Asianet News MalayalamAsianet News Malayalam

കൊവിഡ് മഹാമാരിയെ മോദി സർക്കാർ പ്രതികാരത്തിന് ഉപയോഗിക്കുന്നു എന്ന വിദ്യാർത്ഥിനേതാക്കളുടെ ആരോപണത്തിന് പിന്നിൽ

 കേന്ദ്ര സർക്കാർ രാജ്യത്തെ സർവ്വകലാശാലകളോടും വിദ്യാർത്ഥികളോടും വളരെ പ്രതികാര മനോഭാവത്തോടെയാണ് പെരുമാറുന്നത് എന്നതായിരുന്നു പ്രധാനപ്പെട്ട ആരോപണം. 

Behind the allegation that PM Modi is taking revenge on student union leaders in Covid times
Author
Delhi, First Published May 27, 2020, 10:35 AM IST
  • Facebook
  • Twitter
  • Whatsapp

ഇന്ത്യയിലെ ചില വിദ്യാർത്ഥി നേതാക്കളും പ്രതിപക്ഷത്തുള്ള ഇടതു സംഘടനകളുടെ നേതാക്കളും ചേർന്ന് 'സൂം' വഴി ഇന്നലെ ഒരു പ്രസ് കോൺഫറൻസ് സംഘടിപ്പിക്കുകയുണ്ടായി. അതിൽ അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉന്നയിച്ചത് അതീവ ഗുരുതരമായ ആരോപണങ്ങളാണ്. കേന്ദ്ര സർക്കാർ രാജ്യത്തെ സർവ്വകലാശാലകളോടും വിദ്യാർത്ഥികളോടും വളരെ പ്രതികാര മനോഭാവത്തോടെയാണ് പെരുമാറുന്നത് എന്നതായിരുന്നു പ്രധാനപ്പെട്ട ആരോപണം. അവരെ രാഷ്ട്രീയപ്രേരിതമായ കേസുകളിൽ പെടുത്താനും  രാജ്യദ്രോഹം പോലുള്ള ഗുരുതരമായ കുറ്റങ്ങൾ ചാർത്തി അവരെ വേട്ടയാടാനും കേന്ദ്രം തുനിയുന്നു എന്നും അവർ ആക്ഷേപിച്ചു.

ഇന്നലെ നടന്ന ഈ സംയുക്ത പ്രസ് കോൺഫറൻസിൽ ജെഎൻയു സ്റ്റുഡന്റസ് യൂണിയൻ പ്രസിഡന്റ് അയ്‌ഷി ഘോഷ്, ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി നേതാവ് ആയിഷ റെന്ന, AISA പ്രസിഡണ്ട് എൻ സായി ബാലാജി, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് യൂണിയൻ പ്രസിഡന്റ് സൽമാൻ ഇംതിയാസ്‌, സിപിഐ നേതാവ് കനയ്യാ കുമാർ, ഗുജറാത്തിൽ നിന്നുള്ള എംഎൽഎ ജിഗ്നേഷ് മേവാനി എന്നിവർ പങ്കെടുത്തിരുന്നു.

 

 

ഈ പത്രസമ്മേളനത്തിൽ ഉടനീളം നേതാക്കളുടെ വിമർശനങ്ങൾ മുഖ്യമായും കേന്ദ്രീകരിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ആയിരുന്നു. "ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവന്മാർ തങ്ങളുടെ രാജ്യത്തെ ജനങ്ങളെ കൊവിഡിൽ നിന്ന് രക്ഷിക്കേണ്ടതെങ്ങനെ എന്നോർത്തു വേവലാതിപ്പെടുമ്പോൾ ഇന്ത്യയിൽ മോദി മാത്രം ഇത് വിദ്യാർത്ഥിനേതാക്കളെ വേട്ടയാടാനുള്ള അസുലഭവസരമായി കണ്ടു സന്തോഷിക്കുന്നു" അവർ ആരോപിച്ചു.

