മ്യാൻമറിന്‍റെ അതിർത്തിയിൽ നാഗാലാൻഡിന്‍റെ വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന മോൺ ജില്ലയിലാണ് കൊന്യാക് നാഗർ എന്ന ഗോത്രവർഗ്ഗം താമസിക്കുന്നത്. പ്രാകൃതമായ അനവധി ആചാരങ്ങൾ അവരുടെ ഇടയിൽ നിലനിന്നിരുന്നു. ഒരുകാലത്ത് മുഖത്തു പ്രത്യേകരീതിയിൽ പച്ചകുത്തിയിരുന്ന അവർക്കിടയിൽ 'ഹെഡ് ഹണ്ടിംഗ്' എന്ന ഭയപ്പെടുത്തുന്ന ഒരാചാരം ഉടലെടുത്തിരുന്നു. ഹെഡ് ഹണ്ടിംഗ് എന്നത് എതിരാളികളായ ഗോത്രങ്ങളിലെ അംഗങ്ങളെ തലവെട്ടുന്ന പ്രാകൃതമായ രീതിയാണ്.

“ഒരു വ്യക്തിയുടെ തലയോട്ടിക്ക് വലിയ ശക്തിയുണ്ടെന്ന് കൊന്യാകുക്കാർ വിശ്വാസിക്കുന്നു. ഈ ശക്തി സമൃദ്ധിയുടെയും ഫലഭൂയിഷ്ഠിയുടെയും അടയാളമായിട്ടാണ് അവർ കണക്കാക്കുന്നത്. തലയോട്ടി ഗ്രാമത്തിനും വ്യക്തികൾക്കും വിളകൾക്കും ആഭിവൃദ്ധി സമ്മാനിക്കും എന്നവർ വിശ്വസിച്ചിരുന്നു” ഫെജിൻ കോന്യാക് 'ദി കൊന്യാക്സ്: ലിസ്റ്റ് ഓഫ് ദി ടാറ്റൂഡ് ഹെഡ് ഹണ്ടേഴ്‍സ്' എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നു.

1870 -കളിലാണ് ബ്രിട്ടീഷ് മിഷനറിമാർ ഇവിടേയ്ക്ക് വന്നത്. അതോടെ എല്ലാം മാറാൻ തുടങ്ങി. 1935 ആയപ്പോഴേക്കും ബ്രിട്ടീഷുകാർ ഹെഡ് ഹണ്ടിംഗ് നിരോധിക്കുകയും അവരുടെ പുരാതന ആചാരങ്ങളെയും പാരമ്പര്യങ്ങളെയും നിരുത്സാഹപ്പെടുത്തുകയും ചെയ്‍തു. ക്രമേണ, 1960 -കളോടെ അവരുടെ സവിശേഷമായ പച്ചകുത്തൽ രീതികളും അവസാനിച്ചു. പക്ഷേ, ഇന്നും 'മോൺ' ഇന്ത്യയിലെ ഏറ്റവും പിന്നോക്കജില്ലകളിലൊന്നായി കണക്കാക്കപ്പെടുന്നു. അടിസ്ഥാന സൗകര്യങ്ങളുടെയും, കണക്റ്റിവിറ്റിയുടെയും അഭാവം ഈ ജില്ലയെ പുറകോട്ടുവലിക്കുന്നു. ഇവിടെ സാക്ഷരതാ 60 ശതമാനത്തിൽ താഴെ മാത്രമാണ്.

ഈ ഗോത്രവിഭാഗത്തെ കുറിച്ച് പുറത്ത് പരക്കുന്ന വാര്‍ത്തകള്‍ പലതാണെങ്കിലും അവരുടെ മാഹാത്മ്യവും പ്രകൃതിയോടുള്ള അളവറ്റ ആദരവുമറിയണമെങ്കില്‍ അവരോട് അടുത്തിടപഴകണം. അവരുടേതായ ആഘോഷങ്ങളിലും മറ്റും പങ്കെടുക്കുകയും വേണം. അങ്ങനെ കഴിഞ്ഞ ഒരു വർഷമായി മോൺ ജില്ലയിൽ താമസിക്കുന്ന സബ് ഡിവിഷണൽ പൊലീസ് ഓഫീസർ വൃന്ദ ശുക്ലയ്ക്ക് കൊയാക് നാഗന്മാരെക്കുറിച്ച് പറയാനുള്ളത് തികച്ചും വ്യത്യസ്‍തമായ ഒരു കഥയാണ്.  കൊയ്ത്ത് പൂർത്തിയായതിന് ശേഷം ആഘോഷിക്കുന്ന അവരുടെ ഒരു പ്രധാന ഉത്സവമായ 'ലാവോ-ഓങ് മോ' യിൽ പങ്കെടുത്തത് വൃന്ദക്ക് ഒരു പുതിയ അനുഭവമായിരുന്നു. അവരെ കുറിച്ചുള്ള വൃന്ദയുടെ കാഴ്‍ച്ചപ്പാട് മാറ്റിമറിച്ചതും ഈ ഉത്സവം തന്നെ.

