റായലു ശ്രീനിവാസ് എന്ന ശ്രീനു എന്ന നരേന്ദ്ര എന്ന സന്തോഷ് എന്ന റായലു എന്ന കുംട എന്ന ശ്രീനിവാസ്, അഥവാ രമണ്ണ എന്ന മുതിർന്ന മാവോയിസ്റ്റ് നേതാവ്  ബസ്തറിലെ കൊടുങ്കാട്ടിനുള്ളിൽ മൂന്നു ദിവസങ്ങൾക്കുമുമ്പ് ഹൃദയാഘാതം വന്ന് മരിച്ചു എന്നാണ് രഹസ്യ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരത്തെ അടിസ്ഥാനപ്പെടുത്തി ഛത്തിസ്ഗഢ് പൊലീസ് പറയുന്നത്. ഒന്നല്ല, രണ്ടല്ല, നിരവധി മാവോയിസ്റ്റ് ആക്രമണങ്ങളുടെ പിന്നിലെ തലച്ചോറാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്. 1989 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ 150 സുരക്ഷാ സൈനികരുടെ കൊലപാതകവും, പകൽക്കൊള്ളയുടെ 32 സംഭവങ്ങളുമുണ്ട് രമണ്ണയുടെ പേരിൽ. തലയ്ക്കു മീതെ ഉള്ളത് ആകെ 1.4  കോടിയുടെ ഇനാമാണ്. 

രമണ്ണയുടെ തലയ്ക്ക് പ്രഖ്യാപിക്കപ്പെട്ടിരുന്ന ഇനാം ആകെ 1.4  കോടിയുടേതായിരുന്നു. ഇതിൽ മഹാരാഷ്ട്ര സർക്കാരിന്റെ 60 ലക്ഷം, തെലങ്കാനയുടെ 25 ലക്ഷം, ഛത്തീസ്ഗഢ് സർക്കാർ വക 40  ലക്ഷം, ജാർഖണ്ഡ് സർക്കാർ വക 12 ലക്ഷം എന്നിവ പെടും. 

രമണ്ണ ചുക്കാൻ പിടിച്ച പ്രധാന ആക്രമണങ്ങൾ ഇവയൊക്കെ 

1.  1992 ജൂൺ  4  - സുക്‌മ  ജില്ലയിലെ ഗോലാപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ പൊലീസ് വാഹനത്തിനുനേരെ നടന്ന കുഴിബോംബാക്രമണത്തിൽ 6 ജവാന്മാർ മരിക്കുന്നു. 
2. 2007 ജൂലൈ 9 - സുക്‌മ ജില്ലയിലെ തന്നെ എറോബോർ പൊലീസ് സ്റ്റേഷൻ പരിധിയിൽ സിആർപിഎഫ് ഭടന്മാർക്കുനേരെ നടന്ന ആക്രമണത്തിൽ 23 പേർ മരിക്കുന്നു. 
3. 2010  ജൂൺ 6 -ന് സുക്‌മയിലെ ചിന്താഗുഫാ പൊലീസ് സ്റ്റേഷൻ പരിധിയിൽ സിആർപിഎഫിന്റെ അറുപത്തിരണ്ടാം ബറ്റാലിയനു നേരെ നടന്ന അക്രമണത്തിൽ 76 പേർ കൊല്ലപ്പെടുന്നു. 
4. 2014 ഡിസംബർ 1 -ന് ചിന്താഗുഫാ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ആക്രമണത്തിൽ 14 ജവാന്മാർ കൊല്ലപ്പെടുന്നു. 
5. 2015 ഏപ്രിൽ 1 -ന് ചിന്താഗുഫാ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ആക്രമണത്തിൽ 7  ജവാന്മാർ കൊല്ലപ്പെടുന്നു. 

1982 -ലാണ് സിപിഐ(മാവോയിസ്റ്റ്) എന്ന സംഘടനയിലെ ഭദ്രാചലം ദളത്തിൽ രമണ്ണ കേഡർ അംഗമാവുന്നത്. അവിടെ ഡെപ്യൂട്ടി കമാൻഡറായ ഉയർന്ന ശേഷമാണ് രമണ്ണയെ 1989 -ൽ  ബസ്തർ പ്രദേശത്തിന്റെ കമാൻഡറായി നിയോഗിക്കുന്നത്. വരാന്തകളിൽ നിന്ന് ബസ്തറിൽ എത്തിയ ശേഷം രമണ്ണ പ്രദേശവാസിയായ സാവിത്രി എന്ന ആദിവാസിയെ വിവാഹം കഴിച്ചിരുന്നു. സാവിത്രിയും മാവോയിസ്റ്റ് സംഘടനയിൽ പ്രവർത്തിക്കുന്ന ആളാണ്. അവരുടെ 23 വയസ്സുളള മകൻ രഞ്ജിത്തും മാവോയിസ്റ്റായി പ്രവർത്തിക്കുകയാണ്.  

മരിച്ചിരിക്കുന്നത് രമണ്ണ തന്നെയാണോ എന്ന കാര്യം സ്ഥിരീകരിക്കാൻ പൊലീസിന് ഇനിയും തെളിവുകളൊന്നും കിട്ടിയിട്ടില്ല. പക്ഷേ, പ്രാദേശിക ഇന്റലിജൻസ് സംവിധാനങ്ങളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾക്കും, ബസ്തറിൽ കഴിഞ്ഞ ദിവസമുണ്ടായ സംസ്‌കാരച്ചടങ്ങിൽ പങ്കുചേരാൻ വേണ്ടി വന്നെത്തിയ വൻ ജനാവലിയും  സൂചിപ്പിക്കുന്നത് മരിച്ചത് രമണ്ണ തന്നെയാണെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.