വിശാലമായ ഒരു വിശ്രമമുറി, വലിയ ഒരു മാസ്റ്റർ ബെഡ്‌റൂം, സ്റ്റഡി റൂം, അടുക്കള, ഷവർ സൗകര്യമുള്ള കുളിമുറി, വിശാലമായ വീട്ടുമുറ്റം എന്നിവയെല്ലാം കൊണ്ട് വീട് വളരെ സാധാരണമായ ഒരു വീടാണ്. എന്നാൽ, കിടപ്പുമുറിയുടെ നടുവിൽ പണിത കുളിമുറി മാത്രമാണ് വീടിനെ വേറിട്ടതാക്കുന്നത്. 

വലുത്, ചെറുത്, പുതിയ മോഡലിലുള്ളത്, പഴയ മോഡലിലുള്ളത് അങ്ങനെ പലതരം വീടുകളും നമ്മൾ കാണാറുണ്ട്. അതുപോലെ തന്നെ ഇതെന്ത് ഡിസൈൻ എന്ന് തോന്നിക്കുന്ന ചില വീടുകളും ഉണ്ട്. അതുപോലെ ഒരു വീട് ഇപ്പോൾ യുകെ -യിൽ വിൽപനയ്ക്ക് എത്തിയിരിക്കുകയാണ്. 

എന്താണ് ഈ വീടിന്റെ പ്രത്യേകത എന്നോ? അതിൽ ഒരു കിടപ്പുമുറിയുടെ ഒത്ത നടുവിലായി ഒരു ബാത്ത്‍റൂം കാണാം. 1.6 കോടി രൂപയാണ് ഈ വീടിന്റെ വില. ബർമിം​ഗ്ഹാമിലാണ് വീട് സ്ഥിതി ചെയ്യുന്നത്. അതിൽ ഒരു കിടപ്പുമുറിയിൽ ബാത്ത്റൂം പണിതിരിക്കുന്നത് അങ്ങോട്ടോ ഇങ്ങോട്ടോ ഒരു ഭാ​ഗത്തേക്കോ മാറിയിട്ടൊന്നുമല്ല, മറിച്ച് മുറിയുടെ നടുവിലായിട്ടാണ്. 

റൈറ്റ്മൂവ് എന്ന വെബ്‌സൈറ്റിൽ യുകെയിലെ ബിർമിംഗ്ഹാമിലെ മൂന്ന് കിടപ്പുമുറികളുള്ള ഈ വീട് കണ്ടെത്തിയത് റെബേക്ക ഗ്ലോവർ എന്ന സ്ത്രീയാണ്. ഗോർഡൻ ജോൺസ് എസ്റ്റേറ്റ് ഏജന്റുമാരാണ് വീട് വിൽപനയ്ക്ക് വച്ചിരുന്നത്. വിശാലമായ ഒരു വിശ്രമമുറി, വലിയ ഒരു മാസ്റ്റർ ബെഡ്‌റൂം, സ്റ്റഡി റൂം, അടുക്കള, ഷവർ സൗകര്യമുള്ള കുളിമുറി, വിശാലമായ വീട്ടുമുറ്റം എന്നിവയെല്ലാം കൊണ്ട് വീട് വളരെ സാധാരണമായ ഒരു വീടാണ്. എന്നാൽ, കിടപ്പുമുറിയുടെ നടുവിൽ പണിത കുളിമുറി മാത്രമാണ് വീടിനെ വേറിട്ടതാക്കുന്നത്. 

റിപ്പോർട്ട് അനുസരിച്ച്, വീട് വിറ്റു പോയോ ഇല്ലയോ എന്നത് വ്യക്തമല്ല. ഏതായാലും ഇങ്ങനെ മുറിയുടെ നടുവിൽ സുതാര്യമായ കുളിമുറി പണിയുന്നത് ലോകത്തെ ആദ്യത്തെ ഡിസൈനിം​ഗ് ഒന്നുമല്ല. ചില ഹോട്ടൽ മുറികളിലും ഇത്തരത്തിൽ മുറിയുടെ നടുവിലായി സുതാര്യമായ ബാത്ത്‍റൂം കാണാം. പലരും ഇതൊക്കെ ആസ്വദിക്കാറും ഉണ്ട്. ഏതായാലും ഒരു സാധാരണ വീട്ടിൽ ഇങ്ങനെ കിടപ്പുമുറിയുടെ ഒത്ത നടുവിലൊരു ബാത്ത്‍റൂം പണിയാനുള്ള ചേതോവികാരം എങ്ങനെയുണ്ടായി എന്നത് വ്യക്തമല്ല.