എയര്‍പോഡ് കണക്ട് ചെയ്തപ്പോള്‍ കിട്ടിയ ഉടമയുടെ പേരും ഫോണ്‍ പേ പേയ്മെന്റ്‌ലൂടെ  കിട്ടിയ ഫോണ്‍ നമ്പറും ഉപയോഗിച്ചാണ് ഓട്ടോ ഡ്രൈവര്‍ ഉടമയെ കണ്ടെത്തിയത്. 

സാങ്കേതിക വിദ്യയുടെ വളര്‍ച്ച പലതരത്തില്‍ നമ്മുടെ ജീവിതത്തെ ആയാസരഹിതം ആക്കിയിട്ടുണ്ട്. പല സാങ്കേതിക മുന്നേറ്റങ്ങളും നമ്മുടെ അനുദിന ജീവിതത്തിന്റെ ഭാഗമാണ്. ഇത്തരത്തില്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ കഴിഞ്ഞദിവസം തന്റെ ജീവിതത്തില്‍ സംഭവിച്ച മനോഹരമായ കാര്യം ബംഗളുരു സ്വദേശിയായ ഒരു യുവതി ട്വിറ്ററില്‍ പങ്കുവയ്ക്കുകയുണ്ടായി. ഒരു യാത്രയ്ക്കിടയില്‍ ഓട്ടോയില്‍ മറന്നുവെച്ച തന്റെ ആപ്പിള്‍ എയര്‍പോഡ് ഓട്ടോഡ്രൈവര്‍ തനിക്ക് തിരിച്ചുനല്‍കിയ സംഭവബഹുലമായ കഥയാണ് അവര്‍ പങ്കുവെച്ചത്.

ഓഫീസിലേക്കുള്ള യാത്രയ്ക്ക് ഇടയിലാണ് ഷിദിക ഉബ്ര്‍ എന്ന സ്ത്രീ തന്റെ ആപ്പിള്‍ എയര്‍പോഡ് താന്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ അബദ്ധത്തില്‍ മറന്നു വച്ചത്. ഓഫീസില്‍ എത്തിയതിനുശേഷം ആണ് ഷിദിക തന്റെ എയര്‍പോഡ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. പക്ഷേ അത് എവിടെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ച് അവര്‍ക്ക് യാതൊരു വ്യക്തതയും ഇല്ലായിരുന്നു. അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് ഓഫീസ് സെക്യൂരിറ്റി എയര്‍പോഡുമായി വരുന്നത്. ഇതെങ്ങനെ ലഭിച്ചു എന്ന് തിരക്കിയപ്പോഴാണ് ഒരു ഓട്ടോ ഡ്രൈവറാണ് തന്നെ ഇത് ഏല്‍പ്പിച്ചതെന്ന് ഓഫീസിലെ സെക്യൂരിറ്റി പറഞ്ഞത്. എയര്‍പോഡ് കണക്ട് ചെയ്തപ്പോള്‍ കിട്ടിയ ഉടമയുടെ പേരും ഫോണ്‍ പേ പേയ്മെന്റ്‌ലൂടെ കിട്ടിയ ഫോണ്‍ നമ്പറും ഉപയോഗിച്ചാണ് ഓട്ടോ ഡ്രൈവര്‍ ഉടമയെ കണ്ടെത്തിയത്. 

Scroll to load tweet…

ഇത്രമാത്രം കഷ്ടപ്പെട്ട് തന്റെ എയര്‍ പോഡ് തിരികെ തരാന്‍ മനസ്സു കാട്ടിയ ഓട്ടോ ഡ്രൈവറോട് നേരില്‍ നന്ദി പറയാന്‍ കഴിഞ്ഞില്ലെങ്കിലും ആ സന്തോഷം എല്ലാവരുമായി പങ്കുവെക്കണമെന്ന് ആഗ്രഹിച്ചതിനാലാണ് താന്‍ ഇത്തരത്തില്‍ ഒരു ട്വീറ്റ് ചെയ്‌തെന്നാണ് ഷിദിക ഉബ്ര്‍ പറയുന്നത്.സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ പോസ്റ്റിനു താഴെ നിരവധി ആളുകളാണ് ഓട്ടോ ഡ്രൈവറെ അഭിനന്ദിച്ചുകൊണ്ട് കമന്റുകള്‍ ചെയ്തത്. ബാംഗ്ലൂര്‍ ഉള്ള ഓട്ടോ ഡ്രൈവര്‍ ആയതു കൊണ്ടായിരിക്കാം ആളിത്ര ടെക്കി ആയത് എന്നാണ് ചിലര്‍ കുറിച്ചത്. ഏതായാലും പേരറിയാത്ത ഓട്ടോ ഡ്രൈവര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാണ്.