കൊന്യാക് നാഗന്മാരെ സംബന്ധിച്ചിടത്തോളം, ഏപ്രിൽ ആദ്യ വാരത്തിൽ  നെൽകതിർ നടുന്ന ഉത്സവമാണ് അയോലിംഗ് (അലിയാങ് മോന്യു). വസന്തത്തിന്‍റെ  വരവിനെ കുറിക്കുന്നതാണ് ഇത്. വരാനിരിക്കുന്ന വിളവെടുപ്പിന്‍റെ നല്ല ഫലത്തിനായി ആളുകളെല്ലാം പ്രാര്‍ത്ഥിക്കുകയാണ് അപ്പോള്‍ ചെയ്യുക. വിളവെടുപ്പ് പൂർത്തിയായത്തിന് ശേഷമാണ് ‘ലാവോ-ഓങ് മോ’ ആഘോഷിക്കുന്നത്.

“ഓരോ കുടുംബവും അവരുടേതായ രീതിയിലാണ് ഇത് ആഘോഷിക്കുന്നത്. പക്ഷേ, ഞാൻ പങ്കെടുത്ത ഉത്സവം ജില്ലാ ആസ്ഥാനത്ത് വനിതാ യൂണിയനും കൊന്യാക് സ്റ്റുഡന്റ്സ് യൂണിയനും ചേർന്ന് നടത്തിയതാണ്” വൃന്ദ പറയുന്നു. "ഈ പ്രത്യേക വിരുന്നിൽ, ഞാൻ മുമ്പ് കണ്ടിട്ടില്ലാത്ത കാര്യങ്ങൾ കാണാനും ആസ്വദിക്കാനും കഴിഞ്ഞു. അരി തന്നെ കുറഞ്ഞത് പത്ത് വ്യത്യസ്‍ത ഇനങ്ങളുണ്ടായിരുന്നു. അവയെല്ലാം നിറത്തിലും ഘടനയിലും വ്യത്യസ്‍തമായിരുന്നു. അതുപോലെ, ചുവപ്പ്, മഞ്ഞ, പച്ച എന്നീ നിറങ്ങളിലുള്ള പലതരം ധാന്യങ്ങളും അവിടെ കാണാൻ സാധിച്ചു ” അവര്‍ കൂട്ടിച്ചേർത്തു. അവിടം ചേനകൾക്ക് വളരെ പ്രസിദ്ധമാണ്. വൃന്ദയുടെ അഭിപ്രായത്തിൽ നാഗാലാൻഡിലെ ഏറ്റവും മികച്ച ചേന അവിടെ നിന്നാണ് ഉത്പാദിപ്പിക്കപ്പെടുന്നത്.

ഉത്സവത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകതയായി വൃന്ദ പറയുന്നത് അത് 100 ശതമാനം ജൈവാധിഷ്ഠിതമായിരുന്നു എന്നതാണ്. അലങ്കാരങ്ങൾ പോലും 100 ശതമാനം പ്ലാസ്റ്റിക് വിമുക്തമായിരുന്നു. മുളയും മറ്റു പ്രകൃതി സൗഹൃദ വസ്തുക്കളും ഉപയോഗിച്ചാണവർ പന്തലുകൾ അലങ്കരിച്ചത്. "ഞങ്ങൾ അവിടെ കൈകൊണ്ടാണ് ഭക്ഷണം കഴിച്ചത്, അതിനാൽ സ്‌പൂണും കത്തിയും ഒന്നും ആവശ്യം വന്നില്ല. മുളകൊണ്ട് നിർമ്മിച്ച പ്ലേറ്റുകളാണ് കഴിക്കാനായി അവർ നൽകിയത്. പ്ലേറ്റുകൾ പൊതിയാനായി പുതിയ ഇലകളും അവർ ഉപയോഗിച്ചു" വൃന്ദ പറയുന്നു.

അതിനുശേഷം മുളകൊണ്ട് നിർമ്മിച്ച ചവറ്റുകുട്ടയിൽ ഈ പൊതിഞ്ഞ മുള പ്ലെയ്റ്റുകൾ നിക്ഷേപിച്ചു. "ഇങ്ങനെ ശേഖരിച്ച പ്ലെയ്റ്റുകൾ അവർ കഴുകി വീണ്ടും ഉപയോഗിക്കുന്നു” വൃന്ദ ഓർക്കുന്നു. കൈകൾ കഴുകുന്നതിനായി മുളകൊണ്ടു തീർത്ത പൈപ്പുകളാണ്  അവർ ഉപയോഗിച്ചത്. അവരുടെ പ്രകൃതിയോടുള്ള പ്രതിബദ്ധത കണ്ടപ്പോൾ യഥാർത്ഥത്തിൽ ‘പിന്നോക്കാവസ്ഥ’ യിൽ നിൽക്കുന്നു എന്ന് പറയുന്ന അവരുടെ അടുത്ത് നിന്ന് നമുക്ക് ഒത്തിരി പഠിക്കാനില്ലേ എന്ന് ചിന്തിച്ചു പോയതായും വൃന്ദ പറയുന്നുണ്ട്. 

കേട്ടറിഞ്ഞതിലൂടെ നാം മെനഞ്ഞെടുക്കുന്ന കഥകളെല്ലാം സത്യമായിരിക്കില്ലെന്നും ഒരുപാട് വലിയ കാര്യങ്ങള്‍ അറിയാനിനിയും ബാക്കിയുണ്ടാകുമെന്നും കൂടിയാണ് വൃന്ദയുടെ അനുഭവം പറയുന്നത്.