ഈജിപ്തിലെ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ അധ്യാപികയ്ക്ക് നേരെ നടന്ന വിമർശനങ്ങൾക്കെതിരെ ശക്തമായി സംസാരിച്ചു. അധ്യാപിക ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അവർ യാഥാസ്ഥിതിക കാഴ്ചപ്പാടുകളുടെ ഒരു ഇര മാത്രമാണ് എന്നും അവര്‍ വാദിക്കുന്നു. 

ഈജിപ്തി(Egypt)ൽ, ഒരു അധ്യാപിക ബെല്ലി ഡാന്‍സ്(Belly-dancing) ചെയ്യുന്നതിന്റെ വീഡിയോ വൈറലായി. തീര്‍ന്നില്ല, വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ മറ്റ് പല സംഭവവികാസങ്ങളും പിന്നാലെ ഉണ്ടായി. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും രാജ്യത്തിന്റെ യാഥാസ്ഥിതിക കാഴ്ചപ്പാടുകളെ കുറിച്ചും മൂല്യങ്ങളെ കുറിച്ചുമെല്ലാം വലിയ ചര്‍ച്ചയ്ക്ക് ഇത് തുടക്കമിടുകയും ചെയ്‍തു. ആയ യൂസഫ്(Aya Yousef) എന്ന അധ്യാപികയാണ് ഓഫീസുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കിടെ ബെല്ലി ഡാന്‍സ് ചെയ്‍തത്. ഇത് അവരുടെ അനുവാദമില്ലാതെ ഒരു സഹപ്രവര്‍ത്തകന്‍ പകര്‍ത്തി. എന്നാല്‍, ഇതിന് പിന്നാലെ അവളെ ജോലിയില്‍ നിന്നും പിരിച്ച് വിടുകയും ഭര്‍ത്താവ് അവളെ വിവാഹമോചനം ചെയ്യുകയും ചെയ്തു. 

പുരുഷന്മാരായ ടീച്ചിംഗ് സ്റ്റാഫിനൊപ്പമാണ് അവള്‍ സംഗീതത്തിന് ചുവട് വയ്ക്കുന്നത്. ബെല്ലി ഡാന്‍സ് ഫറവോനിക് കാലഘട്ടം മുതലുള്ളതാണ് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും സ്ത്രീകൾ പൊതുസ്ഥലത്ത് നൃത്തം ചെയ്യുന്നത് ഇപ്പോഴും അവിടെ അംഗീകരിക്കപ്പെട്ടിട്ടില്ല. ആളുകള്‍ പലപ്പോഴും ഇതിനെതിരെ നെറ്റി ചുളിക്കാറുണ്ട്. ഹെഡ്‍സ്‍കാര്‍ഫും മുഴുക്കൈ ഡ്രസും ധരിച്ചായിരുന്നു അധ്യാപിക ബെല്ലി ഡാന്‍സ് ചെയ്‍തിരുന്നത്. നദിയിലൂടെ ബോട്ടിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നിരുന്നാലും, കഴിഞ്ഞ ആഴ്‌ച അറബ് സോഷ്യൽ മീഡിയയിൽ ഇത് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതിനാൽ, ഈജിപ്ഷ്യൻ യാഥാസ്ഥിതികർക്കിടയിൽ ഇത് പ്രതിഷേധത്തിന് കാരണമായി.

അവൾ ലജ്ജാകരമായി പ്രവർത്തിച്ചുവെന്നാണ് അവളെ വിമർശിക്കുന്നവര്‍ അവകാശപ്പെടുന്നത്. 'നാം ജീവിക്കുന്ന മോശം കാലഘട്ടത്തെ ഇത് വ്യക്തമായി പ്രകടിപ്പിക്കുന്നു!! എന്തും അനുവദനീയമാണ് എന്ന അവസ്ഥയാണിവിടെ' എന്ന് ഒരു ട്വിറ്റർ ഉപയോക്താവ് എഴുതി. 'ഈജിപ്തിൽ വിദ്യാഭ്യാസം താഴ്ന്ന നിലയിലെത്തി' എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. ബന്ധപ്പെട്ട അധികാരികളുടെ ഇടപെടൽ വേണമെന്നും പലരും ആവശ്യപ്പെട്ടു. 

ജോലി ചെയ്‍തുകൊണ്ടിരുന്ന നൈൽ ഡെൽറ്റയിലെ ദകഹ്‌ലിയ ഗവർണറേറ്റിലെ പ്രൈമറി സ്‌കൂളിൽ നിന്ന് ആയ യൂസഫിനെ പിരിച്ചുവിട്ടു. അവിടെ അവർ വർഷങ്ങളോളം അറബി പഠിപ്പിക്കുകയായിരുന്നു. താൻ ഇനി ഒരിക്കലും നൃത്തം ചെയ്യില്ലെന്ന് സംഭവത്തെ തുടർന്ന് അവർ പ്രതിജ്ഞയെടുത്തിരിക്കുകയാണ്. അടുത്തിടെയുള്ള ഈ സംഭവ വികാസങ്ങൾ തനിക്ക് കഠിനമായ പരീക്ഷണകാലമായിരുന്നു എന്നും അതിനിടെ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും അവർ പറഞ്ഞു. 

'നൈൽ നദിയിലെ ബോട്ടില്‍ ചെലവഴിച്ച ആ പത്ത് മിനിറ്റ് എന്റെ ജീവിതം തന്നെ നഷ്ടപ്പെടുത്തി' അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈജിപ്തിലെ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ അധ്യാപികയ്ക്ക് നേരെ നടന്ന വിമർശനങ്ങൾക്കെതിരെ ശക്തമായി സംസാരിച്ചു. അധ്യാപിക ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അവർ യാഥാസ്ഥിതിക കാഴ്ചപ്പാടുകളുടെ ഒരു ഇര മാത്രമാണ് എന്നും അവര്‍ വാദിക്കുന്നു. 

ആയ യൂസഫിന് പിന്തുണയുമായി മറ്റൊരു സ്കൂളിന്റെ ഡെപ്യൂട്ടി ഹെഡ് മകളുടെ വിവാഹത്തിൽ നൃത്തം ചെയ്യുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഈജിപ്ഷ്യൻ സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള ഈജിപ്ഷ്യൻ സെന്റർ മേധാവി ഡോ. നിഹാദ് അബു കുംസാൻ, ആയ യൂസഫിന് അവരുടെ ഓഫീസിൽ ജോലി വാഗ്ദാനം ചെയ്യുകയും വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് അവരുടെ കരാർ കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തു. എന്തായാലും ഇത്രയും പിന്തുണ ഈ വിഷയത്തിൽ അധ്യാപികയ്ക്ക് ലഭിച്ചതു കൊണ്ടാവാം അവരെ ജോലിയില്‍ തിരിച്ചെടുത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

വീഡിയോ ചിത്രീകരിച്ചയാള്‍ ചെയ്തത് തന്‍റെ സ്വകാര്യത ലംഘിക്കലാണ് എന്ന് ആയ പരാതിപ്പെട്ടു. താൻ ഒരു പൊതു സ്ഥാപനത്തിലോ വിദ്യാർത്ഥികൾക്ക് മുന്നിലോ നൃത്തം ചെയ്തിട്ടില്ലെന്നും വീഡിയോ ചിത്രീകരിച്ച വ്യക്തിക്കെതിരെ കേസ് കൊടുക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. 

(ചിത്രം പ്രതീകാത്മകം)