ഓസ്ട്രേലിയയിലെ പക്ഷികള്‍  ചൂടുകൊണ്ടും, ഭക്ഷണ ദൗര്‍ലഭ്യം കൊണ്ടും ആകാശത്തുനിന്ന് ചത്തുവീഴുന്നു. കുറച്ച് ദിവസങ്ങളായി ഓസ്‌ട്രേലിയയില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇത് അവിടത്തെ എല്ലാ ജീവജാലങ്ങളെയും ബാധിക്കുന്നു. ചിലര്‍ എയര്‍കണ്ടീഷണര്‍ ഉള്ള മുറികളില്‍ നിന്ന് പുറത്തുപോകാന്‍ തയ്യാറാകുന്നില്ല. നീന്തല്‍ കുളങ്ങളിലോ, കടല്‍ തീരത്തോ സമയം ചിലവഴിച്ച് ചൂടിന്റെ തീവ്രത കുറക്കാന്‍ ശ്രമിക്കുന്നു മറ്റുചിലര്‍. എന്നാല്‍ അവിടത്തെ മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും ആ കൊടും ചൂടില്‍ കഷ്ടപ്പെടുകയാണ്. 50 സി ഡിഗ്രി മെര്‍ക്കുറിയില്‍ വെന്തുരുകുന്ന അവക്ക്  മനുഷ്യരെപ്പോലുള്ള തണുപ്പിക്കാന്‍ മാര്‍ഗ്ഗങ്ങളിലല്ലോ.
 
ഒരു കര്‍ഷകന്‍ തത്തകള്‍ ചത്തുകിടക്കുന്ന ഭയാനകമായ ഫോട്ടോകളാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. കോക്കറ്റൂകള്‍ എന്ന ഇനത്തില്‍പ്പെട്ട തത്തകളാണ് മരിച്ചുവീണത്. മരത്തില്‍ നിന്ന് ഇവ താഴെ വീണുകിടക്കുന്നതായി ചിത്രത്തില്‍ കാണാം. 'ഈ പക്ഷികളെ  കൊല്ലാന്‍ മാത്രം തീക്ഷ്ണമായിരുന്നു അന്നത്തെ ചൂട്,'' അദ്ദേഹം എഴുതി.

കടുത്ത ചൂടില്‍ പക്ഷികള്‍ മരിക്കുന്നത് അവിടെ സാധാരണമാണ്, പ്രതേകിച്ച് താപനില 42 ഡിഗ്രി കവിയുന്ന സാഹചര്യത്തില്‍.  കാരണം താപനില 42 കവിയുമ്പോള്‍ മൃഗങ്ങള്‍ക്ക് അവയുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താന്‍ കഴിയില്ല. ഇത് പക്ഷികളും മറ്റും ചത്തുവീഴാന്‍ കാരണമാകുന്നു.

ചൂടിനെ നേരിടാന്‍ ബുദ്ധിമുട്ടുന്ന പക്ഷികളെ രക്ഷിക്കുകയാണ് നേറ്റീവ് വൈല്‍ഡ്ലൈഫ് റെസ്‌ക്യൂ എന്ന ടീം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഇവര്‍ നൂറുകണക്കിന് പറക്കുന്ന വവ്വാലുകളെയാണ് രക്ഷിച്ചത്. ഫോക്‌സ് എന്ന  ഇനത്തില്‍ പെട്ട വവ്വാലുകളെയാണ് രക്ഷിച്ചത്.  'ഇന്നലത്തെ റെക്കോര്‍ഡ് ചൂടും, വളരെ പരിമിതമായ ഭക്ഷണ വിതരണവും ഈ പറവകളെ വല്ലാതെ വലച്ചു. ഞങ്ങള്‍ ഇന്ന് അവയുടെ ഏകദേശം നൂറില്‍പരം കുഞ്ഞുങ്ങളെയാണ് രക്ഷിച്ചത്', ടീം ഫേസ്ബുക്കില്‍ എഴുതി.

ഓസ്ട്രേലിയയിലുടനീളം ജീവജാലങ്ങളുടെ  അവസ്ഥ സങ്കല്‍പ്പിക്കാനാവാത്തതാണ്. ചൂട് കാരണം കുറെ ജീവിവര്‍ഗ്ഗങ്ങള്‍ മരിക്കുമ്പോള്‍, മറ്റ് മൃഗങ്ങള്‍ കാട്ടുതീ മൂലം മരിക്കുകയാണ്.