'എന്നാലും ഈ കരടി ഒരു മാന്യനാണ്. ഞങ്ങൾ വീട്ടിലുണ്ടോ എന്ന് അറിയുന്നതിനായി വീടിന്റെ ഡോർബെൽ അടിച്ചുനോക്കിയല്ലോ' എന്ന് വീഡിയോയുടെ കാപ്ഷനിൽ പറഞ്ഞിരിക്കുന്നത് കാണാം.
വളരെ രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളെ ചിരിപ്പിച്ച് കൊണ്ടിരിക്കുന്നത്. ന്യൂ ഹാംഷെയറിലാണ് സംഭവം. സാധാരണ വന്യമൃഗങ്ങൾ വീട്ടിൽ വന്നാൽ മുന്നും പിന്നും നോക്കാതെ അതിക്രമിച്ച് കയറുകയാണ് പതിവ് അല്ലേ? എന്നാൽ, ഈ വീഡിയോയിൽ കാണുന്നത് അല്പം മാന്യനായ ഒരു കരടിയെയാണ്. അത് തന്നെയാണ് വീഡിയോ വൈറലാവാൻ കാരണവും.
കരടി തന്റെ പിൻകാലിൽ നിന്ന് ഒരു വീടിന്റെ ഡോർബെല്ലടിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ജെയ് ലിവൻസ് എന്നയാളാണ് ന്യൂ ഹാംഷെയറിലെ ഒരു ലോക്കൽ ഫേസ്ബുക്ക് ഗ്രൂപ്പിൽ ഈ ദൃശ്യങ്ങൾ ഷെയർ ചെയ്തത്. വീഡിയോയിൽ, അവിടെയൊക്കെ അലഞ്ഞുതിരിഞ്ഞ് നടന്ന ശേഷം കരടി ഒരു വീടിന്റെ മുൻവാതിലിനടുത്തി നിൽക്കുന്നത് കാണാം. സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്.
കൗതുകത്തോടെ അവിടമെല്ലാം ചുറ്റി നടന്ന ശേഷം കരടി തന്റെ പിൻകാലുകൾ ഉയർത്തി നിന്ന് നഖങ്ങൾ കൊണ്ട് ഡോർബെൽ അമർത്തുന്നതാണ് കാണുന്നത്. പിന്നീട്, ആരെങ്കിലും വന്ന് വാതിൽ തുറന്ന് തന്നെ അകത്തേക്ക് വിളിക്കും എന്നതുപോലെ ജനാല വഴി അകത്തേക്ക് നോക്കുന്നതും വീഡിയോയിൽ കാണാം.
'എന്നാലും ഈ കരടി ഒരു മാന്യനാണ്. ഞങ്ങൾ വീട്ടിലുണ്ടോ എന്ന് അറിയുന്നതിനായി വീടിന്റെ ഡോർബെൽ അടിച്ചുനോക്കിയല്ലോ' എന്ന് വീഡിയോയുടെ കാപ്ഷനിൽ പറഞ്ഞിരിക്കുന്നത് കാണാം.
നിരവധിപ്പേരാണ് ഈ രസകരമായ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇത് ശരിക്കും സംഭവിച്ചത് തന്നെ ആണോ എന്നാണ് പലരും അമ്പരപ്പോടെ ചോദിച്ചിരിക്കുന്നത്. മറ്റ് പലരും അത് കുട്ടിക്കരടി ആണോ എന്ന് ചോദിച്ചിട്ടുണ്ട്. അതേസമയം, മറ്റൊരാൾ ചോദിച്ചത്, 'ഡോർബെൽ അടിച്ചപ്പോൾ ക്യാമറയിൽ നോക്കാതെ നേരെപ്പോയി വാതിൽ തുറന്നിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥ' എന്നാണ്.


