ആലപ്പുഴ: ബെന്യാമിന്‍റെ അക്ഷരങ്ങളുടെ കരുത്തിലും പ്രവാസലോകത്തെ ജീവിതത്തിന്‍റെ കണ്ണീരിലൂടെയും മലയാളക്കരയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞതാണ് ആടുജീവിതവും അതിലെ കേന്ദ്രകഥാപാത്രം നജീബും. കാലങ്ങള്‍ക്കിപ്പുറവും ആടുജീവിതത്തിലൂടെ നജീബ് ഏവരെയും നൊമ്പരപ്പെടുത്താറുണ്ട്. മണലാരണ്യത്തിലേക്ക് സ്വപ്നങ്ങളുടെ ചിറകിലേറി എത്തിയ നജീബിന് നേരിടേണ്ടിവന്ന ദുരിത ജീവിതം അത്രമേല്‍ വലുതായിരുന്നു.

അടിമജീവിത്തില്‍ നിന്ന് ആടുജീവിതമായ നജീബിന്‍റെ കഥ വായനക്കാര്‍ക്ക് പറഞ്ഞുകൊടുത്തത് ബെന്യാമിനായിരുന്നു. അതേ ബെന്യാമിന്‍ ഇന്ന് നജീബിന്‍റെ മകളുടെ വിവാഹവാര്‍ത്തയും ഏവരെയും അറിയിച്ചിരിക്കുകയാണ്. നജീബിന്‍റെ മകളുടെ വിവാഹമായിരുന്നുവെന്ന് ഫേസ്ബുക്കിലൂടെയാണ് പ്രിയ എഴുത്തുകാരന്‍ അറിയിച്ചത്. നജീബിനും നവദമ്പതികള്‍ക്കുമൊപ്പമുള്ള ചിത്രവും ബെന്യാമിന്‍ പങ്കുവച്ചിട്ടുണ്ട്.

ആലപ്പുഴയിലെ ആറാട്ടുപുഴയില്‍ വച്ചായിരുന്നു വിവാഹം. ഏറെ സന്തോഷത്തോടെ വിവാഹത്തില്‍ പങ്കെടുത്തുവെന്ന് ബെന്യാമിന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. നവദമ്പതികള്‍ക്ക് എല്ലാവിധ ആശംസകള്‍ നേരുന്നതായും അദ്ദേഹം വ്യക്തമാക്കി.