മാസങ്ങള്‍ നീണ്ടുനിന്ന സിറിയ - റഷ്യന്‍ ബോംബ് വര്‍ഷത്തിനുശേഷം സിറിയയിലെ കാഫര്‍ നബിള്‍ ഇന്ന് നിരവധിക്കണക്കിന് വരുന്ന പൂച്ചകള്‍ക്ക് വാസകേന്ദ്രമായിരിക്കുകയാണ്. ഇന്നവിടെ മനുഷ്യരേക്കാളധികം പൂച്ചകളാണ്. ബോംബ് വര്‍ഷങ്ങളെ അതിജീവിച്ച പൂച്ചകളും മനുഷ്യരും അവിടെ പരസ്‍പരം താങ്ങായി നില്‍ക്കുന്നതാണ് ഇന്ന് കാണുന്ന കാഴ്‍ച.

എല്ലാം തകര്‍ന്നിരിക്കുന്നു... ബോംബ് തകര്‍ത്ത ആ അവശിഷ്‍ടങ്ങള്‍ക്കിടയില്‍ ഒരു മേശയുടെ സമീപം ബോംബില്‍നിന്ന് രക്ഷപ്പെട്ട ഒരു മനുഷ്യനിരിക്കുന്നു. 32 -കാരനായ സലാ ജാര്‍. പക്ഷേ, അദ്ദേഹം തനിച്ചല്ല. അര ഡസനിലധികം പൂച്ചകളുണ്ട് അദ്ദേഹത്തിന് കൂട്ടിന്. "ഈ പൂച്ചകൾ ഇങ്ങനെ ചേര്‍ന്നിരിക്കുമ്പോള്‍ ഇത് ആശ്വാസകരമാണ്. ഈ ബോംബാക്രമണം, തകര്‍ക്കപ്പെടലുകള്‍, ഈ കഷ്‍ടപ്പാടുകൾ എന്നിവയെല്ലാം വല്ലാതെ ഭയപ്പെടുത്തുന്നതായി തോന്നുന്നു." അദ്ദേഹം പറയുന്നു.

 

സലായുടെ ജന്മനഗരമായ കാഫര്‍ നബിളില്‍ ഒരുകാലത്ത് 40,000 -ത്തിലധികം ആളുകൾ താമസിച്ചിരുന്നു. എന്നാലിന്ന്, 100 -ൽ താഴെ ആളുകൾ മാത്രമേ ഇവിടെ അവശേഷിക്കുന്നുള്ളൂ. പക്ഷേ, ഇവിടെ എത്ര പൂച്ചകളുണ്ടെന്ന് ഊഹിക്കാൻ പ്രയാസമാണ്. തീർച്ചയായും നൂറുകണക്കിന്, ആയിരക്കണക്കിനുണ്ട് എന്ന് പറയാനാകും.

''വളരെയേറെ ആളുകള്‍ കഫര്‍ നബിളുപേക്ഷിച്ച് പോയി. അതുകൊണ്ട് തന്നെ ജനസംഖ്യ വളരെ വളരെ കുറഞ്ഞു. ഈ പൂച്ചകള്‍ക്ക് അവയെ സംരക്ഷിക്കാനും സ്നേഹത്തോടെ പരിചരിക്കാനും ആരെങ്കിലും വേണം. അവയ്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കണം. അതുകൊണ്ട് തന്നെ അവ ഇവിടെ ശേഷിക്കുന്ന ആളുകളുടെ വീടുകളിലേക്കെത്തുന്നു. ഓരോ വീട്ടിലും ഇപ്പോള്‍ പതിനഞ്ച് പൂച്ചകളെങ്കിലും ഉണ്ട്. ചില വീടുകളില്‍ അതിനേക്കാളേറെ...'' സലാ പറയുന്നു. സലാ ഇപ്പോഴും അടുത്തുള്ള ഒരു റേഡിയോ സ്റ്റേഷനില്‍ റിപ്പോര്‍ട്ടറായി ജോലി ചെയ്യുന്നുണ്ട്. അതിന്‍റെ സ്റ്റുഡിയോയും മറ്റും അടുത്തിടെ നടന്നൊരു വ്യോമാക്രമണത്തില്‍ തകര്‍ന്നിരുന്നു.

