Asianet News Malayalam

വിവരാവകാശപ്രവർത്തകന്റെ സ്‌കൂൾ വിദ്യാർത്ഥിയായ മകനെ കേസിൽ കുടുക്കി ബിഹാർ പൊലീസ്, അഞ്ചുമാസത്തിനുശേഷം ജാമ്യം

ഈ പൊലീസ് കേസിന്റെ പേരിൽ കുട്ടിയുടെ ഒരു അക്കാദമിക് ഇയർ നഷ്ടമായി. എഴുതിയ പരീക്ഷകളിൽ എല്ലാം കൂടി അവന് 83 ശതമാനം മാർക്കുണ്ട്. അവസാനത്തെ പരീക്ഷ പൊലീസ് കസ്റ്റഡിയിൽ ആയതിനാൽ എഴുതാനായില്ല അവന്. 

Bihar Police frames minor son of RTI activist under Arms act and declares him an adult to send him in remand for 5 months
Author
Buxar, First Published Aug 17, 2020, 12:57 PM IST
  • Facebook
  • Twitter
  • Whatsapp

ബക്സർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു വിവരാവകാശ പ്രവർത്തകന്റെ പത്താംക്‌ളാസിൽ പഠിക്കുന്ന മകനെ ലോക്കൽ പൊലീസ് കഴിഞ്ഞ ഫെബ്രുവരിയിൽ ആംസ്‌ ആക്റ്റ് പ്രകാരം അറസ്റ്റു ചെയ്തിരുന്നു. പത്താം തരത്തിലെ പരീക്ഷ എഴുതി വീട്ടിലേക്ക് തിരികെ വരുന്ന വഴി, ബൈക്കിൽ വന്ന രണ്ടുപേർക്കൊപ്പം ലിഫ്റ്റ് ചോദിച്ച് കയറിയതായിരുന്നു ആ കുട്ടി. അവരെ മൂന്നു പേരെയും കസ്റ്റഡിയിലെടുത്ത പൊലീസ്, ആ വിദ്യാർത്ഥിയുടെ കയ്യിൽ നിന്ന് നാടൻ തോക്കും, ബൈക്ക് ഓടിച്ചിരുന്ന ആളിൽ നിന്ന് വേദിതിരകളും കണ്ടെടുത്തു എന്നാരോപിച്ച് കേസ് ചാർജ് ചെയ്തിരുന്നു. ആ കുട്ടിക്ക് പ്രായപൂർത്തി ആയിട്ടുണ്ട് എന്നാണ് പൊലീസ് കോടതിക്ക് മുമ്പാകെ ബോധിപ്പിച്ചത്. തങ്ങളുടെ മകൻ മൈനറാണെന്നും അവൻ നിരപരാധിയാണെന്നും വീട്ടുകാർ പലവട്ടം പറഞ്ഞിട്ടും പൊലീസ് ചെവിക്കൊണ്ടില്ല. കുറ്റാരോപിതർ പ്രായപൂർത്തിയായ വ്യക്തിയാണെന്നുള്ള പൊലീസിന്റെ വാദത്തിന് പുറത്ത് കോടതി ആളെ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലേക്ക് റിമാൻഡിൽ വിട്ടു. ജാമ്യം കിട്ടാതെ വിചാരണത്തീയതികൾ പലതും കടന്നുപോയി. 

ഒടുവിൽ കഴിഞ്ഞാഴ്ച ഇന്ത്യൻ എക്സ്പ്രസ് ദിനപത്രമാണ്, കഴിഞ്ഞ അഞ്ചു മാസത്തോളമായി പ്രായപൂർത്തിയാകാത്ത ഈ കുട്ടി ജയിലിൽ കിടക്കുകയാണ് എന്ന വസ്തുത പുറം ലോകത്തെ അറിയിച്ചത്.  തുടർന്നാണ് വിഷയത്തിൽ ജുവനൈൽ ജസ്റ്റിസ് ബോർഡ്, കുട്ടിയുടെ സത്യവാങ്മൂലത്തെ ആധാരമാക്കി കുട്ടി മൈനർ ആണെന്ന വിവരം സ്ഥിരീകരിച്ചത്. 

