വസിഷ്ഠ്  നാരായൺ സിങ്, രാമാനുജന് ശേഷം ലോകമറിഞ്ഞ അംഗീകരിച്ച ഒരു ഗണിത ശാസ്ത്രജ്ഞനായിരുന്നു. വസന്ത്പൂർ എന്ന ബിഹാറിലെ ഗ്രാമം അറിയപ്പെടുന്നത് വസിഷ്ഠ് ബാബു കാ ഗാവ് അഥവാ വസിഷ്ഠ്  സാറിന്റെ ഗ്രാമം എന്നാണ്. എന്നാൽ സ്കിസോഫ്രീനിയ എന്ന മാനസികരോഗം ബാധിച്ച് ഏറെക്കാലം ബുദ്ധിമുട്ടിയിരുന്ന വസിഷ്ഠ് നാരായൺ സിങ് ഒടുവിൽ ഇന്നലെ അന്ത്യശ്വാസം വലിച്ചപ്പോൾ, അദ്ദേഹത്തിന്റെ മൃതദേഹം ഒരു സ്‌ട്രെച്ചറിൽ കിടത്തി, ആശുപത്രിക്ക് പുറത്തെത്തിച്ച് അവിടെ ഏറെ നേരം അദ്ദേഹത്തിന്റെ ബന്ധുക്കളെ ഒരു ആംബുലൻസ് പോലും കിട്ടാതെ പുറത്ത് കാത്തുകിടത്തി അപമാനിക്കുകയാണ് ബിഹാർ സർക്കാരിന്റെ ആരോഗ്യവകുപ്പ് ചെയ്തത്. 

 

1942 -ൽ ബിഹാറിലെ വസന്ത്പൂർ ഗ്രാമത്തിലെ ഒരു ദരിദ്രകുടുംബത്തിലായിരുന്നു വസിഷ്ഠ്  നാരായൺ സിംഗിന്റെ ജനനം. പത്താം ക്ലാസ്സിലും പ്രീഡിഗ്രിക്കും സംസ്ഥാനത്ത് ഒന്നാമതായിരുന്നു വസിഷ്ഠ്. അതിനുശേഷം പട്‌നയിലെ സയൻസ് കോളേജിൽ ഓണേഴ്‌സ് ബിരുദത്തിനെത്തി, ഒരു വർഷത്തിനുള്ളിൽ തന്നെ ഡിഗ്രിപഠനം പൂർത്തിയാക്കുന്നു. അവിടെവെച്ച് യാദൃച്ഛികമായി കണ്ടുമുട്ടാനിടയായ അമേരിക്കയിലെ കാലിഫോർണിയ ബെർക്ക്ലി സർവകലാശാലയിലെ പ്രൊഫസറായ ജോൺ എൽ കെല്ലി, വസിഷ്ഠിന്റെ അസാമാന്യമായ കഴിവുകൾ കണ്ടമ്പരന്ന്, സകല ചെലവുകളും വഹിച്ച്, സ്‌കോളർഷിപ്പും നൽകി അദ്ദേഹത്തെ കൂടെ കൊണ്ടുപോകുന്നു. യൂണിവേഴ്സിറ്റി കോളേജ് ബെർക്ക്ലിയിൽ നിന്ന് Summa Cum Laude എന്ന ഏറ്റവും ഉയർന്ന ബഹുമതിയോടെ ഗവേഷണബിരുദം പാസാകുന്നു വസിഷ്ഠ്. "Reproducing Kernels and Operators with Cyclic Vector" എന്ന വിഷയത്തിലായിരുന്നു ഗവേഷണം. അതിനുശേഷം അദ്ദേഹം നാസയുമായും ചേർന്ന് പ്രവർത്തിച്ചു എന്ന് പറയപ്പെടുന്നുണ്ട്.

