പണമുള്ളവർ‌ ഉയർന്നു കൊണ്ടിരിക്കുന്നു. മിഡിൽ ക്ലാസ് ആരോടും പരാതി പറയാതെ സമ്മർദ്ദം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്, കഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്നാണ് പോസ്റ്റിൽ പറയുന്നത്. 

ഇന്ത്യയിലെ മിഡിൽ ക്ലാസ് കടന്നുപോകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പറയുന്ന ലിങ്ക്ഡ്ഇൻ പോസ്റ്റ് ശ്രദ്ധിക്കപ്പെടുന്നു. ബെം​ഗളൂരുവിൽ നിന്നുള്ള സിഇഒ ആണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. ചിലവുകൾ കുതിച്ചുയരുകയാണെന്നും എന്നാൽ, അതുപോലെ ശമ്പളം ഇല്ലെന്നും ഈ അവസ്ഥയിലൂടെ നിശബ്ദമായി കടന്നുപോവുകയാണ് മിഡിൽ ക്ലാസ് എന്നുമാണ് പോസ്റ്റിൽ സൂചിപ്പിക്കുന്നത്. 

‌ആരും പറയാത്ത ഏറ്റവും വലിയ അഴിമതി മിഡിൽ ക്ലാസിന്റെ ശമ്പളമാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ 5 ലക്ഷത്തിൽ താഴെ വരുമാനം നേടുന്ന ഗ്രൂപ്പിന് 4% CAGR. 5 ലക്ഷം– 1 കോടി വരുമാന ഗ്രൂപ്പിൽ വരുന്നവർക്ക് 0.4% CAGR മാത്രമാണ് ലഭിച്ചത്. ഭക്ഷ്യസാധനങ്ങളുടെ വില ഏകദേശം 80% കൂടി. വാങ്ങാനുള്ള ശേഷി ഏതാണ്ട് പകുതിയായി കുറഞ്ഞു. പക്ഷേ, ചെലവഴിക്കുന്നത് വർദ്ധിച്ചു എന്നാണ് സിഇഒ ആശിഷ് സിംഗാൾ എഴുതുന്നത്.

അപ്പോഴും നിങ്ങൾ വർഷത്തിലൊരിക്കൽ യാത്ര ചെയ്യുന്നു, ഫോൺ വാങ്ങുന്നു, ഇപ്പോഴും ഇംഎംഐ അടച്ചുകൊണ്ടിരിക്കുന്നു, എന്നാൽ സേവിം​ഗ്സില്ല, ഡോക്ടറെ കാണുന്നത് മാറ്റിവച്ചുകൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം തന്റെ പോസ്റ്റിൽ കുറിച്ചു. പണമുള്ളവർ‌ ഉയർന്നു കൊണ്ടിരിക്കുന്നു. മിഡിൽ ക്ലാസ് ആരോടും പരാതി പറയാതെ സമ്മർദ്ദം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്, കഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്നാണ് പോസ്റ്റിൽ പറയുന്നത്. 

നിരവധിപ്പേരാണ് ആശിഷ് സിംഗാൾ പങ്കുവച്ചിരിക്കുന്ന പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. പലരും ആശിഷ് സിം​ഗാളിന്റെ അഭിപ്രായത്തോടെ യോജിക്കുകയാണ് ചെയ്തത്. ചിലരെല്ലാം ഒരു സിഇഒ എന്ന നിലയിൽ ഈ അവസ്ഥ മാറാൻ നിങ്ങൾ എന്താണ് ചെയ്യുന്നത് എന്നാണ് ചോദിച്ചത്. അതേസമയം, ഇവിടെ ഇതേ അവസ്ഥ തന്നെ തുടരുമെന്നും ടാക്സ് കൂടി അടച്ച് കഴിയുമ്പോൾ ഒന്നും ഇല്ലാത്ത അവസ്ഥയാണ് എന്നും സൂചിപ്പിച്ചവരും ഉണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം