തന്‍റെ ഭൂമി കൈയേറി എന്ന പരാതിയുമായി ഒരു യുവതിയാണ് പോലീസിനെ സമീപിച്ചത്. പിന്നാലെ ഒരന്വേഷണവും നടത്താതെ മരിച്ച് പോയ ആൾക്കെതിരെ പോലീസ് എഫ്ഐആര്‍ ചുമത്തുകയായിരുന്നു.      


മ്പത് വര്‍ഷം മുമ്പ് മരിച്ച് പോയ ആള്‍ക്കെതിരെ ഭൂമി തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി തെലുങ്കാനയിലെ വാറങ്കല്‍ പോലീസ്. വാര്‍ത്ത പുറത്തായതിന് പിന്നാലെ പോലീസിനെതിരെ രൂക്ഷ വിമർശനം ഉയര്‍ന്നു. വാറങ്കലിലെ എജെ മില്‍സ് പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥരാണ് ഒമ്പത് വര്‍ഷം മുമ്പ് മരിച്ചയാൾക്കെതിരെ ഭൂമി കൈയേറിയ കേസില്‍ എഫ്ഐആര്‍ തയ്യാറാക്കിയത്. 

കഴിഞ്ഞ ജനുവരി 21 -ന് തന്‍റെ ഭൂമി ചിലര്‍ തട്ടിയെടുത്തെന്ന പരാതിയുമായി ജയശ്രീ എന്ന യുവതിയാണ് വാറങ്കല്‍ പോലീസിനെ സമീപിച്ചത്. കൂടുതല്‍ അന്വേഷണത്തിന് തയ്യാറാകാതിരുന്ന പോലീസ് ഒമ്പത് വര്‍ഷം മുമ്പ് മരിച്ച് പോയ ബദിനി ചന്ദ്രശേഖർ എന്ന ആൾക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ വിവരമറിഞ്ഞ് പോലീസ് സ്റ്റോഷനിലെത്തിയ ചന്ദ്രശേഖരന്‍റെ കുടുംബം മരിച്ച് പോയ ഒരാൾക്കെതിരെ എങ്ങനെയാണ് എഫ്ഐആര്‍ എടുത്തതെന്ന് പോലീസിനെ ചോദ്യം ചെയ്തു. 

Scroll to load tweet…

എന്നാല്‍ ചന്ദ്രശേഖറിന്‍റെ കുടുംബം പോലീസ് സ്റ്റേഷനിലെത്തിയത് ഇഷ്ടപ്പെടാതിരുന്ന സ്റ്റേഷനിലെ പോലീസുകാര്‍ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും കൂടുതല്‍ ചോദ്യങ്ങളുമായെത്തിയാല്‍ കുടുംബത്തെ മുഴുവനും കേസില്‍പ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍, ഭൂമി ഇടപാടില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ടു. ഒപ്പം സംഭവത്തില്‍ തങ്ങളുടെ ബന്ധുവിനെതിരെ എടുത്ത എഫ്ഐആറില്‍ പെട്ടെന്ന് തന്നെ ഒരന്വേഷണം വേണമെന്നും മേലധികാരികളോട് ആവശ്യമുന്നയിച്ചു. 

കുടുംബത്തിന്‍റെ ആവശ്യത്തിന് പിന്നാലെ എജെ മില്‍സ് പോലീസ് സ്റ്റേഷനിലെ ഇന്‍‌സ്പെക്ടര്‍ ജെ വെങ്കിട്ട രമണയെ സസ്പെന്‍റ് ചെയ്ത് കൊണ്ട് വാറങ്കല്‍ പോലീസ് കമ്മീഷണർ സുമ്പ്രീത് സിംഗ് ഉത്തരവിറക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇന്‍സ്പെക്ടർ ഭൂമി തട്ടിപ്പ് കേസില്‍ കൃത്യമായി അന്വേഷണം നടത്തിയില്ലെന്ന് മാത്രമല്ല, നിരപരാധിയായ, മരിച്ച് പോയ ആൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.