ഇപ്പോള്‍ അവര്‍ ദില്ലിയിലെ പ്രതിരോധ മന്ത്രാലയത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ്. എന്നാല്‍ അവരുടെ ഈ ഉയര്‍ച്ചയ്ക്ക് പിന്നില്‍ വര്‍ഷങ്ങളുടെ കണ്ണീരിന്റെയും, ദുരിതങ്ങളുടെയും കയ്പ്പുണ്ട്.  

സ്ത്രീധനത്തിന്റെ പേരില്‍ പീഡനം അനുഭവിക്കുന്ന നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. പുറത്തറിഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയും, മക്കളെ വച്ച് വിലപേശിയും ഇരയെ അവര്‍ നിശ്ശബ്ദരാക്കുന്നു. 

എന്നാല്‍, ഭര്‍ത്താവിന്റെയും, വീട്ടുകാരുടെയും പീഡനം സഹിച്ച് ഭയന്ന് കഴിയുന്ന സ്ത്രീകള്‍ മാത്രമല്ല, ആ ഊരാക്കുരുക്കില്‍ നിന്ന് രക്ഷപ്പെട്ട് സ്വന്തമായി ജീവിതം കെട്ടിപ്പടുത്തവരും നമുക്കിടയിലുണ്ട്. ചുമരില്‍ തട്ടുന്ന ഒരു പന്തിന്റെ ശക്തിയോടെ ജീവിതത്തിലേയ്ക്ക് തിരിച്ച് കയറുന്നവര്‍. അതിനൊരു ഉദാഹരണമാണ് ഗുജറാത്ത് നിവാസിയായ കോമള ഗണത്ര. ഇപ്പോള്‍ അവര്‍ ദില്ലിയിലെ പ്രതിരോധ മന്ത്രാലയത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ്. എന്നാല്‍ അവരുടെ ഈ ഉയര്‍ച്ചയ്ക്ക് പിന്നില്‍ വര്‍ഷങ്ങളുടെ കണ്ണീരിന്റെയും, ദുരിതങ്ങളുടെയും കയ്പ്പുണ്ട്.

ഗുജറാത്തിലെ സവര്‍കുന്ദ്ലാണ് കോമല്‍ ജനിച്ചത്. തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യം ചെറുപ്പം മുതലേ കുടുംബം അവള്‍ക്ക് നല്‍കിയിരുന്നു. വലിയ വലിയ സ്വപ്നങ്ങള്‍ കാണാനും, അതിനായി സന്ധിയില്ലാതെ അധ്വാനിക്കാനും അച്ഛന്‍ അവളെ പ്രോത്സാഹിപ്പിച്ചു. അവള്‍ സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ് സാഹിത്യം എന്നിവയില്‍ ബിരുദം നേടി. വിശാഖ് ബിരുദം നേടുകയും ചെയ്തു.

അപ്പോഴെല്ലാം അവളുടെ സ്വപ്നം സിവില്‍ സര്‍വീസായിരുന്നു. വെറും 4 വയസ്സുള്ളപ്പോള്‍, അച്ഛന്‍ അവളെ അതിനായി പാകപ്പെടുത്താന്‍ തുടങ്ങിയതാണ്. ഒടുവില്‍ വലുതായപ്പോള്‍ അവള്‍ അത് നേടാനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചു. 1980 -കളില്‍ ഗുജറാത്തിലെ ഒരു ചെറിയ പട്ടണത്തില്‍ സ്ത്രീകള്‍ ഇത്തരം കാര്യങ്ങള്‍ സ്വപ്നം കാണുന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമായിരുന്നു. എന്നാല്‍ അവള്‍ക്ക് പൂര്‍ണപിന്തുണ നല്‍കി കുടുംബം. 

............................................

പിന്നീട് പുനര്‍വിവാഹം ചെയ്ത അവള്‍ ഇപ്പോള്‍ രണ്ടര വയസ്സുള്ള ഒരു കുഞ്ഞിന്റെ അമ്മ കൂടിയാണ്. 

ഇതിനിടയിലാണ് 2008 -ല്‍ അവളുടെ വിവാഹം നടന്നത്. ന്യൂസിലാന്റില്‍ നിന്നുള്ള ഒരു ബിസിനസ്സുകാരനായിരുന്നു വരന്‍. സ്വപ്നങ്ങള്‍ തത്കാലത്തേക്ക് മാറ്റി വച്ച് അവള്‍ കല്യാണത്തിന് ഒരുങ്ങി. അങ്ങനെ 26 -ാം വയസ്സില്‍ അവള്‍ വിവാഹിതയായി.

വിവാഹം കഴിഞ്ഞതോടെ അവളുടെ ജീവിതം മാറാന്‍ തുടങ്ങി. ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവരായിരുന്നു. പക്ഷേ അവരുടെ ചിന്താഗതികള്‍ പഴഞ്ചനായിരുന്നു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞില്ല, സ്ത്രീധനം ആവശ്യപ്പെട്ട് പീഡനമായി. എന്നാല്‍ സ്ത്രീധനത്തിന്റെ പേരില്‍ ഒരു ചില്ലിക്കാശ് പോലും കൊടുക്കാന്‍ അവള്‍ തയ്യാറായില്ല. അവര്‍ അവളെ മാനസികമായും, ശാരീരികമായും പീഡിപ്പിച്ചു. എന്നിട്ടും അവള്‍ വഴങ്ങിയില്ല. ഒടുവില്‍ അവളുടെ ഭര്‍ത്താവ് അവളെ ഉപേക്ഷിച്ച് ന്യൂസിലാന്റിലേക്ക് പോയി. 