അക്കാദമികമായ നേട്ടങ്ങളുടെ പരമകാഷ്ഠയിൽ നിൽക്കുമ്പോൾ അമേരിക്കയിൽ വെച്ചുതന്നെയാണ് സ്കിസോഫ്രീനിയ എന്ന മാനസികരോഗത്തിന്റെ ആദ്യലക്ഷണങ്ങൾ  വസിഷ്ഠ് പ്രകടിപ്പിക്കുന്നതും.  പലതും മറക്കാൻ തുടങ്ങി അദ്ദേഹം. പെട്ടെന്ന് ദേഷ്യം വരാനും, പലപ്പോഴും അക്രമാസക്തനാകാനും ഒക്കെ തുടങ്ങി. വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ ജോൺ നാഷിനും ഇതേ അസുഖമായിരുന്നു. എ ബ്യൂട്ടിഫുൾ മൈൻഡ് എന്ന ചിത്രത്തിൽ ഈ അസുഖത്തിന്റെ വിശദമായ ചിത്രീകരണമുണ്ട്.  അമേരിക്കയിൽ ചെലവിട്ട കാലത്താണ് ആപേക്ഷികതാ സിദ്ധാന്തത്തിലെ വസിഷ്ഠിന്റെ ശ്രദ്ധേയമായ ഇടപെടലുകൾ നടക്കുന്നതും, ഐൻസ്റ്റീന്റെ ചില കണ്ടെത്തലുകളെ വരെ അദ്ദേഹം വെല്ലുവിളിക്കുന്നതും. 

ഇങ്ങനെയൊരു മാനസിക രോഗത്തെപ്പറ്റി ഒന്നും പറയാതെയാണ്  അദ്ദേഹത്തിന്റെ കുടുംബം അടുത്ത ഗ്രാമത്തിലെ ഒരു ഡോക്ടറെക്കൊണ്ട് അദ്ദേഹത്തെ വിവാഹം കഴിപ്പിക്കുന്നത്. വിവാഹശേഷം അമേരിക്കയിലെത്തിയപ്പോൾ മാത്രമായിരുന്നു ഭാര്യക്ക് അദ്ദേഹത്തിന്റെ മനസികാസ്വാസ്ഥ്യത്തെക്കുറിച്ച് അറിയാൻ കഴിഞ്ഞത്. 1974 -ൽ ദമ്പതികള്‍ അമേരിക്കയിൽ നിന്ന് തിരിച്ചുവന്നു. അദ്ദേഹത്തിന് IIT കാൺപൂരിൽ അധ്യാപകനായി ജോലി കിട്ടുന്നു. അവിടെനിന്ന് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്, പിന്നെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അങ്ങനെ പലയിടത്തായി പഠിപ്പിച്ചു. അദ്ദേഹത്തിന്റെ അസുഖം ഭാര്യയെ വൈകാരികമായി അദ്ദേഹത്തിൽ നിന്ന് അകറ്റിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. 1976 -ൽ വിവാഹമോചനം നടക്കുന്നു. അദ്ദേഹത്തെ പരിചരിക്കാൻ അതോടെ ആരും ഇല്ലാതാകുന്നു. ബന്ധുക്കൾ അദ്ദേഹത്തെ ഒരു സർക്കാർ മാനസികരോഗാശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നു. 

1985 -ൽ ദീർഘനാളത്തെ ചികിത്സക്കു ശേഷം അദ്ദേഹം വീട്ടിലേക്ക് തിരിച്ചു വരുന്നു. നാട്ടിലെത്തി രണ്ടു വർഷങ്ങൾക്കുള്ളിൽ   വസിഷ്ഠിനെ കാണാതെയാകുന്നു. വിശേഷിച്ച് ഒരു ലക്ഷ്യവുമില്ലാതെ ഗ്രാമങ്ങൾ തോറും അലഞ്ഞു അദ്ദേഹം. കിട്ടുന്നിടത്തുനിന്നൊക്കെ ഇരന്നുവാങ്ങി കഴിച്ചു. കടവരാന്തകളിൽ കിടന്നുറങ്ങി. ഏറെനാൾ അന്വേഷിച്ചിട്ടും വീട്ടുകാർക്ക് അദ്ദേഹത്തെ കണ്ടുകിട്ടിയില്ല. നാലുവർഷത്തിനു ശേഷം മുൻ ഭാര്യയുടെ ഗ്രാമത്തിനടുത്തുനിന്ന് വസിഷ്ഠിനെ ബന്ധുക്കൾ കണ്ടെത്തുന്നു. ഇത്തവണ ശത്രുഘ്‌നൻ സിൻഹ എംപിയുടെ സഹായത്തോടെ IHBS ദില്ലിയിൽ ചികിത്സിക്കുന്നു. 2009 -ൽ അവിടെനിന്നും സുഖം പ്രാപിച്ച് വീണ്ടും വസിഷ്ഠ് പുറത്തിറങ്ങുന്നു. 

