ഇന്ത്യന്‍ സ്വാതന്ത്ര്യസമരം വിപ്ലവത്തിന്‍റെയും ത്യാഗത്തിന്‍റെയും മഹത്തായ കഥകള്‍ എന്നേക്കുമായി രേഖപ്പെടുത്തി വെച്ചതാണ്.. . എത്രയോ പേര്‍ സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള ആ പോരാട്ടത്തില്‍ ജീവന്‍ ത്യജിച്ചു. അതിലൊരാളാണ് ശഹീദ് ഭഗത് സിംഗ്. ഇരുപത്തിമൂന്നാമത്തെ വയസ്സിലാണ് ആ ധീരനായ യുവാവ് ഇന്ത്യക്ക് വേണ്ടി ശബ്‍ദമുയര്‍ത്തിയതിന് തൂക്കിലേറ്റപ്പെടുന്നത്.  'ഞാൻ ഒരു തീവ്രവാദിയെപ്പോലെയാണ് പെരുമാറുന്നത് എന്ന് നിങ്ങൾക്ക് തോന്നാം, പക്ഷേ ഞാനൊരു തീവ്രവാദിയല്ല വിപ്ലവകാരിയാണ്' എന്ന് പറഞ്ഞിരുന്നയാളാണ് അദ്ദേഹം. 

ഇന്ന് ഭഗത് സിംഗിന്‍റെ ജന്മദിനമാണ്. ഇപ്പോൾ പാകിസ്താന്റെ ഭാഗമായ പഞ്ചാബിലെ ലയൽപൂർ ജില്ലയിലുള്ള ബങ്കാ ഗ്രാമത്തിലെ ഒരു സിഖ് കർഷക കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം, 1907 സെപ്തംബർ 28ന്... സർദാർ കിഷൻ സിംഗ് - വിദ്യാവതി ദമ്പതികളുടെ രണ്ടാമത്തെ മകനായിട്ടായിരുന്നു ജനനം. ഭഗത് സിംഗിന് 12 വയസ്സുള്ളപ്പോഴാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടക്കുന്നത്. രാജ്യത്തെയാകെ ഞെട്ടിച്ച ആ ക്രൂരമായ സംഭവം ഭഗത് സിംഗിലും ദേശഭക്തി ആളിക്കത്തിച്ചു. പിറ്റേന്ന് ജാലിയൻ വാലാബാഗ് സന്ദർശിച്ച ഭഗത് സിംഗ് അവിടെ നിന്നെടുത്ത ചോരയും മണ്ണും ഒരു ചെറിയ കുപ്പിയിലാക്കി തന്റെ മുറിയിൽ വെച്ചു. അതിനെ അഭിവാദ്യം ചെയ്‍തു സംസാരിച്ചു. ഇതൊരു തുടക്കം മാത്രമായിരുന്നു. ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ തൂക്കിലേറ്റപ്പെടും വരെ അന്നത്തെ ആ അഗ്നി ആ ചെറുപ്പക്കാരനില്‍ ഒട്ടുമണടയാതെ നിലനിന്നിരുന്നു.

ആ ജീവിതത്തിലെ ചിലത്:

രാഷ്ട്രീയം ചര്‍ച്ച ചെയ്യുകയും രാഷ്ട്രീയത്തിലിടപെടുകയും ചെയ്യുന്ന ഒരു കുടുംബത്തില്‍ തന്നെയാണ് ഭഗത് സിംഗ് ജനിച്ചത്. അദ്ദേഹത്തിന്‍റെ മുത്തച്ഛന്‍ ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്‍റെ അധികാരത്തിലുള്ള ലാഹോര്‍ ഖല്‍സ ഹൈസ്‍കൂളില്‍ പഠിക്കാന്‍ ഭഗത് സിംഗിനെ അനുവദിച്ചില്ല. പകരം ആര്യ സമാജ് ഇന്‍സ്റ്റിറ്റിയൂട്ടിലായിരുന്നു പഠനം.

ജാലിയന്‍വാലാബാഗ് കൂട്ടക്കൊല ഭഗത് സിംഗിനെ ആകെ പിടിച്ചുലച്ചുകളഞ്ഞു. അങ്ങനെയാണ് സ്‍കൂളില്‍ പോകാതെ കൂട്ടക്കൊല നടന്ന മൈതാനത്ത് അദ്ദേഹമെത്തുന്നത്.

വളരെ ചെറിയ പ്രായത്തില്‍ത്തന്നെ തന്‍റെ ജീവിതം രാജ്യത്തിനായി സമര്‍പ്പിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. മാതാപിതാക്കള്‍ വിവാഹത്തിനായി നിര്‍ബന്ധിച്ചപ്പോള്‍ വീടുവിട്ട് കാണ്‍പൂരിലേക്ക് പോയി ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷനില്‍ ചേരുകയായിരുന്നു അദ്ദേഹം. 

ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ചേര്‍ത്തെടുക്കുന്നത് അദ്ദേഹമാണ്. വിപ്ലവം നീണാല്‍വാഴട്ടെ എന്നായിരുന്നു അര്‍ത്ഥം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം തന്നെ ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യമായി പിന്നീടത് മാറി. 

മാര്‍ക്സിസ്റ്റ് ആശയങ്ങള്‍ ഭഗത് സിംഗിനെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. അത് അദ്ദേഹത്തിലെ വിപ്ലവാശയങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു. 

നാനാത്വത്തില്‍ ഏകത്വം എന്നതില്‍ ഉറച്ച് വിശ്വസിച്ചിരുന്ന ആളായിരുന്നു ഭഗത് സിംഗ്. 

തൂക്കിലേറ്റുന്നതിന് പകരം എന്നെ വെടിവെച്ച് കൊല്ലൂവെന്ന് ഭഗത് സിംഗ് ബ്രിട്ടീഷുകാരോട് പറഞ്ഞിരുന്നുവത്രെ. അവസാനമായി എഴുതിയ ഒരു കത്തിൽ പോലും ഇത് പരാമർശിക്കപ്പെട്ടു. അതിൽ “ഒരു പീരങ്കിയുടെ വായിലേക്ക് എറിയപ്പെടാനാണ് എന്‍റെ ആഗ്രഹം” എന്നദ്ദേഹമെഴുതി..

ആരെയും പരിക്കേൽപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല, മറിച്ച് അറസ്റ്റ് ചെയ്യപ്പെടാനാണ് സിംഗും കൂട്ടാളികളും താഴ്ന്ന നിലവാരത്തിലുള്ള സ്‌ഫോടകവസ്തുക്കൾ കേന്ദ്ര നിയമസഭയിൽ എറിഞ്ഞത്.

ബ്രിട്ടീഷ് പൊലീസ് ഓഫീസറെ വെടിവെച്ച കേസില്‍ അദ്ദേഹം വിചാരണ ചെയ്യപ്പെട്ടു. 

ഈ സംഭവത്തെ തുടർന്ന് അദ്ദേഹത്തെ തൂക്കിക്കൊല്ലാൻ വിധിച്ചു. 11 മണിക്കൂർ കൊണ്ടാണ് ഈ തൂക്കിക്കൊല മുന്നോട്ട് പോയത്. 1931 മാർച്ച് 23 -ന് രാത്രി 7.30 ന് അദ്ദേഹത്തെ തൂക്കിലേറ്റി. പിന്നീട്, ജയിലിലെ അധികൃതർ സത്‌ലജ് നദിയുടെ തീരത്ത് രഹസ്യമായി സംസ്‌കരിച്ചു.