വീഡ‍ിയോയിൽ, യുവാവ് സൈക്കിളിൽ സഞ്ചരിക്കുന്നതാണ് കാണുന്നത്. സൈക്കിളിന്റെ പിന്നിൽ ചാർലിയും ഇരിക്കുന്നത് കാണാം.

ബിഹാറിൽ നിന്നുള്ള സോനു രാജ് എന്ന യുവാവ് തന്റെ വളർത്തുനായ ചാർലിയുമായി സൈക്കിൾ യാത്ര നടത്തിയത് 12,000 കിലോമീറ്റർ. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിലൂടെ ആളുകളുടെ ഹൃദയം കവരുകയാണ്.

ഇന്ത്യയിലുടനീളമായി ചാർലിയുമായി നടത്തിയ തന്റെ സൈക്കിൾ യാത്രയുടെ വിശേഷങ്ങൾ യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. 11 മാസമായി താൻ യാത്ര ചെയ്യുകയാണെന്നും രാമേശ്വരം, കേദാർനാഥ്, ബദരീനാഥ് എന്നിവയുൾപ്പെടെ 12,000 കിലോമീറ്ററിലധികം സഞ്ചരിച്ചിട്ടുണ്ട് എന്നുമാണ് സോനു രാജ് പറയുന്നത്.

ഉത്തർപ്രദേശിൽ നിന്നാണ് ചാർലിയെ ദത്തെടുത്തത് എന്ന് സോനു പറയുന്നു. ചാർലി ഒരു അപകടത്തിൽപ്പെട്ടു, സോനുവാണ് അവനെ ചികിത്സയ്ക്കായി ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. അന്നുമുതൽ അവർ സുഹൃത്തുക്കളാണ്. രക്ഷപ്പെടുത്തിയതിനുശേഷം ചാർലി ഒരിക്കലും തന്നെ വിട്ടുപോയിട്ടില്ല എന്നും സോനു പറഞ്ഞു.

'ഈ ഓർമ്മ ഞാൻ വീണ്ടും പോസ്റ്റ് ചെയ്യുകയാണ്. ഈ ഓർമ്മ നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇത് വെറുമൊരു വീഡിയോ അല്ല. എന്റെയും ചാർലിയുടെയും യാത്രയുടെ ഒരു ഭാഗമാണിത്. സ്നേഹം, സൗഹൃദം, നമ്മൾ ഒരുമിച്ച് സഞ്ചരിച്ച വഴികൾ എന്നിവയെക്കുറിച്ചെല്ലാമാണിത്' എന്നാണ് സോനു കുറിച്ചിരിക്കുന്നത്.

View post on Instagram

വീഡ‍ിയോയിൽ, യുവാവ് സൈക്കിളിൽ സഞ്ചരിക്കുന്നതാണ് കാണുന്നത്. സൈക്കിളിന്റെ പിന്നിൽ ചാർലിയും ഇരിക്കുന്നത് കാണാം. അവന് വെയിൽ കൊള്ളാതിരിക്കാനിയിട്ടെന്നോണം തുണി വച്ച് ഒരു കൂട് പോലെ മറച്ചിരിക്കുന്നതും കാണാം.

യുവാവ് പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. 'പലരും സ്വപ്നം കാണുന്ന ജീവിതമാണ് ചാർലി ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്നത്' എന്നാണ് പലരും കുറിച്ചിരിക്കുന്നതും. യുവാവും ചാർലിയും തമ്മിലുള്ള സ്നേഹത്തെ കുറിച്ചും പലരും കുറിച്ചിട്ടുണ്ട്.