അമേരിക്കയിൽ നിന്ന് തിരിച്ചുവന്നപ്പോൾ പത്തു പെട്ടികൾ നിറച്ചും പുസ്തകങ്ങൾ കൊണ്ടുവന്ന ആളാണ്. സദാസമയം ഒരു ചെറിയ നോട്ടുബുക്കും കയ്യിലൊരു പെന്‍സിലുമായി ആ പുസ്തകങ്ങളിലെ കണക്കുകളും ചെയ്തുകൊണ്ട് നടക്കും. ഉത്തരം കിട്ടിക്കഴിഞ്ഞാൽ കൊച്ചു കുട്ടികളെപ്പോലെ തുള്ളിച്ചാടും. ആഴ്ച്ചക്കാഴ്ചക്ക് പെൻസിലും പേപ്പറും വാങ്ങേണ്ടി വരും. അതിനും മാത്രം കണക്കുകള്‍ ചെയ്തു തീർക്കുമായിരുന്നു.   

നാസയിലെ കാലത്ത് വസിഷ്ഠിനെപ്പറ്റി പറഞ്ഞു കേട്ടിട്ടുള്ളൊരു കഥയുണ്ട്. അപ്പോളോ ലോഞ്ചിങിന് മുമ്പ് 31 കംപ്യൂട്ടറുകൾ ഒരേസമയം കേടാവുകയുണ്ടായി. അതോടെ പേനയും പേപ്പറും എടുത്തുവെച്ച്  ഇരിപ്പായ അദ്ദേഹം കമ്പ്യൂട്ടർ റീബൂട്ട് ചെയ്തു വന്നപ്പോഴേക്കും കണക്കിന്റെ ഉത്തരം കണ്ടെത്തി എന്നും, കംപ്യൂട്ടറിന്റെയും സിംഗിന്റെയും ഉത്തരങ്ങൾ ഒന്നുതന്നെയായിരുന്നു എന്നുമാണ് ലെജൻഡ്. 

അങ്ങനെ ഏറെ അലംകൃതമായ ഒരു ഭൂതകാലമുള്ള ആ ഗണിത ശാസ്ത്രജ്ഞന്റെ മരണത്തിൽ രാഷ്ട്രം അദ്ദേഹത്തോട് ആദരവുകാണിച്ചില്ല എന്നാണ് ബന്ധുക്കളുടെ ആരോപണം. അസുഖം മൂർച്ഛിച്ച് പട്നാ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത വ്യാഴാഴ്ച മരണപ്പെടുകയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മൃതദേഹം ഒരു ആംബുലൻസ് പോലും നൽകാതെ പുറത്ത് സ്‌ട്രെച്ചറിൽ കിടത്തി ഏറെ നേരം താമസിപ്പിച്ചു എന്നാണ് ബന്ധുക്കൾ പറഞ്ഞത്. എന്തായാലും അത് വളരെ മോശമായിപ്പോയി എന്ന് കാണിച്ച് ഡോ. കുമാർ ബിശ്വാസ് അടക്കമുള്ള  രാഷ്ട്രീയ നേതാക്കളും രംഗത്തുവന്നിട്ടുണ്ട്.