എല്ലാ ശൈത്യകാലത്തും ആയിരക്കണക്കിന് ദേശാടന പക്ഷികളാണ് ചെന്നൈയിലെ വണ്ടലൂർ മൃഗശാലയ്ക്കുള്ളിലെ ഒട്ടേരി തടാകത്തിൽ വരാറുള്ളത്. അവയുടെ വരവോടെ തടാകം വർണ്ണാഭമാകും. അവയുടെ കലമ്പലുകൾ തടാകക്കരയെ ശബ്‌ദമുഖരിതമാക്കുകയും ചെയ്‍തിരുന്നു.

പക്ഷേ, കഴിഞ്ഞ കുറച്ചു വർഷങ്ങളായി അവിടെ വരുന്ന പക്ഷികളുടെ എണ്ണത്തിൽ കുറവുണ്ടാകാൻ തുടങ്ങി. 2016 -ൽ വർദ ചുഴലിക്കാറ്റിൽ ഒട്ടേരി തടാകം ഭാഗികമായി തകർന്നിരുന്നു. പിന്നീടുണ്ടായ വേനൽക്കാലത്തെ കടുത്ത വരൾച്ചയിൽ ഈ വലിയ തടാകം ഭാഗികമായി വറ്റിപ്പോയി. 2018 -ൽ  രണ്ടാമതും വരൾച്ച വന്നപ്പോൾ അത് പൂർണ്ണമായും വറ്റി. 18 ഏക്കറിൽ പരന്നുകിടക്കുന്ന ഒട്ടേരി തടാകം അങ്ങനെ തരിശുനിലമായി മാറി. ഒരിക്കൽ പക്ഷികളുടെ സംഗീതത്താൽ മനോഹരമായ ആ തടാകത്തിൽ പിന്നെ പക്ഷികളൊന്നും വരാതായി.


 
പക്ഷേ, ഇച്ഛാശക്തിയുള്ളിടത്ത് എല്ലായ്പ്പോഴും ഒരു വഴിയുണ്ട് എന്ന് വണ്ടലൂർ മൃഗശാലയുടെ ഡെപ്യൂട്ടി ഡയറക്ടർ ഐ.എഫ്.എസ് ഉദ്യോഗസ്ഥ സുധാ രാമൻ തെളിയിക്കുന്നു. 2019 ഫെബ്രുവരിയിൽ ഡയറക്ടർ യോഗേഷ് സിങ്ങിന്‍റെ മാർഗനിർദേശപ്രകാരം ഒട്ടേരി തടാകത്തെ പുനരുജ്ജീവിപ്പിക്കാൻ സുധ തീരുമാനിക്കുകയായിരുന്നു. എട്ട് മാസങ്ങൾക്ക് ശേഷം, 2019 ഒക്ടോബറിൽ തടാകം വെള്ളത്താൽ നിറഞ്ഞു.

 

“ആദ്യത്തെ ജോലി ഡ്രെയിനേജ് ചാലുകളിൽ നിറഞ്ഞ മണ്ണ് നീക്കം ചെയ്യുക എന്നതായിരുന്നു. ഇങ്ങനെ നീക്കം ചെയ്യുന്ന മണ്ണിൽ പെട്ടെന്നു വളരുന്ന ചെടികൾ നട്ടുപിടിപ്പിച്ചു. അങ്ങനെ പക്ഷികളെ ആകർഷിക്കുന്ന അതിവേഗം വളരുന്ന സസ്യങ്ങളെ ഞങ്ങൾ വളർത്തി. ” സുധ പറഞ്ഞു. മഴക്കാലത്ത് വെള്ളം ഭൂമിക്കടിയിൽ ഇറങ്ങാനായി ജാമുൻ, ഫിക്കസ് തുടങ്ങിയ മരങ്ങൾ ഈ കുന്നുകളിൽ ധാരാളം നട്ടുപിടിപ്പിച്ചു. മിക്കവാറും എല്ലാ കുന്നുകളും മഴവെള്ളത്തിൽ മുങ്ങി, സസ്യങ്ങൾ അവിടെ തഴച്ചു വളർന്നു. പതുക്കെ തടാകത്തിന്‍റെ സംഭരണശേഷി വർദ്ധിച്ചു. തടാകം വരണ്ടുപോകാതിരിക്കാൻ പ്രദേശത്ത് ബണ്ടുകൾ  ഉയർത്തിയിട്ടുണ്ട്. പ്രദേശത്തെ ഭൂഗർഭജല പട്ടിക നിലനിർത്തുന്നതിനായി നിരവധി കുളങ്ങളും മഴവെള്ള സംഭരണ യൂണിറ്റുകളും മൃഗശാലയിലുടനീളം കുഴിച്ചിട്ടുണ്ട്. മൃഗശാലയിലെ ജലപ്രതിസന്ധി പരിഹരിച്ചത് ഈ കുളങ്ങളാണ്. 

 

ഡിസംബറിൽ ആരംഭിച്ച ഒട്ടേരി തടാകത്തിന്‍റെ പുനരുജ്ജീവന പ്രവർത്തനങ്ങൾ ഇതിനകം നേട്ടങ്ങൾ കണ്ടുതുടങ്ങി. “സീസണിന്‍റെ ആരംഭം ആയപ്പോഴേക്കും മുന്നൂറോളം ദേശാടനപ്പക്ഷികളാണ് തടാകത്തിന് ചുറ്റും കൂടുണ്ടാക്കിയിട്ടുള്ളത്. "കൂടുതൽ ‘വിദേശ’ അതിഥികൾ ഉടൻ പറന്നുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു!” സുധാ രാമൻ പുഞ്ചിരിയോടെ പറഞ്ഞു. ഇതിനായി ചുറ്റുമുള്ള വൃക്ഷങ്ങളുടെ മുകളിൽ അവരുടെ സംഘം നിരവധി പക്ഷിക്കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. തടാകത്തിലും പരിസരത്തും ധാരാളം ചിത്രശലഭങ്ങളെയും കണ്ടുതുടങ്ങിയിരിക്കുന്നു.  

ഒരു വർഷത്തിനുള്ളിൽ ഒട്ടേരി പോലെ വലിപ്പമുള്ള ഒരു തടാകത്തിനെ പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞത്  ഇന്ത്യയിലുടനീളം മരിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് തടാകങ്ങളെയും നദികളെയും ജലാശയങ്ങളെയും പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാൻ സാധിക്കും എന്നതിന്‍റെ തെളിവാണ്. ഇത്തരം ശ്രമങ്ങൾ രാജ്യമെമ്പാടും ആസൂത്രിതമായി ആവർത്തിക്കണമെന്ന് ഈ അസാധാരണ പദ്ധതിയുടെ ചുക്കാൻ പിടിച്ച ഓഫീസർ സുധാ രാമൻ ആഗ്രഹിക്കുന്നു.