ബോംബ് വര്‍ഷിക്കാനുള്ള സാധ്യതകളെ കുറിച്ച് ആ റേഡിയോ സ്റ്റേഷന്‍ മുന്നറിയിപ്പ് നല്‍കി. ഒപ്പം തന്നെ വാര്‍ത്തകള്‍, കോമഡി, ഫോണ്‍ ഇന്‍ പ്രോഗ്രാം എന്നിവയെല്ലാം പ്രക്ഷേപണം ചെയ്‍തു. മനുഷ്യര്‍ക്കിടയിലും പൂച്ചകള്‍ക്കിടയിലും അവ പ്രശസ്‍തമാണ്. നിരവധി പൂച്ചകള്‍ അവിടം തങ്ങളുടെ വീടുമാക്കി മാറ്റിയിട്ടുണ്ട്. അതിന്‍റെ സ്ഥാപകനായ റയിദ് ഫെയര്‍സ് അവയ്‍ക്ക് വേണ്ടി പ്രത്യേകം തുക തന്നെ മാറ്റിവെക്കാറുണ്ടായിരുന്നു. അവയ്ക്ക് പാലും ചീസും വാങ്ങുന്നതിനായിട്ടായിരുന്നു തുക മാറ്റിവെച്ചു പോന്നിരുന്നത്. പക്ഷേ, 2018 നവംബറില്‍ ഒരു ഇസ്ലാമിസ്റ്റ് ഗണ്‍മാന്‍റെ വെടിയേറ്റ് റയീദ് കൊല്ലപ്പെട്ടു. എത്രയോ പൂച്ചകള്‍ ഈ കെട്ടിടത്തിലാണ് പിറന്നുവീണത്. അതിലൊരെണ്ണം വെള്ളയില്‍ ബ്രൗണ്‍ പുള്ളികളുള്ളത്. അത് റയീദുമായി കൂടുതല്‍ അടുപ്പത്തിലായിരുന്നു. അതെപ്പോഴും അദ്ദേഹത്തിന്‍റെ കൂടെ നടന്നു. പലപ്പോഴും അദ്ദേഹത്തിന്‍റെ അരികില്‍ കിടന്ന് ഉറങ്ങുക പോലും ചെയ്‍തു.

''ചിലപ്പോള്‍ ഞങ്ങള്‍ തെരുവിലൂടെ നടന്നുപോകുമ്പോള്‍ ഒരു 20-30 പൂച്ചകളൊക്കെ നമ്മുടെ കൂടെ നടന്നുവരും. ചിലപ്പോള്‍ വീട്ടില്‍ വരെ അവ കൂടെത്തന്നെ കാണും.'' സലാ പറയുന്നു. പൂച്ചകള്‍ മാത്രമല്ല, രാത്രിയായാല്‍ നായകളുടെയും ശബ്‍ദം കേള്‍ക്കാം തെരുവില്‍ അവയും വീടോ ഭക്ഷണമോ ഇല്ലാതെ അലയുന്നവ തന്നെയാണ്. തല ചായ്ക്കാന്‍ ഒരിടത്തിനും കഴിക്കാന്‍ ഭക്ഷണത്തിനുമായുള്ള അലച്ചില്‍ അവയെ പലപ്പോഴും ഈ പൂച്ചകളുമായി മത്സരത്തിന് പ്രേരിപ്പിക്കുന്നു. എല്ലായ്പ്പോഴും ഒറ്റ വിജയി മാത്രമേ ആ മത്സരത്തിലുണ്ടാകാറുള്ളൂ. തീര്‍ച്ചയായും അതാ പൂച്ചകള്‍ തന്നെയാണ്. 