"ഞാനും എന്റെ മകനും അവന്റെ അമ്മയുമൊക്കെ അനുഭവിച്ചത് അഞ്ചുമാസം നീണ്ടുനിന്ന ഒരു ദുഃസ്വപ്നം പോലെയാണ് ഇപ്പോൾ തോന്നുന്നത്. എന്തായാലും, ഒടുവിൽ ഇതാ എന്റെ മകൻ ഞങ്ങളുടെ വീട്ടിലേക്ക് തിരിച്ചു വരുന്നു. ഞാൻ ഒരു വിവരാവകാശ പ്രവർത്തകനായിരുന്നതും, എന്റെ ചോദ്യങ്ങൾ അധികാരസ്ഥാനങ്ങളിൽ ഇരുന്ന പലർക്കും രസിക്കാതിരുന്നതും ഒക്കെയാണ് എന്റെ മകൻ ഇങ്ങനെ ഉപദ്രവിക്കപ്പെടാനുള്ള കാരണം. MNREGA ജോബ് കാർഡുകളിലും, പൊതുമേഖലയിലെ സ്ഥലം വാങ്ങലുകളിലും ഒക്കെ നടന്ന അഴിമതികൾ പുറത്തുകൊണ്ടുവരാൻ വേണ്ടി ഞാൻ കഴിഞ്ഞ പത്തുവർഷത്തോളമായി ഇന്ത്യയിലെ ഏതൊരു പൗരന്റെയും മൗലികാവകാശമായ RTI പ്രയോജനപ്പെടുത്തി വന്നിരുന്നു. അത് ആരുടെയൊക്കെയോ തട്ടിപ്പുകൾക്ക് തടസ്സമായതാണ് അവർ എന്റെ മകനെ കള്ളക്കേസിൽ കുടുക്കാൻ കാരണം. അവൻ പോയത് അവന്റെ പത്താം തരത്തിലെ പരീക്ഷ എഴുതാനാണ്. സ്‌കൂളിൽ നിന്നാണ് അവൻ തിരികെ വന്നതെന്നതിന് സ്‌കൂളധികൃതർ സാക്ഷിയാണ്. സ്‌കൂൾ ബാഗുമായി പരീക്ഷയെഴുതാൻ പോയ അവന്റെ കയ്യിൽ നിന്നാണ് പൊലീസ് പിസ്റ്റൾ കണ്ടെടുത്തു എന്ന് പറയുന്നത്. മനഃപൂർവം കുടുക്കിയതാണ് അവരെന്റെ കുട്ടിയെ... " എന്ന്  കുട്ടിയുടെ അച്ഛൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ഈ പൊലീസ് കേസിന്റെ പേരിൽ കുട്ടിയുടെ ഒരു അക്കാദമിക് ഇയർ നഷ്ടമായി. എഴുതിയ പരീക്ഷകളിൽ എല്ലാം കൂടി അവന് 83 ശതമാനം മാർക്കുണ്ട്. അവസാനത്തെ പരീക്ഷ പൊലീസ് കസ്റ്റഡിയിൽ ആയതിനാൽ എഴുതാനായില്ല അവന്. എന്തായാലും, പ്രായപൂർത്തിയാകാത്ത ഈ സ്‌കൂൾ വിദ്യാർത്ഥിയെ അവന്റെ പത്താം ക്‌ളാസ് പരീക്ഷകളിൽ ഒരെണ്ണം ബാക്കി നിൽക്കെ അറസ്റ്റ് ചെയ്യാനിടയായ അടിയന്തരസാഹചര്യം എന്തായിരുന്നു എന്നും, അവന് പ്രായപൂർത്തിയായെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചത് ആരൊക്കെ ചേർന്നാണെന്നും വിശദമായിത്തന്നെ അന്വേഷിക്കാൻ ബക്സർ എസ്പി ഉപേന്ദ്രനാഥ് വർമ്മ ഉത്തരവിട്ടിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios