തലയ്ക്കും ക്യാമറയ്ക്കും ഇടയിലായിട്ടാണ് ആദ്യം അവൾ വവ്വാലിനെ കണ്ടത്. അതോടെ അവൾ പേടിച്ച് അലറിപ്പോയി. ആ സമയത്താണ് വവ്വാൽ അവളുടെ വായിൽ കയറിയത്.

വായയിൽ വവ്വാൽ കയറിയതിന് പിന്നാലെ മസാച്യുസെറ്റ്സിൽ ഒരു യുവതിക്ക് ചികിത്സയ്ക്കായി ചെലവായത് 20,000 ഡോളർ. അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 18 ലക്ഷം രൂപ വരും ഇത്.

അരിസോണയിലേക്കുള്ള ഒരു യാത്രക്കിടെയാണ് എറിക്ക കാൻ എന്ന 33 -കാരിയുടെ വായയിൽ വവ്വാൽ കയറിയത്. രാത്രി ആകാശത്തിന്റെ ഫോട്ടോകൾ എടുക്കുകയായിരുന്നു എറിക്ക. ഇപ്പോൾ റാബിസ് പ്രതിരോധ ചികിത്സയ്ക്ക് പിന്നാലെ കനത്ത സാമ്പത്തിക പ്രയാസത്തിലാണ് താൻ എന്നാണ് എറിക്ക പറയുന്നത്.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് അരിസോണയിൽ വച്ച് ഫോട്ടോ എടുക്കുന്നതിനിടെ ഈ വിചിത്രമായ സംഭവമുണ്ടായത് എന്നാണ് കെഎഫ്എഫ് ഹെൽത്ത് ന്യൂസിനോട് എറിക്ക പറഞ്ഞത്. തലയ്ക്കും ക്യാമറയ്ക്കും ഇടയിലായിട്ടാണ് ആദ്യം അവൾ വവ്വാലിനെ കണ്ടത്. അതോടെ അവൾ പേടിച്ച് അലറിപ്പോയി. ആ സമയത്താണ് വവ്വാൽ അവളുടെ വായിൽ കയറിയത്.

കുറഞ്ഞ നിമിഷങ്ങൾക്കുള്ളിൽ തന്നെ വവ്വാൽ പറന്നുപോവുകയും ഈ സംഭവങ്ങളെല്ലാം അവസാനിക്കുകയും ചെയ്തു. അവൾ അപ്പോൾ തന്നെ ഡോക്ടർ കൂടിയായ തന്റെ അച്ഛനെ വിവരം അറിയിച്ചു. അച്ഛൻ അപ്പോൾ തന്നെ അവളോട് വാക്സിനുകൾ എടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ, തനിക്ക് വവ്വാലിന്റെ കടിയേറ്റിട്ടില്ല എന്ന് കരുതിയതിനാൽ അവൾ വാക്സിൻ എടുത്തില്ല.

ബയോമെഡിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്ന തന്നെ അടുത്തിടെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായും എറിക്ക പറയുന്നു. ചികിത്സ തുടങ്ങണമെന്ന് മനസിലായതിന് പിന്നാലെ അവൾ ഒരു ആരോ​ഗ്യ ഇൻഷുറൻസ് പോളിസിയും എടുത്തു. ചികിത്സയിൽ സഹായകമാകും എന്ന് കരുതിയാണ് അത് ചെയ്തത്. എന്നാൽ, 30 ദിവസം കാത്തിരിക്കാനാണ് അവർ പറഞ്ഞത്.

പിന്നാലെ, മറ്റൊരു ഇൻഷുറൻസ് കമ്പനിയേയും സമീപിച്ചു. കുറച്ച് ബില്ലുകൾ അടച്ചുപോകാൻ അത് സഹായകരമായി. ഏതായാലും, ചികിത്സയ്ക്ക് പണമില്ലെന്നും കനത്ത സാമ്പത്തിക പ്രയാസത്തിലാണെന്നുമാണ് എറിക്ക പറയുന്നത്.