"സിഐഎയ്ക്കെതിരായ പ്രതിഷേധങ്ങളുടെ തുടർച്ച കൊവിഡ് ഭീതിക്ക് ശമനമുണ്ടായ ശേഷവും തുടരും. സർക്കാർ മുന്നോട്ടു വെച്ച ഈ ഭേദഗതി രാജ്യം തിരസ്കരിക്കുക തന്നെ ചെയ്യും. അത് നന്നായി അറിയാവുന്ന മോദി കൊറോണയുടെ പേരും പറഞ്ഞുകൊണ്ട് തനിക്ക് വിരോധമില്ല വിദ്യാർത്ഥി രാഷ്ട്രീയ നേതാക്കളെ UAPA പോലുള്ള കരിനിയമങ്ങൾ ചാർത്തി കേസുകളുടെ നൂലാമാലയിൽ തളച്ചിടാനും ജയിലിൽ തള്ളാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്" ആയിഷ റെന്ന പറഞ്ഞു.
 

ആയിഷ റെന്ന

"ഭരണഘടനയിലെ വരികൾ ഉറക്കെ വായിക്കുന്നത് പോലും ഇന്ന് രാജ്യദ്രോഹത്തിന്റെ കണക്കിലാണ് എഴുതുന്നത്. ഇതിന് രണ്ടു കാരണങ്ങളാണ് മനസ്സിലാകുന്നത്. ആദ്യത്തെ കാരണം ലളിതമാണ്, ഈ അവസരത്തിൽ പകരം വീട്ടാനുള്ള നടപടികൾ സ്വീകരിക്കാൻ എളുപ്പമാണ്. പ്രതിഷേധ സ്വരവുമായി ആരും പിന്തുണയ്ക്കാൻ വേണ്ടി തെരുവിൽ ഇറങ്ങില്ലല്ലോ. രണ്ടാമത്തെ കാരണം, കേന്ദ്രം ഈ മഹാമാരിക്കെതിരായ പോരാട്ടത്തിൽ ദയനീയമായി പരാജയപ്പെട്ടിട്ടുണ്ട്. ട്രെയിൻ സേവനങ്ങൾ അവതാളത്തിലാണ്. പാത്രം മുട്ടി പ്രോത്സാഹിപ്പിച്ചു എങ്കിലും ഡോക്ടർമാരുടെ ജീവൻ രക്ഷിക്കാൻ വേണ്ട പിപിഇ കിറ്റുകൾ നൽകിയില്ല. കൊവിഡ് പ്രതിരോധത്തിലെ താളപ്പിഴകൾ ഒളിപ്പിക്കാൻ വേണ്ടി വിദ്യാർത്ഥി നേതാക്കളെ അറസ്റ്റു ചെയ്യാൻ ശ്രമിക്കുകയാണ് കേന്ദ്രം. അപരാധികളെ രക്ഷപ്പെടാൻ അനുവദിച്ച് ഇരകളെ ജയിലിൽ അടക്കുന്ന ഭീമ-കോരേഗാവ് മോഡൽ ആണ് മോദി ഇപ്പോൾ രാജ്യത്തെങ്ങും നടപ്പിലാക്കാൻ ശ്രമിക്കുന്നത്..." AISA പ്രസിഡന്റ് എൻ സായി  ബാലാജി പറഞ്ഞു.

 

എൻ സായി  ബാലാജി

ഇരു നേതാക്കളും സൂചിപ്പിച്ചത് 'പിഞ്ജ്റാ തോഡ്' എന്ന സ്ത്രീ വിദ്യാർത്ഥി സംഘടനയുടെ നേതാക്കളായ നതാഷാ നെഹ്‌വാൾ, ദേവാംഗന കലിത എന്നിവർക്ക് നേരെ ഉണ്ടായ പൊലീസ് നടപടികളെപ്പറ്റിയാണ്. ഇരുവരെയും നോർത്ത് ഈസ്റ്റ് ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളുടെ പേരിൽ, ദില്ലി കലാപങ്ങളുടെ ബന്ധപ്പെടുത്തി എഫ്‌ഐആർ ഇട്ട് കേസിൽ പെടുത്തിയിരിക്കുകയാണ് ദില്ലി പൊലീസ്. ആദ്യം അറസ്റ്റിലായ അവർക്ക് ഞായറാഴ്ച ജാമ്യം കിട്ടി എങ്കിലും, തിങ്കളാഴ്ച വീണ്ടും ക്രൈം ബ്രാഞ്ച് കൊലക്കുറ്റം അടക്കം ചുമത്തി അവരെ അറസ്റ്റു ചെയ്യുകയുണ്ടായി. ഇപ്പോൾ ഇരുവർക്കും എതിരെ കേന്ദ്രം UAPA ചുമത്തുമോ എന്ന ആശങ്ക നിലവിലുണ്ട്.

