ബിബിലിയോബ്യൂറോ ഒരു സഞ്ചരിക്കുന്ന വായനശാലയാണ്, രണ്ട് കഴുതപ്പുറത്തേറി സഞ്ചരിക്കുന്ന വായനശാല. ആ കഴുതകളുടെ പേരാണ് ആല്‍ഫയും ബെറ്റോയും. കൊളംബിയയില്‍ ലൂയിസ് സോറിയാനോ എന്നൊരാളാണ് ഈ വ്യത്യസ്‍തമായ വായനശാല തുടങ്ങിയത്. കൊളംബിയയുടെ കരീബിയന്‍ തീരത്തുള്ള ഡിപാര്‍‍ട്‍മെന്‍റ് ഓഫ് മഗ്‍ദലനെയിലെ മുനിസിപ്പാലിറ്റികളിലാണ് ഈ സഞ്ചരിക്കുന്ന വായനശാല യാത്ര ചെയ്യുന്നത്. 

കുഞ്ഞായിരിക്കുമ്പോള്‍ തന്നെ വായിക്കാനേറെ ഇഷ്‍ടപ്പെട്ടിരുന്നയാളായിരുന്നു സോറിയാനോ. തന്‍റെ ഗ്രാമത്തില്‍ മാസത്തില്‍ രണ്ടു തവണ സന്ദര്‍ശനം നടത്തിയിരുന്ന പ്രൊഫസറുടെ സഹായത്തോടെ സ്‍പാനിഷ് ലിറ്ററേച്ചറില്‍ കോളേജ് ബിരുദം നേടിയ ആളാണ് സോറിയാനോ. പിന്നീട്, ഒരു പ്രൈമറി സ്‍കൂള്‍ അധ്യാപകനായിത്തീര്‍ന്ന സോറിയാനോയ്ക്ക് വായനയുടെ പ്രാധാന്യം മനസിലാക്കാന്‍ ഒട്ടേറെയൊന്നും സഞ്ചരിക്കേണ്ടി വന്നില്ല. തന്‍റെയും തന്‍റെ വിദ്യാര്‍ത്ഥികളുടെയും ജീവിതം തന്നെ നോക്കിയാല്‍ മതിയായിരുന്നു. അങ്ങനെ 1990 -കളുടെ അവസാനത്തോടെ 70 പുസ്‍തകങ്ങളുമായി സോറിയാനോ തന്‍റെ സഞ്ചരിക്കുന്ന വായനശാല തുടങ്ങി. 

 

അതിനിടയിലാണ് കൊളംബിയന്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജുവാന്‍ ഗോസ്സൈന് ഒരു എഴുത്തെഴുതുന്നത്. അദ്ദേഹത്തിന്‍റെ പുസ്‍തകമായ The Ballad of Maria Abdala -ലെ ഒരുഭാഗം ഒരു റേഡിയോ പരിപാടിക്കിടെ വായിച്ചുകേട്ടപ്പോള്‍ 'തന്‍റെ വായനശാല വഴി എല്ലാവരിലുമെത്തിക്കാന്‍ ആ പുസ്‍തകത്തിന്‍റെ കോപ്പി അയച്ചുതരാമോ' എന്നായിരുന്നു സോറിയാനോയുടെ ചോദ്യം. അദ്ദേഹം ഇതിനെ കുറിച്ചും റേഡിയോയില്‍ പറഞ്ഞതോടെ സഞ്ചരിക്കുന്ന വായനശാലയെ കുറിച്ച് കൂടുതല്‍ പേരറിയുകയും അനവധിയനവധി പുസ്‍തകങ്ങള്‍ സോറിയാനോയെ തേടിയെത്തുകയും ചെയ്‍തു. 

പിന്നീട്, സോറിയാനോ ഒരു കുഞ്ഞു ലൈബ്രറി പണിയാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. എന്നാല്‍, വേണ്ടത്ര ഫണ്ടില്ലാത്തതിനാല്‍ പാതിയില്‍ മുടങ്ങുകയായിരുന്നു. എങ്കിലും തന്‍റെ ശ്രമങ്ങളൊന്നും സോറിയാനോ ഉപേക്ഷിച്ചിട്ടില്ല. ബിബിലിയോബ്യൂറോയിലൂടെ കുട്ടികള്‍ക്കിഷ്‍ടപ്പെടുന്ന സാഹസികകഥകളാണ് ഏറെയും അദ്ദേഹം നല്‍കുന്നത്. ഒപ്പം തന്നെ എന്‍സൈക്ലോപീഡിയ, നോവലുകള്‍, മെഡിക്കല്‍ ടെക്സ്റ്റുകള്‍ തുടങ്ങിയവയെല്ലാം നല്‍കിവരുന്നു. അതിനിടയില്‍ വായിക്കാന്‍ കൊടുത്തിട്ട് തിരികെ കിട്ടാത്ത പുസ്‍തകങ്ങളുമുണ്ട്. ഒരു സെക്സ് എജ്യുക്കേഷന്‍ മാന്വല്‍,  ലൈക്ക് വാട്ടര്‍ ഫോര്‍ ചോക്ലേറ്റ് എന്നിവ അതില്‍ പെടുന്നു. പാവപ്പെട്ടവര്‍ താമസിക്കുന്ന ഗ്രാമങ്ങളിലൂടെയുള്ള അദ്ദേഹത്തിന്‍റെ യാത്ര പുസ്‍തകം വാങ്ങി വായിക്കാനാകാത്ത കുട്ടികള്‍ക്ക് വലിയ അനുഗ്രഹമായി മാറുകയായിരുന്നു. പുസ്‍തകങ്ങളുമായിട്ടുള്ള ആ യാത്രക്കിടെ ഒരിക്കല്‍ അദ്ദേഹത്തിന് ഒരു അപകടമുണ്ടാവുകയും ഒരുകാല്‍ നഷ്‍ടമാവുകയും ചെയ്‍തിരുന്നു. പക്ഷേ, അതിനൊന്നും അദ്ദേഹത്തിന്‍റെ സഞ്ചാരത്തെ തടസപ്പെടുത്താനായില്ല. അതിനുശേഷവും തന്‍റെ കൃത്രിമക്കാലുമായി അദ്ദേഹം കാടും പുഴയും കടന്ന് പുസ്‍തകങ്ങളുമായുള്ള തന്‍റെ യാത്ര തുടര്‍ന്നു. 

ഏതായാലും ആ പുസ്‍തകസ്നേഹി തുടങ്ങിയ സംരംഭം വെറുതെയാവില്ല എന്നതുറപ്പാണ്. എത്രയെത്രയോ കുട്ടികള്‍ അദ്ദേഹത്തിലൂടെ പുസ്‍തകത്തിന്‍റെയും അറിവിന്‍റെയും വിശാലമായ ലോകത്തേക്ക് ചുവടുവെച്ചുകാണും.