Asianet News MalayalamAsianet News Malayalam

എഫ്‌എ കപ്പ് ലൈവ് കവറേജിനിടെ അശ്ലീല ശബ്ദം, ക്ഷമാപണവുമായി ബിബിസി

തൊട്ടടുത്ത ദിവസം അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഒരു മൊബൈൽ ഫോണിൻറെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇങ്ങനെ കുറിച്ചു. ഈ ഫോൺ ഞങ്ങളുടെ കമന്ററി ബോക്സിൽ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു.

bbc apologises for  pornographic noises while  FA Cup match
Author
First Published Jan 18, 2023, 3:12 PM IST

ലോകം മുഴുവൻ കേട്ടുകൊണ്ടിരിക്കുന്ന ഒരു ലൈവ് കമന്ററിക്കിടയിൽ തീർത്തും അവിചാരിതമായി ചില അശ്ലീല ശബ്ദങ്ങൾ പെട്ടെന്ന് കേട്ടാൽ എന്തായിരിക്കും അവസ്ഥ. ആരായാലും ഒന്ന് അമ്പരന്നു പോകും അല്ലേ. അത്തരത്തിൽ ഒരു അമ്പരപ്പായിരുന്നു എഫ് എ കപ്പിൽ കഴിഞ്ഞ ദിവസത്തെ ലിവർപൂളും വോൾവർഹാംപ്ടൺ വാണ്ടറേഴ്സും തമ്മിൽ നടന്ന മത്സരത്തിന്റെ കമന്ററി കേട്ടവർക്ക് ഉണ്ടായത്. ഗാരി ലിനേക്കറും അലൻ ഷിയറും ആയിരുന്നു കമന്ററി പറഞ്ഞുകൊണ്ടിരുന്നത്. 

മത്സരത്തിനിടയിൽ ഗാരി ലിനേക്കർ, അലൻ ഷിയറോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കമന്ററി ബോക്സിൽ നിന്നും ഒരു സ്ത്രീയുടെ അശ്ലീല ശബ്ദം ഉയർന്നു കേട്ടത്. എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയുന്നതിന് മുൻപ് തന്നെ ആ ശബ്ദം ലൈവിൽ പോയി എന്നതാണ് സത്യം. കമന്ററി ബോക്സിൽ ഉണ്ടായിരുന്നവർ പോലും ഇനിയെന്തു ചെയ്യും എന്നറിയാതെ അമ്പരന്നുനിന്നു. അതോടെ ലൈവ് കമൻററി തടസ്സപ്പെട്ടു. എന്താണ് സംഭവിക്കുന്നത് എന്ന് തനിക്ക് അറിയില്ലെന്നും നിങ്ങൾ ആ ശബ്ദം കേട്ടോ എന്നും കമന്ററിക്കിടയിൽ ലിനേക്കർ പറഞ്ഞു. ആരോ ആരുടെയോ ഫോണിൽ എന്തൊക്കെയോ അയക്കുന്നതാണെന്നും അദ്ദേഹം കമന്ററിക്കിടയിൽ കൂട്ടിച്ചേർത്തു. 

തൊട്ടടുത്ത ദിവസം അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഒരു മൊബൈൽ ഫോണിൻറെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇങ്ങനെ കുറിച്ചു. ഈ ഫോൺ ഞങ്ങളുടെ കമന്ററി ബോക്സിൽ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു. ഇതിൽനിന്നാണ് ശബ്ദം കേട്ടത്. അതോടൊപ്പം തന്നെ സംഭവത്തിൽ ബിബിസി ആരാധകരോട് ക്ഷമാപണം നടത്തുകയും ചെയ്തു.

എന്നാൽ, ഇപ്പോൾ സംഭവം വിവാദമായതോടെ ഇതിനെല്ലാം പിന്നിൽ താനാണ് എന്ന് വെളിപ്പെടുത്തിക്കൊണ്ട് യൂട്യൂബിൽ പ്രാങ്ക് വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന ഒരു യൂട്യൂബർ രംഗത്തെത്തിയിരിക്കുകയാണ്. 'ജാർവോ' എന്നാണ് ഇയാൾ സ്വയം വിശേഷിപ്പിക്കുന്നത്. ഡാനിയേൽ ജാർവിസ് എന്നാണ് ഇയാളുടെ യഥാർത്ഥ പേര്. 2021 സെപ്റ്റംബറിൽ ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിനിടെ പിച്ചിലേക്ക് ഓടിയതിന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും എല്ലാ കായിക ഇനങ്ങളിൽ നിന്നും ജാർവോയെ കഴിഞ്ഞ വർഷം വിലക്കിയിരുന്നു. എന്നാൽ ഇയാളുടെ അവകാശവാദത്തോട് ബിബിസി ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Follow Us:
Download App:
  • android
  • ios