ഈ സംയുക്ത പത്രസമ്മേളനത്തിൽ ഉയർന്ന ആരോപണശരങ്ങൾ മുഖ്യമായും ദില്ലി പോലീസിന്റെ നൈതികതയും വിശ്വസനീയതയും ചോദ്യം ചെയ്യുന്നതായിരുന്നു. "നോർത്ത് ഈസ്റ്റ് ദില്ലിയിൽ വളരെയധികം പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയ കപിൽ മിശ്ര, ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ വിഷം വമിപ്പിച്ച ബിജെപി നേതാവ് അനുരാഗ് താക്കൂർ, ജെഎൻയു വിദ്യാർത്ഥികളെ ഹോസ്റ്റലിൽ കയറി മർദ്ദിച്ചവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന എബിവിപി നേതാവ് കോമൾ ശർമ, ജാമിയ സർവകലാശാലക്ക് സമീപം വെടിവെപ്പ് നടത്തിയ യുവാവ് എന്നിവർക്കെതിരെയുള്ള നിയമനടപടികൾ എന്തായി? " എന്നായിരുന്നു അവരുടെ ചോദ്യങ്ങളിൽ ഒന്ന്.

 "ലോക്ക് ഡൌൺ സമയത്ത് ഇങ്ങനെ അറസ്റ്റു ചെയ്യേണ്ട കാര്യമെന്താണ്? ഈ അറസ്റ്റുകളുടെ ടൈമിംഗ് ചോദ്യം ചെയ്യപ്പെടേണ്ട? ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവരെ നിർബാധം വിളയാടാൻ വിട്ടുകൊണ്ട് സംസ്ഥാന സർക്കാരുകൾ വിദ്യാർത്ഥിനേതാക്കളെ വേട്ടയാടാൻ ഇറങ്ങിയിരിക്കുകയാണ്. അവരെ ജയിലിൽ അയക്കാൻ വെമ്പുകയാണ്. അവരിൽ പലരും കഴിഞ്ഞ മാസങ്ങളിൽ സിഐഎ, എൻആർസി, എൻപിആർ എന്നിവയ്ക്കെതിരെ ശബ്ദിച്ചതിനുള്ള പ്രതികാര നടപടികളാണ് ഇപ്പോൾ മോദിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. മോദി കഴിഞ്ഞ ദിവസം 'ഈ മഹാമാരിയെ ഒരു അവസരമായി കാണണം' പറഞ്ഞത് അദ്ദേഹത്തിന്റെ കയ്യാളുകൾ വല്ലാതെ തെറ്റിദ്ധരിച്ച മട്ടുണ്ട്. അവർ തൊഴിൽ നഷ്ടങ്ങളെപ്പറ്റി പറയുന്നില്ല, കുടിയേറ്റ തൊഴിലാളികൾ അനുഭവിക്കുന്ന നരകങ്ങളെപ്പറ്റി പറയുന്നില്ല, മറിച്ച് ഈ പ്രശ്നങ്ങളിൽ ഇടപെട്ടു സംസാരിക്കുന്നവരെ കേസിൽ കുടുക്കാൻ ശ്രമിക്കുകയാണ്" എന്ന് പത്രസമ്മേളനത്തിൽ സംബന്ധിച്ചുകൊണ്ട് സിപിഐ നേതാവും മുൻ ജെഎൻയു വിദ്യാർത്ഥി സംഘടനാ പ്രസിഡന്റുമായിരുന്ന കനയ്യ കുമാർ പറഞ്ഞു.