സ്വപ്നങ്ങള്‍ എല്ലാം മാറ്റിവച്ച് വിവാഹജീവിതത്തിലേയ്ക്ക് കയറി വന്ന അവള്‍ക്ക് അത് താങ്ങാനായില്ല. മകളുടെ കണ്ണുനീര്‍ കാണാനാകാതെ കുടുംബം തളര്‍ന്നു. 

അപ്പോഴും അവള്‍ ഒരിക്കലും പ്രതികാരം ചെയ്യാന്‍ ഉദ്ദേശിച്ചില്ല. മറിച്ച് നീതി ലഭിക്കണമെന്ന് ആഗ്രഹിച്ചു. അതിനായി പോലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങി. ഭര്‍ത്താവിനെ കണ്ടെത്താമെന്ന പ്രതീക്ഷയോടെ ന്യൂസിലാന്റ് ഗവര്‍ണര്‍ ജനറലിന് കത്തെഴുതി. എന്നിട്ടും കാര്യമുണ്ടായില്ല. 'എന്നെ ഉപേക്ഷിച്ച ഒരാളുടെ പിന്നാലെ പോയിട്ട് എന്താണ് എന്നെനിക്ക് പിന്നീട് തോന്നി. അങ്ങനെ ഞാന്‍ എന്റെ ജീവിതത്തിനും, സ്വപ്നങ്ങള്‍ക്കും പുറകെ പായാന്‍ തീരുമാനിച്ചു,' -അവള്‍ പറഞ്ഞു. 

തുടര്‍ന്ന്, അവള്‍ സിവില്‍ സര്‍വീസ് എന്ന സ്വപ്നത്തെ പൊടിതട്ടി എടുത്തു അവള്‍. എന്നാല്‍ നാട്ടിലന്ന് ഇന്റര്‍നെറ്റോ, ഇംഗ്ലീഷ് ദിനപത്രങ്ങളോ ലഭ്യമായിരുന്നില്ല. പുസ്തകങ്ങള്‍ വാങ്ങാന്‍ കൈയില്‍ പണവുമുണ്ടായിരുന്നില്ല. എന്നാല്‍ അവളിലെ പോരാളി ഈ തടസ്സങ്ങളെ വളരാനുള്ള അവസരങ്ങളായി കണ്ടു മുന്നേറി.

പണത്തിനായി അവള്‍ അടുത്തുളള സ്‌കൂളില്‍ അധ്യാപികയായി ജോലിയ്ക്ക് ചേര്‍ന്നു. അവധിദിവസങ്ങളില്‍ കോച്ചിങിനായി അഹമ്മദാബാദിലേക്ക് പോയി. പരീക്ഷാകേന്ദ്രം മുംബൈയിലായിരുന്നു. ഒരിക്കലും സംസ്ഥാനത്തിന് പുറത്ത് പോകാത്ത അവള്‍ക്ക് മുംബൈ പോലുള്ള ഒരു വലിയ നഗരത്തിലേക്കുള്ള യാത്ര ബുദ്ധിമുട്ടുണ്ടാക്കി. എന്നാലും അവള്‍ പോയി, പരീക്ഷ എഴുതി. പക്ഷേ ആദ്യ ശ്രമത്തില്‍ അവള്‍ക്ക് വിജയിക്കാനായില്ല. 

പിന്നെയും അവള്‍ എഴുതി. ഒന്നിന് പുറകെ ഒന്നായി വന്ന പ്രശ്‌നങ്ങള്‍ അവളെ കെട്ടിയിടാന്‍ നോക്കിയെങ്കിലും, അവള്‍ കീഴ്പ്പെട്ടില്ല. ഭര്‍ത്താവ് ഉപേക്ഷിച്ച അവളെ ബന്ധുക്കള്‍ നിരന്തരമായ അധിക്ഷേപിച്ചു. പകല്‍ മുഴുവന്‍ ജോലി നോക്കി തളര്‍ന്ന അവള്‍ രാത്രികളില്‍ ഉറക്കമുഴിഞ്ഞ് പഠിച്ചു. ഇതിനിടയില്‍ കോച്ചിങ് ക്ലാസുകളിലേക്കുള്ള യാത്രകളും കൂടിയായപ്പോള്‍ അവള്‍ ആകെ തളര്‍ന്നു.

എന്നിരുന്നാലും തോല്‍ക്കാന്‍ അവള്‍ക്ക് മനസ്സില്ലായിരുന്നു. ഒടുവില്‍ 2012 -ല്‍ 591 റാങ്ക് നേടി അവള്‍ വിജയിക്കുക തന്നെ ചെയ്തു. ആ വര്‍ഷം മൂന്നാം ശ്രമത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ച 11 യുപിഎസ്സി സ്ഥാനാര്‍ത്ഥികളില്‍ ഒരാളായി അവള്‍ മാറി. 

പിന്നീട് പുനര്‍വിവാഹം ചെയ്ത അവള്‍ ഇപ്പോള്‍ രണ്ടര വയസ്സുള്ള ഒരു കുഞ്ഞിന്റെ അമ്മ കൂടിയാണ്. 

ഇന്നും കോമാളിനെ പോലെ വിവാഹത്തോടെ സ്വന്തം സ്വപ്നങ്ങളും, പ്രതീക്ഷകളും പെട്ടിയില്‍ വച്ച് പൂട്ടുന്ന നിരവധി സ്ത്രീകളുണ്ടാകും. സ്വയം ശപിക്കാതെ, നിസ്സഹായയായി നില്‍ക്കാതെ നഷ്ടമായതിനെ തിരിച്ച് പിടിക്കാനും, അടിച്ചമര്‍ത്തലുകള്‍ക്ക് നേരെ വീറോടെ പോരാടാനും കോമളിന്റെ ജീവിതം നമ്മെ ഓര്‍മിപ്പിക്കുന്നു.