നേരത്തെ തന്നെ വിവിധ ശാരീരികാവസ്ഥകളിൽ ഉള്ളവരെ പ്രതിനിധീകരിക്കുന്ന പാവകൾ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. അക്കൂട്ടത്തിൽ ചരിത്രം കുറിക്കുന്ന മറ്റൊരു നീക്കമായിത്തീർന്നു ഇത്.
ഈ ലോകത്തിന് സൗന്ദര്യത്തിന്റെ കാര്യത്തിൽ ചില പ്രത്യേകതരം അളവുകോലുകളുണ്ട്. ഇത്ര മെലിഞ്ഞിട്ട്, ഇന്ന നിറത്തിൽ എന്നിങ്ങനെയെല്ലാം. അതുപോലെ തന്നെയാണ് പലപ്പോഴും കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും വരുന്നത്. ലോകപ്രശസ്തമായ പാവയാണ് ബാർബി. കുട്ടികൾക്കെല്ലാം വളരെ ഇഷ്ടവുമാണ് ബാർബിയെ. എന്നാൽ, കുറേ കാലങ്ങളായി ബാർബി പരമ്പരാഗതമായ സൗന്ദര്യ സങ്കൽപങ്ങളെ പൊളിച്ചെഴുതിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഡൗൺ സിൻഡ്രോം അവസ്ഥയിലുള്ള ബാർബി പാവയുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കൻ പാവ നിർമാണ കമ്പനിയായ മാറ്റെൽ.
യുഎസ്എ നാഷണൽ ഡൗൺ സിൻഡ്രോം സൊസൈറ്റിയുമായി സഹകരിച്ചാണ് ഇങ്ങനെയൊരു പാവ കമ്പനി നിർമ്മിച്ചിരിക്കുന്നത്. പുതിയ ബാർബി, കമ്പനിയുടെ Fashionistas ശ്രേണിയുടെ ഭാഗമാണ്. കൂടാതെ £13.99 (1,426.85 Indian Rupee) വില വരുന്ന പാവയ്ക്ക് ഇന്നലെ മുതൽ പ്രീ ഓർഡർ സൗകര്യവും ഉണ്ട്. ബ്രിട്ടീഷ് മോഡലും ഡൗൺസിൻഡ്രോം ബാധിതയുമായ എല്ലി ഗോൾഡ്സ്റ്റീൻ പാവയ്‍ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്ക് വച്ചിട്ടുണ്ട്. ഇങ്ങനെ ഒരു പാവയെ കണ്ടതിൽ വളരെ അധികം സന്തോഷമുണ്ട് എന്നും എല്ലി പറഞ്ഞു. ഈ ബാർബിയെ കണ്ടപ്പോൾ താൻ വികാരഭരിതയായിപ്പോയി എന്നും വളരെ അധികം അഭിമാനം തോന്നി എന്നും എല്ലി കുറിച്ചു.
നേരത്തെ തന്നെ വിവിധ ശാരീരികാവസ്ഥകളിൽ ഉള്ളവരെ പ്രതിനിധീകരിക്കുന്ന പാവകൾ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. അക്കൂട്ടത്തിൽ ചരിത്രം കുറിക്കുന്ന മറ്റൊരു നീക്കമായിത്തീർന്നു ഇത്. ഡൗൺസിൻഡ്രോം ബാധിച്ച ഒരാളെ പ്രതിനിധാനം ചെയ്യുകയാണ് ഇതുവഴി ചെയ്തത് എന്ന് കമ്പനി പറഞ്ഞു. ആദ്യമായിട്ടാവും ഡൗൺസിൻഡ്രോം ബാധിച്ച കുട്ടികൾക്ക് തങ്ങളെ പോലെ തന്നെയുള്ള പാവകളുമായി കളിക്കാനുള്ള അവസരം കിട്ടുന്നത് എന്ന് നാഷണൽ ഡൗൺ സിൻഡ്രോം സൊസൈറ്റിയുടെ പ്രസിഡന്റും സി.ഇ.ഒ.യുമായ കാൻഡി പികാർഡും പറഞ്ഞു.