ഇതില്‍ പല പൂച്ചകളും അവിടെയുള്ള പല വീടുകളിലും അരുമയോടെ വളര്‍ത്തുന്നവയായിരുന്നു. എന്നാല്‍, പലരും വീടും നാടുമുപേക്ഷിച്ച് ഓടിപ്പോകേണ്ടി വന്നതോടെ അവ അനാഥരായി. സലാ അടക്കമുള്ള നാട്ടില്‍ത്തന്നെ തുടരുന്നവര്‍ക്കുപോലും എപ്പോഴാണ് വീടുവിട്ടിറങ്ങേണ്ടി വരിക എന്നോ എങ്ങനെയാണ് നാളേക്കുള്ള ഭക്ഷണം കണ്ടെത്തുക എന്നോ അറിയില്ല. പക്ഷേ, അപ്പോഴും ഉള്ള ഭക്ഷണം പൂച്ചകള്‍ക്ക് കൂടിവേണ്ടി മാറ്റിവെക്കുന്നു ഇവര്‍. ''ഞാനെപ്പോഴാണോ ഭക്ഷണം കഴിക്കുന്നത് അപ്പോള്‍ അവരും കഴിക്കുന്നു. അത് പച്ചക്കറിയോ, ബ്രെഡ്ഡോ, നൂഡില്‍സോ ആകാം. അവയും വളരെ ദുര്‍ബലരാണ് അവയ്ക്കും ഒരു താങ്ങ് ആവശ്യമുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളതെ''ന്നും സലാ പറയുന്നു. 

 

പലപ്പോഴും നിരന്തരമായുണ്ടായ ബോംബ് വര്‍ഷത്തില്‍ പൂച്ചകള്‍ക്കും പരിക്കേല്‍ക്കുകയും ജീവന്‍ നഷ്‍ടപ്പെടുകയുമുണ്ടാവുന്നുണ്ട്. ഉള്ള മരുന്നുകളുപയോഗിച്ച് അവയെ പരിചരിക്കാന്‍ ശ്രമിക്കുന്നുവെന്ന് സലാ പറയുന്നു. ''എനിക്കൊരു സുഹൃത്തുണ്ട്. ആളുടെ വീട്ടില്‍ പൂച്ചയുണ്ട്. ഒരിക്കല്‍ ഒരു റോക്കറ്റ് വന്നിടിച്ച് അതിന് പരിക്കേറ്റു. അതിന്‍റെ മുന്‍ഭാഗം ഇല്ലാത്തവണ്ണം തകര്‍ന്നു. പക്ഷേ, ഞങ്ങളതിന് ഇഡ്‍ലിബ് നഗരത്തില്‍ചെന്ന് കൃത്യമായ ചികിത്സ നല്‍കി. ഇപ്പോഴത് നടക്കാന്‍ തുടങ്ങി'' എന്നും സലാ പറയുന്നു. 

പ്രസിഡണ്ട് ബഷര്‍ അല്‍ അസദിന്‍റെ സൈന്യം ഇപ്പോഴും കാഫര്‍ നബിളില്‍ നിന്നും അകലെയല്ല. ഇങ്ങനെ പോയാല്‍ ഈ നഗരം തന്നെ ഇല്ലാതായേക്കും. തന്‍റെയും സുഹൃത്തുക്കളുടേയും ഇല്ലാതാവലുകളെ കുറിച്ചല്ല. ആ നഗരം തന്നെ ഇല്ലാതാവുന്നതിനെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട് സലാ.  ''ഞങ്ങള്‍ നല്ലതും ചീത്തയുമായ കാലങ്ങളെല്ലാം ഒരുമിച്ചു പങ്കുവെച്ചു. ആഹ്ളാദവും വേദനയും പലപല ഭയങ്ങളും പങ്കുവെച്ചു. അവര്‍ ജീവിതത്തില്‍ നമ്മുടെ കൂട്ടാളികളായി മാറി.'' സലാ പറഞ്ഞു. ചീത്തയില്‍ ചീത്തയായ കാര്യങ്ങള്‍ സംഭവിച്ചാല്‍ കാഫ്ര്‍ നബിള്‍ വിട്ടു പലായനം ചെയ്യേണ്ടി വന്നാല്‍ താനും സുഹൃത്തുക്കളും പറ്റാവുന്നിടത്തോളം പൂച്ചകളെയും കൂടെക്കൂട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

യുദ്ധത്തിന് മനുഷ്യരെന്നോ മൃഗങ്ങളെന്നോ വ്യത്യാസമില്ല. തന്‍റെ വഴിയില്‍ കാണുന്നതിനെയെല്ലാം അത് നശിപ്പിക്കും. ആ സമയത്ത് ഇങ്ങനെ പരസ്‍പരം ചേര്‍ത്തുനില്‍പ്പല്ലാതെ എന്താണ് ചെയ്യാനാവുക?