 

കനയ്യ കുമാർ

മോദി സർക്കാരിനെതിരെ ആക്ഷേപങ്ങളുമായി വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദും പത്രസമ്മേളനത്തിൽ സംസാരിച്ചു, "ലോക്ക് ഡൌൺ ഏർപ്പെടുത്തിയ മോദി സർക്കാർ അതിനെ രോഗപ്രതിരോധത്തിനായി കൃത്യമായി പ്രയോജനപ്പെടുത്തുന്നില്ല. പകരം, വിദ്യാർത്ഥി നേതാക്കളെ അറസ്റ്റു ചെയ്യാനും, ജയിലിലടക്കാനും ഒക്കെയാണ് താത്പര്യപ്പെടുന്നത്. പ്രതിപക്ഷത്തോടുള്ള വിരോധം പോലും വിദ്യാർത്ഥി സംഘടനാ നേതാക്കളോടാണ് അവർ തീർക്കുന്നത്. തൊഴിൽ നിയമങ്ങൾ റദ്ദാക്കാനും, വിമാനത്താവളങ്ങൾ വിറ്റുതുലയ്ക്കാനും, ജീവനക്കാരെ നിർബാധം പിടിച്ചു വിടാനും ഇതൊരു സുവർണ്ണാവസരമായി മാറിയിരിക്കുകയാണ്." ഉമർ ഖാലിദ് പറഞ്ഞു.

 

ഉമർ ഖാലിദ് 

പ്രതിരോധിക്കാൻ ഈ സമയത്ത് ആർക്കും സാധിക്കില്ല എന്നത് ഒരു സൗകര്യമായിക്കണ്ടാണ് മോദി സർക്കാർ പ്രതികാരനടപടികൾ സ്വീകരിക്കുന്നത് എന്ന് ഗുജറാത്തിൽ നിന്നുള്ള എംഎൽഎ ജിഗ്നേഷ് മേവാനി ആരോപിച്ചു. വിദ്യാർത്ഥി സംഘടനാ നേതാക്കളെ തെരഞ്ഞുപിടിച്ച് അറസ്റ്റു ചെയ്യുകയാണ് എന്നും അദ്ദേഹം ആക്ഷേപിച്ചു." ദില്ലി കലാപം ഒരു വിദ്യാർത്ഥി ഗൂഢാലോചനയാണ് എന്നാണു കേന്ദ്രം പറയുന്നത്. ഈ ആക്ഷേപം സത്യത്തിൽ കേന്ദ്രം നടത്തുന്ന ഗൂഢാലോചനയാണ്, ഇതുതന്നെയാണ് അക്ഷരാർത്ഥത്തിൽ ഗുജറാത്ത് മോഡൽ. ദില്ലി കലാപവുമായി ബന്ധപ്പെട്ട വിദ്യാർത്ഥി സംഘടനാ നേതാക്കൾക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങൾ ഒന്നും തന്നെ കോടതിയിൽ നിലനിൽക്കില്ലെന്ന് ആർക്കും അറിയാം. എന്നാൽ, തൽക്കാലത്തേക്ക് ജാമ്യം നിഷേധിച്ച് അവരെ തുറുങ്കിലടക്കാൻ ഇവയ്ക്ക് സാധിച്ചേക്കും. അവരെ പ്രയാസപ്പെടുത്താൻ, അവർക്ക് മനോവേദനയുണ്ടാക്കാൻ ഒക്കെ ഇത് ധാരാളം. അതുതന്നെയാണ് ഈ നേതാക്കളോടുള്ള കേന്ദ്രത്തിന്റെ പ്രതികാരവും. 'എതിർത്ത് വല്ലതും മിണ്ടിയാൽ ലോക്കപ്പ് മർദനവും കേസും ജയിലും' എന്ന ഭീഷണിയാണ് നാട്ടിലെ യുവാക്കൾക്ക് മുന്നിൽ മോദി സർക്കാർ വെക്കുന്നത്..." ജിഗ്നേഷ് മേവാനി പറഞ്ഞു.

 

ജിഗ്നേഷ് മേവാനി

ആനി രാജ, മേധാ പട്കർ, ഫറാ നഖ്‌വി, അരുണ റോയ്, ശബ്നം ഹാഷ്മി എന്നിങ്ങനെ പല വനിതാ നേതാക്കളും ചേർന്ന് സമാധാനപൂർണമായി സിഎഎക്കെതിരെയും എൻആർസിക്കെതിരെയുമൊക്കെ ശബ്ദിച്ചവർക്ക് മേൽ ചുമത്തിയിട്ടുള്ള കള്ളക്കേസുകൾ നീക്കണം എന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചിരിക്കുകയാണ് ഇപ്പോൾ.
 

Follow Us:
Download App:
  • android
  • ios