടിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. താമസസ്ഥലത്ത് ലഭ്യമായ എല്ലാ ആയുധങ്ങളും സംഘർഷത്തിനിടെ പ്രയോഗിക്കപ്പെട്ടെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സംഘർഷത്തെ കുറിച്ച് അറിഞ്ഞ് റഷ്യൻ പോലീസ് സംഭവ സ്ഥലത്ത് എത്തുമ്പോൾ ഏതാണ്ട് 20 പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ ഏഴ് പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. നിലവിൽ ഇവരെ പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാനായി റഷ്യൻ പോലീസ് 12 ഓളം പേരെ അറസ്റ്റ് ചെയ്തെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.


