ബെംഗളൂരുവിൽ നടന്ന ഒരു വെഞ്ച്വർ ക്യാപിറ്റൽ ഇവന്റിന് ശേഷമുള്ളൊരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനത്തിന് കാരണമാകുന്നത്. ഡസ്റ്റ്ബിന്നിലിടാതെ വലിച്ചെറിഞ്ഞ നിലയില്‍ കിടക്കുന്ന കപ്പുകളും പാത്രങ്ങളും ഒക്കെ ഇതില്‍ കാണാം. 

എന്തെങ്കിലും പരിപാടി നടന്നാൽ ആ സ്ഥലം വൃത്തികേടാക്കിയിടാതെ വൃത്തിയാക്കി സൂക്ഷിക്കുക എന്നത് മിനിമം സിവിക് സെൻസാണ്. എന്നാൽ, ബെംഗളൂരുവിൽ നടന്ന ഒരു വെഞ്ച്വർ ക്യാപിറ്റൽ ഇവന്റിന് ശേഷം ഡിസ്പോസിബിൾ കപ്പുകളും പ്ലേറ്റുകളും ടിഷ്യൂകളും തറയിൽ ചിതറിക്കിടക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. സമീപത്ത് തന്നെ ഡസ്റ്റ്ബിൻ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് ഇവർ മാലിന്യങ്ങൾ അവിടെത്തന്നെയിട്ടിട്ട് പോകാൻ തീരുമാനിച്ചത് എന്നാണ് എക്സിൽ (ട്വിറ്റർ) പങ്കുവച്ച ചിത്രങ്ങൾ കാണുമ്പോൾ പലരും ചോദിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗൗതം എന്ന യുവാവാണ് പരിപാടിയിൽ പങ്കെടുത്തവരുടെ പെരുമാറ്റത്തെ വിമർശിച്ച് ഈ ചിത്രം പങ്കുവെച്ചത്. ചിത്രത്തോടൊപ്പം 'ഇന്ത്യക്കാരെക്കുറിച്ച് എനിക്ക് ഏറ്റവും വെറുപ്പ് തോന്നുന്ന കാര്യം ഇതാണ്. ബെംഗളൂരുവിലെ ഒരു ടയർ-1 വിസിയിൽ നടന്ന ക്വിസ് നൈറ്റിന് ശേഷമുള്ള കാഴ്ചയാണിത്. ഈ മുറിയിലുണ്ടായിരുന്നവർ വരുമാനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തിൽ രാജ്യത്തെ മുൻനിരയിലുള്ള 0.01% ആളുകളായിരിക്കാം. തൊട്ടടുത്ത് ഒരു ഡസ്റ്റ്ബിൻ ഉണ്ടായിരുന്നു. എന്നിട്ടും, നമുക്ക് പിന്നാലെ വന്ന് മറ്റാരെങ്കിലും ഇത് വൃത്തിയാക്കുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നു' എന്നാണ് കുറിച്ചിരിക്കുന്നത്.

Scroll to load tweet…

ഭക്ഷണത്തിന്റെ പാത്രങ്ങളും പേപ്പർ കപ്പുകളും ടിഷ്യൂകളും മറ്റ് അവശിഷ്ടങ്ങളും അവിടെത്തന്നെ ഉപേക്ഷിച്ച നിലയിലായിരുന്നു എന്ന് ചിത്രത്തിൽ കാണാം. വിദ്യാഭ്യാസവും നല്ല വരുമാനവും ഒക്കെ ഉണ്ടായിരുന്നായാലും സിവിക് സെൻസുണ്ടാവണമെന്നില്ല എന്നാണ് ഈ ചിത്രം തെളിയിക്കുന്നത്. മാലിന്യം വലിച്ചെറിയരുത് എന്ന അടിസ്ഥാനപാഠം പോലും പലർക്കും അറിയില്ല. ചിത്രം വൈറലായി മാറിയതോടെ പലരും രൂക്ഷവിമർശനവുമായി രം​ഗത്തെത്തി. അതേസമയം, അവിടെ കൃത്യമായ വേസ്റ്റ്ബിന്നുകളുണ്ടായിരുന്നോ, പരിപാടി തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും മാലിന്യം വലിച്ചെറിഞ്ഞിട്ട് പോകരുതെന്ന് കാണിച്ച് ചെറിയൊരു അനൗൺസ്മെന്റ് നടത്തിയാൽ മതിയായിരുന്നു തുടങ്ങിയ കമന്റുകൾ നൽകിയവരും ഉണ്ട്.