Asianet News MalayalamAsianet News Malayalam

റഷ്യൻ ചാരനെന്ന് കുപ്രസിദ്ധൻ, 15ാം വയസിൽ 'ഹ്വാൾഡിമിർ' മരിച്ച നിലയിൽ, മരണകാരണം കണ്ടെത്താൻ അന്വേഷണം

നോർവീജിയൻ കടലിൽ അഞ്ച് വർഷങ്ങൾക്ക് മുൻപാണ് ഹ്വാൾഡിമിറിനെ ആദ്യമായി കണ്ടെത്തുന്നത്. ഗോ പ്രോ ക്യാമറ ഘടിപ്പിച്ച നിലയിലായിരുന്നു ഹ്വാൾഡിമിറിനെ കണ്ടെത്തിയത്. ഗോ പ്രോ ക്യാമറ ഘടിപ്പിക്കാനുപയോഗിച്ച സംവിധാനത്തിലെ എഴുത്തുകളാണ് ചാരപരിശീലനം ലഭിച്ച തിമിംഗലമാണ് ഇതെന്ന സംശയം രൂപപ്പെടാൻ കാരണമായത്

beluga whale suspected of having been trained as a spy by Russia has been found dead off
Author
First Published Sep 2, 2024, 12:13 PM IST | Last Updated Sep 2, 2024, 12:13 PM IST

മോസ്കോ: റഷ്യ ചാരപ്രവർത്തനത്തിന് പരിശീലനം നൽകിയതെന്ന് സംശയിക്കുന്ന തിമിംഗലം ചത്തനിലയിൽ കണ്ടെത്തി. ബെലൂഗ തിമിംഗലമാണ് നോർവീജിയൻ തീരത്തിന് സമീപത്തായി ചത്ത നിലയിൽ കണ്ടെത്തിയത്. ഹ്വാൾഡിമിർ എന്ന് പേരുള്ള ഈ തിമിംഗലത്തെ നോർവേയുടെ തെക്ക് പടിഞ്ഞാറൻ പട്ടണമായ റിസവികയുടെ സമീപത്താണ് ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഹ്വാൾഡിമിറിനെ പോസ്റ്റ്മോർട്ടത്തിനായി ഏറ്റവുമടുത്ത തുറമുഖത്തേക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് അധികൃതരുള്ളത്. നോർവീജിയൻ കടലിൽ അഞ്ച് വർഷങ്ങൾക്ക് മുൻപാണ് ഹ്വാൾഡിമിറിനെ ആദ്യമായി കണ്ടെത്തുന്നത്. ഗോ പ്രോ ക്യാമറ ഘടിപ്പിച്ച നിലയിലായിരുന്നു ഹ്വാൾഡിമിറിനെ കണ്ടെത്തിയത്. ഗോ പ്രോ ക്യാമറ ഘടിപ്പിക്കാനുപയോഗിച്ച സംവിധാനത്തിലെ എഴുത്തുകളാണ് ചാരപരിശീലനം ലഭിച്ച തിമിംഗലമാണ് ഇതെന്ന സംശയം രൂപപ്പെടാൻ കാരണമായത്. എന്നാൽ ആരോപണത്തേക്കുറിച്ച് റഷ്യ പ്രതികരിച്ചിരുന്നില്ല. 

വർഷങ്ങളായി ഈ തിമിംഗലത്തെ നിരീക്ഷിച്ചിരുന്ന എൻജിഒ ആണ് ഹ്വാൾഡിമിറിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രത്യക്ഷത്തിൽ പരിക്കുകൾ ഇല്ലാത്ത രീതിയിലാണ് മൃതദേഹമെന്നാണ് മറൈൻ മൈൻഡ് എന്ന എൻജിഒ വിശദമാക്കുന്നത്. മൃതദേഹം ശീതീകരിച്ച സംവിധാനത്തിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ഉടൻ തന്നെ പോസ്റ്റ്മോർട്ടം നടത്തുമെന്നും മറൈൻ മൈൻഡ് വിശദമാക്കി. 60 വയസ് പ്രായം വരെയാണ് സാധാരണ നിലയിൽ ബെലൂഗ  തിമിംഗലങ്ങളുടെ ആയുസ്. എന്നാൽ 15 വയസ് ഉണ്ടെന്ന് വിലയിരുത്തുന്ന ഹ്വാൾഡിമിർ എത്തരത്തിൽ മരിച്ചുവെന്നതിന് മറുപടി കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് മറൈൻ മൈൻഡ്. 

റഷ്യയുടെ വടക്കൻ മേഖലയായ മർമാൻസ്കിലെ നാവിക സേനാ ആസ്ഥാനത്തിന് 415 കിലോമീറ്റർ അകലെയുള്ള ഇംഗോയ ദ്വീപിലാണ് 2019 ഏപ്രിലിൽ മാസത്തിലാണ് ഹ്വാൾഡിമിറിനെ ആദ്യമായി കണ്ടെത്തിയത്. ആർട്ടിക് മേഖലയോട് ചേർന്ന് ഈ ഇനത്തിലുള്ള തിമിംഗലങ്ങളെ കാണുന്നത് അസാധാരണമായതോടെയാണ് ഹ്വാൾഡിമിറിൽ ജനശ്രദ്ധയിലേക്ക് വരുന്നത്. മനുഷ്യരെ ഉപയോഗിച്ചുള്ള ചാരപ്രവർത്തനത്തിന് പിന്നാലെ മൃഗങ്ങളെ ഉപയോഗിക്കുന്നുവെന്ന നിരീക്ഷണം റഷ്യയ്ക്കെതിരെ ഉയരാൻ ഹ്വാൾഡിമിർ വലിയ കാരണമായിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, തിമിംഗലത്തിന് നോർവീജിയൻ ഭാഷയിലെ പേരായ ഹ്വാൾ എന്നിവ കൂട്ടിയോജിപ്പിച്ചാണ് ഹ്വാൾഡിമിർ എന്ന പേര് ഈ തിമിംഗലത്തിന് നൽകിയത്. സൈനിക ആവശ്യങ്ങൾക്കായി ഡോൾഫിനുകളെ റഷ്യ ഉപയോഗിക്കുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios