കൊള്ളക്കാരനെന്ന നിലയിലുള്ള വൈദഗ്ധ്യവും കൊള്ളയിലെ റോബിന്‍ഹുഡ് ശൈലിയും ഭൂപതിനെ വ്യത്യസ്തനാക്കി. ആവേശവും സാഹസികതയും നിറഞ്ഞ ആ ജീവിതത്തിന്‍റെ അന്ത്യം പക്ഷേ ഇപ്പോഴും ദുരൂഹതയായി നിലനില്‍ക്കുന്നു.
1950കളുടെ തുടക്കം. സ്വതന്ത്രഭാരതം ആദ്യപൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സമയം. തെരഞ്ഞെടുപ്പ് ആരവങ്ങള്‍ക്കിടെ രാജ്യത്തിന്‍റെ ഒരു കോണില്‍ അധികമാരും അറിയാതെ ചില നാടകീയ സംഭവങ്ങള്‍ അരങ്ങേറി. സ്വന്തം ഭാവി എന്താകുമെന്ന് ഭയന്ന നാട്ടുരാജാക്കന്മാരില്‍ ചിലരായിരുന്നു അതിന് പിന്നില്‍. ജനാധിപത്യം അവര്‍ക്ക് പേടിസ്വപ്നമായിരുന്നു. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് വിധി അട്ടിമറിക്കാന്‍ അവര്‍ ചില കരുനീക്കങ്ങള്‍ നടത്തി. ആ നാടകീയനീക്കങ്ങളില്‍ നെടുംതൂണായതാവട്ടെ ഒരു കാട്ടുകൊള്ളക്കാരന്‍, പേര് ഭൂപത് സിങ്!
സൗരാഷ്ട്ര പ്രവിശ്യയിലെ കുപ്രസിദ്ധനായ കൊള്ളക്കാരനായിരുന്നു ഭൂപത്. ധനികരായ കര്‍ഷകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, പ്രാദേശിക ഭരണകൂടം തുടങ്ങി എല്ലാവര്‍ക്കും ഭയമായിരുന്നു ഭൂപതിനെ. എണ്‍പത്തിയഞ്ചിലധികം കൊലപാതകങ്ങള്‍ ഭൂപത് നടത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗിക രേഖ. യഥാര്‍ത്ഥ കണക്കുകള്‍ അതിലുമെത്രയോ കൂടുതലായിരിക്കുമെന്നാണ് വിവരം. പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് വിജയം ഉറപ്പാണെന്ന് മനസ്സിലാക്കിയ നാട്ടുരാജാക്കന്മാരില്‍ ചിലര്‍ തങ്ങളുടെ അധീശത്വം നഷ്ടപ്പെടാതിരിക്കാന്‍ ആയുധവും ആള്‍ബലവും നല്കി ഭൂപതിനെ കൊള്ളയ്ക്കും കൊലയ്ക്കും പ്രേരിപ്പിക്കുകയായിരുന്നത്രേ.

ഇന്നത്തെ കത്തിയവാറും സൗരാഷ്ട്രയും പഴയ ജുനാഗഡ് പ്രദേശവും ചേര്‍ന്നതായിരുന്നു അന്നത്തെ സൗരാഷ്ട്ര. പടിഞ്ഞാറ് അറബിക്കടലും, കിഴക്കും വടക്കും ബോംബെ പ്രസിഡന്‍സിയും അതിരിട്ട ഭൂപ്രദേശം. കഛില്‍ നിന്ന് സൗരാഷ്ട്രയെ വേര്‍തിരിച്ചിരുന്നത് വടക്ക് ഭാഗത്തുള്ള കടലിടുക്കായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ രാഷ്ട്രീയത്തിനു പുറമേ ഈ പ്രദേശത്തിന്‍റെ ഭൂമിശാസ്ത്രവും ഭൂപത് എന്ന കാട്ടുകൊള്ളക്കാരന്‍റെ വളര്‍ച്ചയ്ക്ക് വളവും വെള്ളവുമായി.
1950 മുതല്‍ 1952 വരെയുള്ള സമയമായിരുന്നു ഭൂപതിന്‍റെ പ്രതാപകാലം. അക്കാലത്ത് ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ പകര്‍ത്താന്‍ വന്ന പാശ്ചാത്യമാധ്യമങ്ങള്‍ വരെ ഭൂപതിനെപ്പറ്റി റിപ്പോര്‍ട്ട് ചെയ്തിരുന്നു എന്നാണ് ചരിത്രം. ഭൂപത് എന്ന പേര് അയാള്‍ സ്വയം സ്വീകരിച്ചതാണെന്നാണ് അനുമാനം. ഭൂപ്രഭു എന്നാണ് ആ പേരിന് അര്‍ത്ഥം. ചരിത്രം ആ പേര് ഭൂപത് സിങ് എന്നും ഭൂപത് മക്വാന എന്നും അടയാളപ്പെടുത്തിയിട്ടുണ്ട്. കൊള്ളക്കാരനെന്ന നിലയിലുള്ള വൈദഗ്ധ്യവും കൊള്ളയിലെ റോബിന്‍ഹുഡ് ശൈലിയും ഭൂപതിനെ വ്യത്യസ്തനാക്കി. ആവേശവും സാഹസികതയും നിറഞ്ഞ ആ ജീവിതത്തിന്‍റെ അന്ത്യം പക്ഷേ ഇപ്പോഴും ദുരൂഹതയായി നിലനില്‍ക്കുന്നു.

പൊതുതെരഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ക്ക് മുമ്പ് തന്നെ ആയുധധാരിയായ ഒരു കൊള്ളക്കാരനെക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന കഥകള്‍ സജീവമായി പ്രചരിച്ചിരുന്നു എന്നാണ് ദി ന്യൂയോര്‍ക്കറില്‍ ശാന്താരാമ റാവു 1952 മേയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 'ആ കൊള്ളക്കാരനും അയാളുടെ സംഘവും ചേര്‍ന്ന് ബോംബെ പ്രസിഡന്‍സിയുടെ വടക്കന്‍ പ്രവിശ്യകളില്‍ ഗ്രാമങ്ങള്‍ കൊള്ളയടിക്കുകയും ഗ്രാമീണരെ കൊലപ്പെടുത്തുകയും ചെയ്തു. അധികം താമസിയാതെ നിരവധി നാട്ടുരാജാക്കന്മാരെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഭൂപതിന്‍റെ സംഘത്തെ ഉപയോഗിച്ച് നിഷ്കളങ്കരായ ഗ്രാമീണരെ കൊന്നൊടുക്കി എന്നതാണ് അവര്‍ക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റം.'(ന്യൂയോര്‍ക്കര്‍ റിപ്പോര്‍ട്ട് 1952 മേയ്) ജനാധിപത്യഭരണം ക്രമസമാധാനത്തെ തകര്‍ക്കുമെന്ന തെറ്റിദ്ധാരണ ജനങ്ങളില്‍ പകരാനാണ് ഈ തീവ്രവാദം എന്നായിരുന്നു സര്‍ക്കാര്‍ വാദം. കോണ്‍ഗ്രസ് അധികാരത്തിലെക്കിയാല്‍ ഇതേ അവസ്ഥ തുടരുമെന്ന ഭീഷണിയും ആ പ്രവര്‍ത്തികള്‍ക്ക് പിന്നിലുണ്ടായിരുന്നെന്ന് സര്‍ക്കാര്‍ ആരോപിച്ചു.
ഇതേത്തുടര്‍ന്ന് 1951 ഒക്ടോബര്‍ 25ന് തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പ് ഭൂപതിനെ ജീവനോടെയോ അല്ലാതെയോ പിടിച്ചുകൊടുക്കുന്നവര്‍ക്ക് 50,000 രൂപ ഇനാം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. നാട്ടുരാജാക്കന്മാരുടെ എല്ലാവിധ കുത്സിത ശ്രമങ്ങളെയും ഭൂപത് സിങ്ങിന്‍റെ കുടിലതന്ത്രങ്ങളെയും മറികടന്ന് സൗരാഷ്ട്രയിലെ 60ല്‍ 55 സീറ്റുകളിലും കോണ്‍ഗ്രസ് വിജയിച്ചു.

വി.ജി.കാന്തികാര്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥനെയായിരുന്നു ഭൂപത് സിങ്ങിനെ പിടികൂടാനുള്ള ചുമതല സര്‍ക്കാര്‍ ഏല്‍പ്പിച്ചത്. സൗരാഷ്ട്രയുടെ ഐജിപി ആയിരുന്നു അദ്ദേഹം. സേനയ്ക്കുള്ളില്‍ അച്ചടക്കം കൊണ്ടുവന്ന് പട്രോളിംഗ് അദ്ദേഹം കര്‍ക്കശമാക്കി. ആ സമയത്ത് പോലീസുകാരെ നേരിട്ട് വെല്ലുവിളിക്കുന്ന രീതിയാണ് ഭൂപത് സിങ് സ്വീകരിച്ചത്. കൊള്ളയോ കൊലയോ നടത്തുന്ന സ്ഥലങ്ങളില്‍ പോലീസുകാര്‍ക്കായി സ്വന്തം കയ്യക്ഷരത്തില്‍ എഴുതിയ സന്ദേശങ്ങള്‍ ഉപേക്ഷിച്ച് പോവുകയായിരുന്നു ഭൂപതിന്‍റെ പതിവ്. കാന്തികാറിനെ എല്ലായ്പ്പോഴും മകനേ എന്നാണ് ഭൂപത് സന്ദേശങ്ങളില്‍ അഭിസംബോധന ചെയ്തിരുന്നത്.
കാല്പാദങ്ങളുടെ രേഖ മണ്ണില്‍പ്പതിഞ്ഞിരിക്കുന്നത് നോക്കിയായിരുന്നു ഭൂപത് സിങ്ങിന് പിന്നാലെയുള്ള പോലീസ് നീക്കങ്ങള്‍. ഈ വിഷയത്തില്‍ അവഗാഹം നേടിയ രണ്ട് പോലീസുകാരെയും കാന്തികാര്‍ സഹായത്തിനായി ആശ്രയിച്ചിരുന്നു. ഭൂപതിന്‍റെ സംഘത്തിലുള്ള ഒരാളെ വധിക്കാന്‍ പോലീസിന് കഴിഞ്ഞു. ആറ് പേരായിരുന്നു എല്ലായ്പ്പോഴും ഭൂപതിന്‍റെ സംഘത്തിലുണ്ടായിരുന്നത്. ആ വേട്ടയില്‍ പോലീസിന് രണ്ടംഗങ്ങളെ നഷ്ടമാവുകയും ചെയ്തു. ഈ സംഭവത്തോടെ പ്രകോപിതനായെങ്കിലും തിരിച്ചടിക്കാനുള്ള ത്രാണി ഭൂപതിനുണ്ടായിരുന്നില്ല. നില്‍ക്കക്കള്ളിയില്ലാതെ ഭൂപത് തന്‍റെ മൂന്ന് വിശ്വസ്തരോടൊപ്പം പാകിസ്താനിലേക്ക് കടന്നു.

അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിന് ഭൂപതിനെ അറസ്റ്റ് ചെയ്തെന്ന് പാകിസ്താനി ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി വാര്‍ത്തകള്‍ പരന്നു. പിന്നീടുള്ളതെല്ലാം ഇനിയും മറനീക്കി പുറത്തുവരാത്ത ദുരൂഹതകളാണ്. ജയില്‍മോചിതനായ ഭൂപത് ഇസ്ലാംമതം സ്വീകരിച്ചെന്നും പാല്‍ക്കച്ചവടക്കാരനായെന്നും മുസ്ലീംപെണ്‍കുട്ടിയെ വിവാഹം ചെയ്തെന്നുമൊക്കെ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇന്ത്യയിലുള്ള ഭാര്യയുടെയും മക്കളുടെയും അടുത്തേക്ക് ഒരിക്കലെങ്കിലും ഭൂപത് മടങ്ങിയെത്തിയതായി റിപ്പോര്‍ട്ടുകളില്ല. ഭൂപതിനെ ഇന്ത്യക്ക് കൈമാറണമെന്ന് പാകിസ്താനോട് ആവശ്യപ്പെട്ടെങ്കിലും അതിന്മേലും തുടര്‍നടപടികളുണ്ടായില്ല.
വി ജി ക്രാന്തികാര്‍ മറാഠിയില്‍ രചിച്ച ഭൂപത് എന്ന പുസ്കത്തിലാണ് സൗരാഷ്ട്രയെ വിറപ്പിച്ച കാട്ടുകൊള്ളക്കാരന്‍റെ കഥ അനാവരണം ചെയ്തിട്ടുള്ളത്. ഭൂപതിനെക്കുറിച്ച് ഇറങ്ങിയ മറ്റ് പുസ്തകങ്ങള്‍ പലതും സര്‍ക്കാര്‍ നിരോധിച്ചതായും പറയപ്പെടുന്നു.
