പ്രസിഡന്റിനെതിരായ ജനകീയ പ്രക്ഷോഭം ശക്തമായ ബെലാറൂസില്‍ സര്‍ക്കാര്‍ വിമര്‍ശകനെ അറസ്റ്റ് ചെയ്യാന്‍ യുദ്ധവിമാനം ഉപയോഗിച്ച് വിദേശവിമാനം പിടിച്ചെടുത്തു

പ്രസിഡന്റിനെതിരായ ജനകീയ പ്രക്ഷോഭം ശക്തമായ ബെലാറൂസില്‍ സര്‍ക്കാര്‍ വിമര്‍ശകനെ അറസ്റ്റ് ചെയ്യാന്‍ യുദ്ധവിമാനം ഉപയോഗിച്ച് വിദേശവിമാനം പിടിച്ചെടുത്തു. 26 വര്‍ഷത്തെ ഭരണത്തിനു ശേഷം വീണ്ടും അധികാരത്തിലെത്തിയ പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് അറസ്റ്റ്. പ്രസിഡന്റിന്റെ വിമര്‍ശകരിലൊരാളായ മാധ്യമപ്രവര്‍ത്തകനൈ അറസ്റ്റ് ചെയ്യാനാണ് ബോംബുണ്ടെന്ന വ്യാജസന്ദേശം നല്‍കി ഗ്രീസില്‍നിന്നും ലിത്വാനിയയിലേക്ക് പോവുകയായിരുന്ന റ്യാന്‍ എയര്‍ വിമാനം യുദ്ധവിമാനം ഉപയോഗിച്ച് ബെലാറൂസില്‍ ഇറക്കിയത്. യൂറോപ്യന്‍ യൂനിയനും അമേരിക്കയുമടക്കം ലോകരാജ്യങ്ങള്‍ ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ സംഭവം വിവാദമായി. 

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ സഹായിക്കുന്നു എന്ന ആരോപണമുള്ള മാധ്യമപ്രവര്‍ത്തകന്‍ റൊമാന്‍ പ്രൊട്ടസോവിച്ചിനെ അറസ്റ്റ് ചെയ്യാനാണ് വിദേശവിമാനം പിടിച്ചെടുത്തത്. പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ വേട്ടയെ തുടര്‍ന്ന്, അയല്‍രാജ്യമായ ഗ്രീസില്‍ പോയി ലിത്വാനിയയിലേക്ക് രക്ഷപ്പെടുകയായിരുന്നു റൊമാന്‍ പ്രൊട്ടസോവിച്ച്. ഈ വിവരമറിഞ്ഞാണ് രാജ്യത്തിനു മുകളിലൂടെ പോയ വിമാനം അടിയന്തിരമായി താഴെയിറക്കാന്‍ പ്രസിഡന്റ് ഉത്തരവിട്ടത്. 170 യാത്രക്കാരുമായി പോവുന്ന വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം ബെലാറൂസിലെ എയര്‍ കണ്‍ട്രോള്‍ റൂമില്‍നിന്ന് നല്‍കിയതിനെ തുടര്‍ന്ന് പൈലറ്റ് വിമാനം ബെലാറൂസില്‍ ഇറക്കുകയായിരുന്നു. ബെലാറൂസ് വ്യോമസേനയുടെ മിഗ് 29 യുദ്ധവിമാനം തലസ്ഥാനമായ മിന്‍സ്‌കില്‍ വിമാനം ഇറക്കാന്‍ അകമ്പടി സേവിച്ചു. വിമാനം ഇറങ്ങിയപ്പോഴാണ്, പ്രസിഡന്റിന്റെ രാഷ്ട്രീയ എതിരാളിയെ പിടികൂടാനുള്ള നാടകമായിരുന്നു വ്യാജബോംബ് ഭീഷണി എന്നറിഞ്ഞത്. മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത ശേഷം വിമാനം വിട്ടയച്ചു. ഏഴ് മണിക്കൂര്‍ വൈകിയാണ് വിമാനം ലക്ഷ്യസ്ഥാനമായ ലിത്വാനിയയിലെ വില്‍നൂയിസ് വിമാനത്താവളത്തില്‍ എത്തിയത്. 

വ്യാപകമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ന്നത്. ഇത് വിമാനം തട്ടിക്കൊണ്ടുപോവല്‍ ആണെന്ന് യൂറോപ്യന്‍ യൂനിയന്‍ വിശേഷിപ്പിച്ചു. ബെലറൂസിന്റെ ഭാഗത്തുനിന്നുണ്ടായത് ഞെട്ടിക്കുന്ന പ്രവൃത്തിയാണെന്ന് അമേരിക്കന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 

26 വര്‍ഷത്തെ ഭരണത്തിനെതിരായ വിമര്‍ശനങ്ങള്‍ക്കിടെ, രാജ്യാന്തര നിരീക്ഷകരെ മാറ്റി നിര്‍ത്തി നടത്തിയ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടി പ്രസിഡന്റ് ലുകാഷെങ്കോ വീണ്ടും അധികാരത്തിലേറിയിരുന്നു. ഏകാധിപത്യ ഭരണത്തിനെതിരെ ബെലാറുസില്‍ വമ്പിച്ച ജനകീയ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് സംഭവം. പ്രക്ഷോഭകരെ അടിച്ചമര്‍ത്തുന്ന പ്രസിഡന്റിന്റെ നടപടിയെ തുടര്‍ന്ന് പ്രതിപക്ഷ നേതാക്കളും നിരവധി സര്‍ക്കാര്‍ വിരുദ്ധ മാധ്യമപ്രവര്‍ത്തകരും വിദേശരാജ്യങ്ങളില്‍ അഭയം തേടി. തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന് ആരോപണവിധേയനായ പ്രസിഡന്റ് ലുകാഷെങ്കോ റഷ്യന്‍ പിന്തുണയോടെയാണ് ഭരണം തുടരുന്നത്.

1991 -ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ച മൂലമുണ്ടായ അരാജകത്വത്തിനിടയിലാണ് 1994 -ല്‍ അലക്‌സാണ്ടര്‍ ലുകാഷെങ്കോ ഇവിടെ അധികാരത്തില്‍ വരുന്നത്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണാധികാരിയായിരുന്ന പ്രസിഡന്റ് ലുകാഷെങ്കോ 26 വര്‍ഷമായി അധികാരത്തില്‍ തുടരുകയായിരുന്നു. ഇതിനെതിരെ വലിയ പ്രക്ഷോഭമാണ് ഇവിടെ നടക്കുന്നത്. വ്യാപകമായ അഴിമതിയും, ദാരിദ്ര്യവും, അവസരങ്ങളുടെ അഭാവവും കുറഞ്ഞ ശമ്പളവും ജനങ്ങളെ സര്‍ക്കാര്‍ വിരുദ്ധരാക്കി. കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതും പ്രതിസന്ധിക്കിടയാക്കി. എതിര്‍ക്കുന്നവരെയെല്ലാം അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതില്‍ കുപ്രസിദ്ധനായ ലുകാഷെങ്കോ വിവമാനം പിടിച്ചെടുത്തതോടെ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.